വലത്തോട്ട് ചാഞ്ഞ ഇറ്റലി; കടുപ്പംകൂട്ടി മെലോനി... ട്രംപ് കൂടി എത്തുന്നതോടെ നട്ടംതിരിയുമോ ലോകം
യുദ്ധവെറിയും ഭരണകൂടങ്ങളുടെ പതനവും സാധാരണ മനുഷ്യരുടെ ദയനീയാവസ്ഥയും ലക്ഷക്കണക്കിന് പേരുടെ പലായനവും കണ്ട 2024. സമ്മർദങ്ങളുടെയും അടിച്ചമർത്തലുകളുടെയും വർഷത്തിൽ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ വ്യക്തിയായി പ്രശസ്തമായ പൊളിറ്റിക്കോ കണ്ടെത്തിയത് ഒരു വനിതയെ. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി. മുഖത്ത് നോക്കി കാര്യം പറയുന്ന, ലോകരാഷ്ട്രീയത്തിലെ വല്യേട്ടൻമാരുടെ താളത്തിനൊത്ത് തുള്ളാത്ത ഭരണാധികാരിയെന്നാണ് പൊളിറ്റിക്കോയുടെ വിലയിരുത്തൽ. .
പ്രായോഗിക സമീപനം കൊണ്ടും നിലപാടുകൾ കൊണ്ടും തീവ്രവലതുപക്ഷപശ്ചാത്തലത്തിന്റെ പേരിൽ സംശയത്തോടെ നോക്കിയ വിമർശകരെ കൊണ്ടും പ്രശംസാവാചകങ്ങൾ പറയിക്കാൻ കഴിഞ്ഞു മെലോനിക്ക്. കുടിയേറ്റം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം തുടങ്ങിയ വിഷയങ്ങളിൽ മെലോനിയുടെ സമീപനത്തെ കുറിച്ച് ആശങ്കയോടെയാണ് പല രാജ്യങ്ങളും സംഘടനകളും കണ്ടത്. അതിൽ വലിയ ഞെട്ടിക്കുന്ന നയംമാറ്റമൊന്നും കൊണ്ടുവന്നില്ലെങ്കിലും ഉക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്ക് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധങ്ങളേർപ്പെടുത്തണമെന്ന് ഏറ്റവും ശക്തമായി മെലോനി വാദിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

അവിടം മുതലാണ് മെലോനിയുടെ പ്രതിഛായ മാറാൻ തുടങ്ങിയത്. ഇലോൺ മസ്ക് ഉൾപെടെ വലിയൊരു വിഭാഗം മെലോനിയുടെ ആരാധകരായത്. നിന്ന നിൽപിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന രാഷ്ട്രീയ സൗഹൃദങ്ങളും അഴിമതിക്കഥകളും നിറഞ്ഞ ഇറ്റലിയുടെ രാഷ്ട്രീയ രംഗത്ത് സമീപകാലത്ത് കണ്ട സ്ഥിരതയാർന്ന ഭരണത്തിന്റെ സാരഥിക്ക് ഇപ്പോഴിതാ പൊളിറ്റിക്കോയുടെ അംഗീകാരവും.
ചരിത്രം, സംസ്കാരം, സാഹിത്യം , കല, സംഗീതം, ഫുട്ബോൾ, ഭക്ഷണം, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ സമ്പന്നമായ നാടിന് ആദ്യമായി വന്ന പെൺകാവലാൾ ആയിരുന്നു മെലോനി. ഇറ്റലിക്ക് മാറുന്ന മുഖം എന്ന ആഗ്രഹം മെലോനി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പങ്കുവെക്കുമ്പോൾ മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ആശങ്കയായിരുന്നു. ഒന്നാമത് യൂറോപ്യൻ യൂണിയൻ എന്ന കൂട്ടാ്യമയോട് വിയോജിപ്പ്, അതിർത്തികളെല്ലാം അടച്ചിട്ട് കുടിയേറ്റം നിയന്ത്രിച്ചാലെന്താ എന്ന മട്ട്, LGBTQ സമൂഹത്തോട് കടുത്ത എതിർപ്പ്, ലിംഗപരമായ ആശയസംവാദങ്ങളോടുള്ള താത്പര്യമില്ലായ്മ... ഈ നിലപാടുകൾക്ക് പുറമെ മുസ്സോളിനിക്ക് ശേഷം എത്തുന്ന ഫാഷിസ്റ്റ് നേതൃത്വം എന്ന തലക്കെട്ട് കൂടിയാകുമ്പോൾ പൂർത്തിയായി. മെലോനിയെ സംശയദൃഷ്ടിയോടെയല്ലേ നോക്കാൻ പറ്റൂ എന്നായി വിമർശകരുടെ ചോദ്യം. സഖ്യനേതാക്കളായ ബെർലുസ്കോണിയുടേയും മാറ്റിയോ സാൽവീനിയുടേയും പോലെ റഷ്യക്കൊപ്പമല്ല താനെന്ന് മെലോനി പറഞ്ഞത് വെറുതെയല്ലെന്ന് ഭരണത്തിലേറിയപ്പോൾ തെളിഞ്ഞു. അപ്പോൾ മുതലാണ് രാഷ്ട്രീയ വിമർശകർ പതുക്കെ മെലോനിയിലേക്ക് ശ്രദ്ധ തിരിച്ചത്.
ഈ ലോകത്തെ ജീവിതം ഒരു കൊല്ലം മാത്രം പിന്നിടുമ്പോൾ ഉപേക്ഷിച്ച് പോയ അച്ഛൻ ഫ്രാൻസെസ്കോയുടെ ഇടത് നിലപാടിൽ നിന്ന് മെലോനി മാറിനടന്നത് സ്വാഭാവിക പ്രതികരണമായിരുന്നു. അമ്മ അന്നയുടേത് വലതുപക്ഷ നിലപാടായിരുന്നു എന്നത് അതിനൊരു പിൻബലമായെന്ന് മാത്രം. പതിനഞ്ചാം വയസ്സിൽ MSIയുടെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൽ ചേർന്നു. MSI നേതാവായ മാർക്കോ മാർസിലിയോ ആണ് രാഷ്ട്രീയഗുരു. രാഷ്ട്രീയ പ്രവർത്തനരംഗത്ത് മെല്ലെ മെല്ലെ ചുവടുകൾ വെച്ച് 2008ൽ സിൽവിയോ ബെർലുസ്കോണിയുടെ മന്ത്രിസഭയിലേക്ക് നടന്നു കയറിയ മെലോനി ഇറ്റലിയിൽ മന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി.
നാല് കൊല്ലത്തിനിപ്പുറം സ്വന്തം പാർട്ടിയുണ്ടാക്കി. ബ്രദേഴ്സ് ഓഫ് ഇറ്റലി. മുസ്സോളിനിയുടെ ഫാഷിസ്റ്റ് ആശയങ്ങളുടെ ശേഷിപ്പുകൾ കൊണ്ടാണ് അടിസ്ഥാന ഘടനയുണ്ടാക്കിയത്, തീവ്ര വലതുപാർട്ടികളുടെ ചിഹ്നമായ ത്രിവർണജ്വാല പേറിയ മെലോനി പക്ഷേ, സ്വയം പരിചയപ്പെടുത്തിയിരുന്നത് സ്ത്രീയായും അമ്മയായും ഇറ്റലിക്കാരിയായുമാണ്. മറ്റ് വീടുകളിൽ കുട്ടികളെ നോക്കിയും നൈറ്റ് ക്ലബ്ബുകളിൽ മദ്യം വിളമ്പിയും മാധ്യമപ്രവർത്തകയായും ജോലി ചെയ്തിട്ടുള്ള മെലോനിയുടെ ആ വാക്കുകൾ സാമാന്യ ഇറ്റലിക്കാർക്ക് നന്നേ ബോധിച്ചു. അങ്ങനെയാണ് മെലോനി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഒരു ഭരണകൂടം ഇറ്റലിയിൽ അധികാരത്തിലേക്ക് എത്തിയത്.
കുടിയേറ്റം നിയന്ത്രിക്കുന്നതിൽ മെലോനി സ്വീകരിച്ചിരിക്കുന്നത് കടുംനിലപാടുകളാണ്. ടൂണിഷ്യയും ഈജിപ്തുമടക്കമുള്ള രാജ്യങ്ങളുമായി കുടിയേറ്റ നിയന്ത്രണത്തിന് ഏർപെട്ടിരിക്കുന്ന കരാറുകൾ വിവാദമാണ്. ബോട്ടുകൾ പിടിച്ചെടുത്തും തടവിലാക്കിയും തിരിച്ചയച്ചുമൊക്കെ അഭയാർത്ഥികളെ നേരിടാനുദ്ദേശിച്ചുള്ളതാണ് പ്രസ്തുത കരാറുകൾ. അഭയാർത്ഥികളുടെ അവകാശ സംരക്ഷണം പോട്ടെ, ജീവനും ജീവിതവും പോലും അപകടാവസ്ഥയിലാകുന്ന നയങ്ങളെ കുറിച്ച് സാമൂഹിക നിരീക്ഷകർക്ക് വലിയ ആശങ്കയാണുള്ളത്.
തീർന്നില്ല, സർക്കാരിനെ വിമർശിക്കുന്നവരെ ഉരുക്കുമുഷ്ടിയുപയോഗിച്ചാണ് നേരിടന്നത്. തന്നെ വിമർശിക്കുന്നത് ജഡ്ജിയാണെങ്കിലും മാധ്യമപ്രവർത്തകരാണെങ്കിലും സാധാരണ സ്കൂൾ ടീച്ചറാണെങ്കിലും ഒരേ സമീപനം. കേസും കൂട്ടവും സമ്മർദമേറ്റലുമായി കുരുക്കിയിടും. ലൈംഗിക ന്യൂനപക്ഷങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണ്. വാടക ഗർഭധാരണത്തിലൂടെയോ കൃത്രിമ ബീജസങ്കലനത്തിലൂടെയോ കുഞ്ഞുങ്ങളാകാമെന്ന് സ്വവർഗ പങ്കാളികൾക്ക് ആഗ്രഹിക്കാനേ കഴിയൂ. അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനന സർട്ടിഫിക്കറ്റുകൾ നൽകരുതെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
ഇത്തരം നടപടികളിൽ ആശങ്കയുണ്ടെങ്കിലും തത്കാലം അതൊക്കെ ആഭ്യന്തര കാര്യങ്ങളെന്ന മട്ടിലാണ് യൂറോപ്യൻ യൂണിയൻ. ഉക്രെയ്ൻ ഉൾപെടെയുള്ള പ്രധാന വിഷയങ്ങളിൽ മെലോനി ഒപ്പമുണ്ടെന്നാണ് അവരുടെ വിശ്വാസം. വിവാദ നിലപാടുകളും കാർക്കശ്യ നടപടികളുമുണ്ടെങ്കിലും ഇറ്റലിയിൽ ഭരണസ്ഥിരത കൊണ്ടുവരാനായില്ലേ എന്നും വിലയിരുത്തുന്നു. താരതമ്യേന ഭരണസ്ഥിരതയുള്ള ജർമനിയിലും ഫ്രാൻസിലുമൊക്കെ രാഷ്ട്രീയാസ്വസ്ഥതകൾ തല പൊക്കിയപ്പോഴും ഇറ്റലിയിൽ തട്ടുകേടില്ലാതെ മെലോനി മുന്നോട്ടു പോയത് ചൂണ്ടിക്കാട്ടിയാണ് ചോദ്യം. യൂറോപ്യൻ യൂണിയന്റെ മൃദുസമീപനം വെറുതെയല്ല. യൂറോപ്യൻ യൂണിയനിലെ മൂന്നാമത് വലിയ സാന്പത്തികശക്തി ആയ ഇറ്റലിയുടെ തീരുമാനങ്ങൾ യൂണിയനെ പല തരത്തിൽ ബാധിക്കും.
തീർന്നില്ല, മസ്കിന്റെ ആരാധന ഡോണൾഡ് ട്രംപിനെയും സ്വാധീനിക്കുമെന്നുള്ളതു കൊണ്ട് അമേരിക്കയുമായി യൂറോപ്പിനുള്ള ബന്ധം നിലനിർത്തുന്നതിൽ നിർണായക പങ്കാകും ഇനി മെലോനിക്കുണ്ടാവുക. ആദ്യവട്ടം പ്രസിഡന്റായിരുന്ന സമയത്ത് ട്രംപിന് യൂറോപ്പിനെ അത്ര ബോധിച്ചിരുന്നില്ല. തിരിച്ചും. അതു മാറ്റിയെടുക്കാൻ മസ്ക് നല്ലൊരു പാലമാകും. നോത്രദാം പള്ളി വീണ്ടും തുറന്നു കൊടുത്ത വേളയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ ഒരുക്കിയ വിരുന്നിൽ ട്രംപും മെലോനിയും ഏറെ നേരം ഒന്നിച്ചുണ്ടായരുന്നതിന് ഒരു തുടക്കമായി കാണുന്നു രാഷ്ട്രീയ നിരീക്ഷകർ. ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ഈ ലോകം ഇത്തിരി ശരിയാക്കാനുണ്ടെന്നാണ് ട്രംപ് പിന്നീട് പറഞ്ഞത്. മെലോനിക്ക് മേഖലയിലെ സ്വാധീനം കൂടുമെന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം.












Click it and Unblock the Notifications