'കാണിച്ചത് വലിയ അബദ്ധം, ഇറാൻ ഇതിന് വിലകൊടുക്കേണ്ടി വരും, തിരിച്ചടിക്കും'; ഇസ്രായേൽ
മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ മുന്നറിയിപ്പുമായി ഇസ്രായേൽ. ഇറാൻ കാണിച്ചത് വലിയ അബദ്ധമായി പോയെന്നും ഇതിനെതിരെ അതിശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ലെബനനിൽ ഇസ്രായേൽ കര ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. 400 ഓളം മിസൈലുകൾ ആണ് ഇസ്രായേൽ മണ്ണിൽ പതിച്ചത്. ആക്രമണത്തിൽ ഒരു പലസ്തീനി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം.
'ഇറാൻ കാണിച്ചത് വലിയ അബദ്ധം, ഇതിന് ഇവർ വിലകൊടുക്കേണ്ടി വരും. ആരാണോ ഞങ്ങളെ ആക്രമിക്കുന്നത് അവരെ ഞങ്ങൾ ആക്രമിച്ചിരിക്കും. ഗസയും ലെബനനും നേരിട്ടത് പോലെ വളരെ വേദനനിറഞ്ഞൊരു പാഠം ഇറാനും പഠിക്കേണ്ടി വരും. പ്രതിരോധിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ടയത്തെ കുറിച്ച് ഇറാന് മനസിലാകില്ല,അതുപോലെ തന്നെ ശത്രുക്കളെ വകവരുത്തുന്നതിൽ ഞങ്ങൾ കാണിക്കുന്ന ദൃഢനിശ്ചയവും അവർക്ക് അറിയില്ല', നെതന്യാഹു വ്യക്തമാക്കി. ഇറാൻ മിസൈൽ ആക്രമണം പരാജയമായിരുന്നുവെന്നും നെതന്യാഹു അവകാശപ്പെട്ടു. മൈസലുകൾ പലതും തകർത്തതായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു.

എന്നാൽ 90 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടതായി ഇറാൻ വ്യക്തമാക്കി. 170 ഓളം ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളുമാണ് ഇറാൻ തൊടുത്തത്. ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയുടെ കൊലയ്ക്കുള്ള തിരിച്ചടിയാണിതെന്നും ഇറാൻ പ്രതികരിച്ചു. അന്തരാഷ്ട്ര നിയന്ത്രണങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്ക് ഉണ്ടെന്നും ഇറാൻ പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് എന്തെങ്കിലും നാശം വരുത്തിയാൽ ഇസ്രായേലിനെ പൂർണമായും തകർത്ത് കളയുമെനന് ഇറാന്റെ ആംഡ് ഫോഴ്സ് തലവൻ ജനറൽ മുഹമ്മദ് ബാഗേരി പറഞ്ഞു. ഇപ്പോഴത്തേതിൽ നിന്നും ഇരട്ടി വീര്യത്തോടെ പ്രതികരിക്കാനും പ്രതിരോധിക്കാനും റെവല്യൂഷണറി ഗാർഡ് തയ്യാറെടുക്കുകയായണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെതിരെ അതിവേഗത്തിലായിരുന്നു ഇറാന്റെ വ്യോമാക്രമണം ഉണ്ടായത്. ഇനിയും ആക്രമണം നടത്തുമെന്നാണ് ഇറാനും വ്യക്തമാക്കുന്നത്. ഇതോടെ പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക ശക്തമാണ്. അതിനിടെ തങ്ങളുടെ പൂർണ പിന്തുണ ഇസ്രായേലിന് ഉണ്ടെന്ന് യുഎസ് വ്യക്തമാക്കി. തങ്ങൾ ഇസ്രായേലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തുടർനടപടികളെ കുറിച്ച് ചർച്ച നടത്തുകയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എന്ത് തരം പ്രതികരണമാണ് ഇറാൻ നേരിടാനിരിക്കുന്നതാണ് കാത്തിരിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നതായി യുഎസ് ഇന്നലെയോടെ മുന്നറിയിപ്പ് നൽകിയിരുന്നു. ബാലസ്റ്റിക് മിസൈൽ ആക്രമണത്തിനായി ഇറാൻ തയ്യാറെടുക്കുന്നതെന്നും പ്രതിരോധിക്കാൻ ഇസ്രായേലിന് പിന്തുണ നൽകുകയാണെന്നുമായിരുന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ഇസ്രായേലിലെ മൂന്ന് മിലിറ്ററി ബേസുകളാണ് ഇറാൻ ലക്ഷ്യം വെച്ചതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇസ്രായേൽ ഏത് രീതിയിലായിരിക്കും തിരിച്ചടിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇറാന്റെ ആണവ സംവിധാനങ്ങൾ ഇസ്രായേൽ ലക്ഷ്യം വെക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ യുഎൻ പ്രത്യേക യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.












Click it and Unblock the Notifications