ജപ്പാനിൽ 90 മിനുറ്റുകള്‍ക്കിടെയുണ്ടായത് 21 ഭൂചലനങ്ങൾ, കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസ്സി
ടോക്കിയോ: 90 മിനുറ്റുകള്‍ക്കിടെ ജപ്പാനിലുണ്ടായത് 21 തുടര്‍ ഭൂചലനങ്ങളെന്ന് ജപ്പാന്‍ മെട്രോളോജിക്കല്‍ ഏജന്‍സി. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രതയും അതിന് മുകളിലും രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ക്കാണ് ജപ്പാന്‍ സാക്ഷ്യം വഹിച്ചത്. ഇക്കൂട്ടത്തിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് പ്രാദേശിക സമയം വൈകിട്ട് 4 മണിയോടെ ഉണ്ടായത്. ഇത് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി.
ഭൂകമ്പങ്ങളെ തുടര്‍ന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇഷിക്കാവയിലെ നോടോ മേഖലയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്റര്‍ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ്. ഈ മേഖലയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പലയിടത്തും ഉയര്‍ന്ന തിരകള്‍ ആഞ്ഞടിക്കുന്നതിന്റെ വീഡിയോകള്‍ പുറത്ത് വരുന്നുണ്ട്. വാജിമ തുറമുഖത്ത് 1.2 മീറ്റര്‍ ഉയരത്തിലാണ് തിരകള്‍ ആഞ്ഞടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിലെ ഇന്ത്യന്‍ എംബസ്സി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മാത്രമല്ല സഹായം ആവശ്യമുളളവര്‍ക്ക് ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകളും ഇ മെയില്‍ ഐഡിയും ഇന്ത്യന്‍ എംബസ്സി പുറത്ത് വിട്ടിട്ടുണ്ട്. പ്രാദേശിക സമയം 4.6ന് ആണ് ആദ്യത്തെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിന് പിന്നാലെ 4.10ന് 7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ചലനം ഉണ്ടായി.
അതിന് ശേഷം 4.18ന് 6.1 തീവ്രത രേഖപ്പെടുത്തിയ ചലനവും 4.23ന് 4.5 തീവ്രത രേഖപ്പെടുത്തിയ ചലനവും 4.29ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 4.32ന് 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ജപ്പാന് ചേര്‍ന്നുളള റഷ്യന്‍ പ്രദേശത്തും ദക്ഷിണ കൊറിയയിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ഗാംഗ്വോണ്‍ പ്രവിശ്യയില്‍ ആളുകളോട് മുന്‍കരുതലുകളെടുക്കാനും ഉയര്‍ന്ന മേഖലയിലേക്ക് മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജപ്പാന് സമീപത്തുളള റഷ്യന്‍ പ്രദേശമായ സാഖ്‌ലിന്‍ ദ്വീപിലും പസഫിക് സിറ്റിയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications