ഇന്ത്യന്‍ വംശജ മാലാ അഡിഗ ജില് ബൈഡന്റെ പോളിസി ഡയറക്ടര്‍, ബൈഡന് ക്യാമ്പയിനില്‍ നിന്ന് മുന്നേറ്റം!!
വാഷിംഗ്ടണ്‍: ജോ ബൈഡന്റെ ഭാര്യ ജില് ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍-അമേരിക്കന്‍ വംശജ. മാലാ അഡിഗയെയാണ് പ്രഥമ വനിതയുടെ പോളിസി ഡയറക്ടറായി നിമയിച്ചിരിക്കുന്നത്. ജില് ബൈഡന്റെ സീനിയര്‍ അഡൈ്വസറായിരുന്നു മാല. നേരത്തെ ബൈഡന്-കമല ഹാരിസ് ക്യാമ്പയിന്റെ പോളിസി അഡൈ്വസര്‍ കൂടിയായിരുന്നു അവര്‍. ബൈഡന് ഫൗണ്ടേഷനിലെ ഉന്നത വിദ്യാഭ്യാസ-മിലിട്ടറി ഫാമിലീസ് ഡയറക്ടറായിരുന്നു അവര്‍. ജോ ബൈഡനുമായി വളരെ അടുത്ത ബന്ധവും അവര്‍ക്കുണ്ട്. അതാണ് ഇത്ര വലിയൊരു പദവിയിലേക്ക് അവരെ എത്തിച്ചത്.
ഒബാമ ഭരണകൂടത്തിലും ഇവര്‍ക്ക് നിര്‍ണായക പദവിയുണ്ടായിരുന്നു. അക്കാദമിക്സ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അവര്‍. ബ്യൂറോ ഓഫ് എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചര്‍ അഫയേഴ്സിന് കീഴിലാണ് ഇത് വരുന്നത്. ഗ്ലോബല്‍ വുമണ്‍സ് ഇഷ്യൂസിലെ സ്റ്റേറ്റ് സെക്രട്ടറിയായും സീനിയര്‍ അഡൈ്വസറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇല്ലിനോയി നിവാസിയാണ് അവര്‍. മിനസോട്ട യൂണിവേഴ്സിറ്റിയുടെ ഭാഗമായ ഗ്രിന്നല്‍ കോളേജില്‍ നിന്നാണ് അഡിഗ ബിരുദമെടുത്തത്. പ്രമുഖ അഭിഭാഷക കൂടിയാണ് അവര്‍. ചിക്കാഗോയിലെ നിയമ കമ്പനിയില്‍ അവര്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു.
അതിന് ശേഷമാണ് ബരാക് ഒബാമയുടെ ക്യാമ്പയിനിന്റെ ഭാഗമായി മാറുന്നത്. അസോസിയേറ്റ് അറ്റോര്‍ണര്‍ ജനറലിന്റെ കൗണ്‍സലായിട്ടാണ് ഒബാമ ഭരണകൂടത്തില്‍ മാല അഡിഗ പ്രവര്‍ത്തനം ആരംഭിച്ചത്. വൈറ്റ് ഹൗസിലെ സീനിയര്‍ സ്റ്റാഫുകളെ നിയമിച്ച കാര്യം ജോ ബൈഡന് പുറത്തുവിട്ടിരുന്നു. ഇതിനിടയിലാണ് മാലയുടെ നിയമനത്തെ കുറിച്ചും വ്യക്തമാക്കിയത്. വൈറ്റ് ഹൗസ് ഓഫീസ് ഡയറക്ടറായി കാത്തി റസ്സലിനെയാണ് ബൈഡന് നിയിച്ചത്. വൈറ്റ് ഹൗസ് ലെജിസ്ലേറ്റീവ് അഫയേഴ്സ് ഡയറക്ടറായി ലൂയിസ ടെറെലിനയെയും നിയമിച്ചിട്ടുണ്ട്.
തന്റെ ടീമിലുള്ളവരുടെ ആത്മസമര്‍പ്പണം മികച്ചതാണെന്നും, അഭിനന്ദനീയാര്‍ഹമാണെന്നും ബൈഡന് പറഞ്ഞു. പുതിയൊരു ടീം അമേരിക്കന്‍ ജനതയെ സേവിക്കാന്‍, മികച്ച രീതിയില്‍ രാജ്യത്തെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ ബൈഡന്റെ ടീമില്‍ ഇടംപിടിക്കുമെന്ന് സൂചനകളുണ്ട്. നിരവധി പേര് അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്.