കാര്‍ ഇനി ബാഗിലിട്ട് കൊണ്ടുപോകാം, ജപ്പാന്‍ കമ്പനി വാക്ക്കാറുമായി എത്തി
ടോക്കിയോ: കാര്‍ ഇനി നിങ്ങള്‍ക്ക് ബാഗിലിട്ടും കൊണ്ടുപോകാം. എന്താ വിശ്വസിക്കാന്‍ പറ്റുന്നില്ലേ.. പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ട് ഞെട്ടിപ്പിക്കുന്ന ജപ്പാന്‍ തന്നെയാണ് ഇത്തവണയും നിങ്ങളെ ഞെട്ടിക്കുന്നത്. വാക്ക്കാര്‍ എന്ന പുതിയ കണ്ടുപിടുത്തവുമായാണ് ജപ്പാനിലെ ഒരു ഓട്ടോമൊബൈല്‍ കമ്പനി എത്തിയിരിക്കുന്നത്.
ലാപ്‌ടോപിന്റെ വലുപ്പത്തിലുള്ള സ്‌കേറ്റ് ബോര്‍ഡ്. ഇതിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇതില്‍ സഞ്ചരിക്കാനാകും എന്നതാണ് പ്രധാന സവിശേഷത. ബാറ്ററി ചാര്‍ജ് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുക. ഈ കുഞ്ഞ് കാറിന് രണ്ടോ, മൂന്നോ കിലോ ഗ്രാം ഭാരമേയുള്ളൂ.

ജപ്പാനിലെ കോക്ക മോട്ടേഴ്‌സിലെ എഞ്ചിനിയര്‍മാരുടെ തലയില്‍ ഉരുത്തിരിഞ്ഞതാണ് ഈ കണ്ടുപിടുത്തം. അലൂമിനിയം തകിടിലാണ് ഈ വാക്ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാലു ചക്രങ്ങളും ഇതിനുണ്ട്. ഇതില്‍ കയറി നിന്നാല്‍ പൊട്ടിപ്പോകും എന്ന പേടി വേണ്ട. 120 കിലോഗ്രാം ഭാരം വരെയുള്ള ആളിനെ വഹിക്കാന്‍ വരെ ഇതിനു കഴിയും.
മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 12 കിലോമീറ്റര്‍ വരെ ഓടും. ആളുകയറി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കലി ഇത് സ്റ്റാര്‍ട്ട് ആകും. പതുക്കെ ഇതില്‍ നിന്നിറങ്ങിയാല്‍ സ്റ്റോപ്പുമാകും. ഏകദേശം 800 യുഎസ് ഡോളറാണ് ഈ വാക്ക്കാറിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications