ഇന്ത്യക്ക് വേണ്ടെങ്കിലും സൗദി അറേബ്യയേയും യുഎഇയേയും ജപ്പാന് വേണം: എതിരാളികളില്ലാതെ ഒന്നും രണ്ടും സ്ഥാനം
പരമ്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വ്യാപാര പങ്കാളികള്‍ സൗദി അറേബ്യയും ഇറാഖുമൊക്കെ അടങ്ങുന്ന ഗള്‍ഫ് രാഷ്ട്രങ്ങളായിരുന്നു. അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നുമെല്ലാം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നെങ്കിലും അളവ് നാമമാത്രമായിരുന്നു. എന്നാല്‍ 2022 ലെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഈ സാഹചര്യം ആകെ മാറി.
പശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ വലിയ വിലക്കുറവില്‍ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ തയ്യാറായി. ഈ സാഹചര്യം മുതലെടുത്ത ഇന്ത്യന്‍ റിഫൈനറി കമ്പനികള്‍ റഷ്യയില്‍ നിന്നും വന്‍ തോതില്‍ ഓയില്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഇതോടെ ഇന്ത്യയിലെ എറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായും റഷ്യ മാറി. നിലവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ റഷ്യന്‍ വിഹിതം ശരാശരി 40 ശതമാനത്തോളണ്.

റഷ്യ പ്രധാന ഇറക്കുമതിക്കാരായി മാറിയപ്പോള്‍ സ്വാഭാവികമായും ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് പരമ്പരാഗത പങ്കാളികള്‍ക്കായിരുന്നു. സൗദി അറേബ്യയുടേയും ഇറാഖിന്റെയും വിവിഹം വലിയ തോതില്‍ കുറഞ്ഞു. നിലവില്‍ റഷ്യക്ക് പിന്നില്‍ പട്ടികയില്‍ രണ്ടാമതായി ഇറാഖും മൂന്നാമതായി സൗദി അറേബ്യയും ഉണ്ടെങ്കിലും വിഹിതം നേരത്തെയുള്ളതിനേക്കാള്‍ വളരെ അധികം കുറവാണ്. പട്ടികയില്‍ നാലാമതായി യു എ ഇയുമുണ്ട്.
ഇന്ത്യയില്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും ജപ്പാന്‍ ഉള്‍പ്പെടേയുള്ള പല രാഷ്ട്രങ്ങളും ഇപ്പോഴും തങ്ങളുടെ പ്രധാന ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി കാണുന്നത് സൗദി അറേബ്യയേയും യു എ ഇയേയുമാണ് എന്നതാണ് ശ്രദ്ധേയം. അടുത്തകാലത്തായി ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ജപ്പാന്‍ വർധിപ്പിച്ചിട്ടുമുണ്ട്.
2024 സെപ്റ്റംബറിൽ 72.87 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ജപ്പാൻ ഇറക്കുമതി ചെയ്തത്. യു എ ഇ, സൗദി അറേബ്യ എന്നിവയ്ക്ക് പുറമെ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും ജപ്പാന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നു. ജപ്പാൻ്റെ നാച്ചുറൽ റിസോഴ്‌സസ് ആൻ്റ് എനർജി ഏജൻസിയുടെ കണക്കുകൾ പ്രകാരം, ജപ്പാന് ക്രൂഡ് ഓയില്‍ ഇപ്പോഴും ഒരു നിർണായക ഊർജ്ജ സ്രോതസ്സായി തുടരുന്നു. രാജ്യത്തിന്റെ മൊത്തം ഊർജ്ജ ആവശ്യത്തിൻ്റെ ഏകദേശം മൂന്നിലൊന്നും ക്രൂഡ് ഓയില്‍ വഴിയാണ് നിറവേറ്റുന്നത്.
സെപ്റ്റംബറിൽ ജപ്പാൻ്റെ എണ്ണ ഇറക്കുമതിയിൽ യു എ ഇയും സൗദി അറേബ്യയും വലിയ രീതിയിലുള്ള ആധിപത്യമാണ് പുലർത്തിയത്. മൊത്തം ഇറക്കുമതിയുടെ 81.4 ശതമാനവും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ്. 31.33 ദശലക്ഷം ബാരലുമായി യു എ ഇ പട്ടികയില്‍ മുന്നിലെത്തിയപ്പോൾ 27.98 ദശലക്ഷം ബാരലുമായി സൗദി അറേബ്യയും തൊട്ടുപിന്നിലുണ്ട്.
അതേസമയം, അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി സെപ്റ്റംബറിൽ 3.84 ദശലക്ഷം ബാരലായി വർദ്ധിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇത് ആകെ ഇറക്കുമതിയുടെ 5.3 ശതമാനമാണ്. ഓഗസ്റ്റില്‍ ഇന്ന് 3.3% ശതമാനമായിരുന്നു.












Click it and Unblock the Notifications