ചരിത്രം കുറിച്ച് ജോ ബൈഡന്‍: ആമസോണ്‍ മഴക്കാടുകള്‍ സന്ദർശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
ആമസോണ്‍ മഴക്കാടുകള്‍ സന്ദർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗോള താപനത്തിൻ്റെ അപകടങ്ങളിലേക്ക് ശ്രദ്ധ ആകർഷിച്ചും കാലാവസ്ഥാവ്യതിയാനത്തിനെതിരേ പോരാടാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുമാണ് ബൈഡന്റെ ആമസോണ്‍ സന്ദർശനം. അധികാരത്തിലിരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇത് ആദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലേക്ക് എത്തുന്നത്.
പെറുവിൽ നടന്ന അപെക് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് വനസന്ദർശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബ്രസീലിലേക്ക് എത്തിയത്. ആമസോണ്‍ കാടുകള്‍ സന്ദർശിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കി. 'ആമസോൺ മഴക്കാടുകൾ സന്ദർശിക്കുന്ന ആദ്യത്തെ സിറ്റിംഗ് യുഎസ് പ്രസിഡൻ്റ് എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. ഇതുപോലെയുള്ള മഴക്കാടുകളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാകുന്നതിലും ഞാൻ അഭിമാനിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ പരിഹാരങ്ങൾ നമുക്ക് ചുറ്റുമുള്ള ഈ വനങ്ങളാണ്. മരങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നു. എന്നിട്ടും ഓരോ മിനിറ്റിലും ലോകം പത്ത് ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ വലിപ്പത്തിലുള്ള കാടുകള്‍ വെട്ടിമാറ്റുകയാണ്' ബൈഡന്‍ പറഞ്ഞു.

ജനുവരിയിൽ പ്രസിഡൻ്റ് സ്ഥാനം ട്രംപിന് കൈമാറുന്നതിന് മുമ്പ് ട്രംപ് നടത്തുന്ന അവസാന ദക്ഷിണ അമേരിക്കന്‍ രാഷ്ട്ര സന്ദർശനം കൂടിയാണ് ഇത്. ആമസോണ്‍ മഴക്കാടുകളുടെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കപെടുന്ന മനൗസിലാണ് അമേരിക്കന്‍ പ്രസിഡന്റ് എത്തിയത്. നാല് മണിക്കൂർ സന്ദർശനത്തിനിടെ ആമസോൺ ഫണ്ടിലേക്ക് 50 മില്യൺ ഡോളർ അധികമായി സംഭാവ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ ഫണ്ടിലേക്ക് അമേരിക്ക ആകെ സംഭാവന ചെയ്യുന്ന തുക 100 മില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.
ആമസോണ്‍ സംരക്ഷണ ഫണ്ടിലേക്ക് കഴിഞ്ഞ വർഷം ബൈഡന്‍ 500 മില്യൺ ഡോളർ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും ഇതിന്റെ അഞ്ചിലൊന്ന് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ആമസോൺ മ്യൂസിയത്തിൽ തദ്ദേശീയ ഗോത്രവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്‍ 2030-ഓടെ വനനശീകരണം അവസാനിപ്പിക്കാൻ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ കീഴിൽ ബ്രസീല്‍ നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ മഴക്കാടുകൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഗണ്യമായ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിൽ മഴക്കാടുകള്‍ക്കുള്ള സുപ്രധാന പങ്ക് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications