ഉത്തരകൊറിയ അധികം കളിക്കണ്ട, പ്രതിരോധിക്കാന്‍ ജപ്പാന്‍ തയ്യാര്‍, പുത്തന്‍ സംവിധാനം...
ടോക്കിയോ: ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനങ്ങളുമായി ജപ്പാന്‍. ഉത്തരകൊറിയയെ പ്രതിരോധിക്കാനുള്ള പുതിയ മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റം ആണ് ജപ്പാന്‍ പുതിയതായി കൊണ്ടു വന്നിരിക്കുന്നത്. ജപ്പാന്റെ വടക്കന്‍ പ്രദേശമായ ഹൊക്കൈയ്‌ഡോയില്‍ ആണ് മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയും ജപ്പാന്റെ തലക്കു മുകളിലൂടെ ഉത്തരകൊറിയയുടെ മിസൈല്‍ പറന്നിരുന്നു. അടിയന്തിര സാഹചര്യം വന്നാല്‍ ഉത്തരകൊറിയയെ പ്രതിരോധിക്കാനാണ് ജപ്പാന്റെ ശ്രമം. ഉത്തരകൊറിയയുടെ പരീക്ഷണങ്ങളെല്ലാം തന്നെ ജപ്പാന്‍ തീരത്തേക്കാണ് നടത്തുന്നത്.

പരീക്ഷണങ്ങളെല്ലാം ജപ്പാന്‍ തീരത്ത്
ഉത്തരകൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്‍ തീരത്തേക്കാണ് നടത്തിയത്. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. അതിനും പിന്നാലെയായിരുന്നു ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം

പ്രതിരോധം
ജപ്പാന്‍കാര്‍ ആശങ്കയിലാണ്. പക്ഷേ പേടിച്ചു പിന്‍മാറാന്‍ തയ്യാറുമല്ല. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളെല്ലാം ജപ്പാന്റെ നെഞ്ചത്താണ്. അവസാനമില്ലെന്നു കണ്ടതോടെ പ്രതിരോധിക്കാന്‍ തന്നെയാണ് ജപ്പാന്‍കാരുടെ തീരുമാനം. മിസൈല്‍ ആക്രമണങ്ങളുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ജാപ്പനീസ് ജനത.

പരിശീലനം
ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് വടക്കന്‍ ജപ്പാനിലുള്ള ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മിസൈല്‍ ആക്രമണമുണ്ടായാല്‍ അതില്‍ നിന്നും എങ്ങനെ രക്ഷപെടാമെന്നതു സംബന്ധിച്ച പ്രാക്ടിക്കല്‍ ക്ലാസുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളോട് എയര്‍ ഡ്രില്ലില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലനത്തിന്റെ വീഡിയോ ബിബിസി പുറത്തു വിട്ടിട്ടുണ്ട്.

ഉപരോധം
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications