ജോ ബൈഡന് വീണ്ടും നാക്കുപിഴ; സെലൻസ്കിയെ വിളിച്ചത് പുടിനെന്ന്, കമല ഹാരിസ് 'ട്രംപ്' ആയി
വാഷിങ്ടൺ; നാറ്റോ സമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാക്കുപിഴ. വേദിയിൽ യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്‌കിയെ പുടിൻ എന്നും പരിപാടിക്ക് ശേഷം നടന്ന പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ട്രെംപ് എന്നുമാണ് ബൈഡൻ അഭിസംബോധന ചെയ്തത്.
സമ്മേളനത്തിൽ തന്റെ പ്രസംഗം കഴിഞ്ഞ് മറുപടി പ്രസംഗത്തിനായി സെലൻസ്കിയെ ക്ഷണിക്കുമ്പോഴായിരുന്നു ബൈഡന്റെ ആദ്യത്തെ നാക്കുപിഴ. ' ഇനി ഞാൻ യുക്രൈൻ പ്രസിഡന്റിനെ ക്ഷണിക്കാൻ ആഗ്രഹിക്കുകയാണ്. വളരെ അധികം നിശ്ചയദാർഢ്യവും ധൈര്യവുമുള്ള വ്യക്തിയാണ് അദ്ദേഹം. പുടിന് സ്വാഗതം', എന്നായിരുന്നു ബൈഡന്റ് വാക്കുകൾ. ഉടൻ തന്നെ ബൈഡൻ തന്റെ തെറ്റ് തിരുത്തി. അതേസമയം തമാശയോടെയായിരുന്നു സെലൻസ്കി ഇതിനോട് പ്രതികരിച്ചത്. താൻ പുടിനെക്കാൾ എത്രയോ ഭേദമാണ് എന്നായിരുന്നു സെലൻസ്കിയുടെ മറുപടി.

ആദ്യ പൊതുസംവാദത്തിലെ ബൈഡന്റെ മോശം പ്രകടത്തിൽ ബൈഡനെതിരെ വിമർശനം കടുക്കുന്നതിനിടെയാണ് ഈ നാക്കുപിഴ. എന്നാൽ വേദിയിലുള്ള മറ്റ് നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ച് പ്രതികരിച്ചു. 'നാക്ക് പിഴയെന്നത് എല്ലാവർക്കും സംഭവിക്കുന്ന കാര്യമാണ്. ഒരാളെ സൂക്ഷ്മമായി നിരീക്ഷിച്ച് നോക്കൂ, തീർച്ചയായും ഇതൊക്കെ ഉണ്ടാകും',എന്നായിരുന്നു ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ പ്രതികരണം.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ബൈഡനെ പിന്തുണച്ചു.
എന്നാൽ സമ്മേളനം കഴിഞ്ഞ ശേഷം മാധ്യമങ്ങളെ കാണുമ്പോഴും ബൈഡന് നാക്ക് പിഴ സംഭവിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരാണ് ഇത്തവണ അദ്ദേഹത്തിന് മാറിപ്പോയത്.'നോക്കൂ, അവർക്ക് പ്രസിഡൻ്റാകാനുള്ള യോഗ്യത ഇല്ലായിരുന്നുവെങ്കിൽ ഞാൻ വൈസ് പ്രസിഡൻ്റ് ട്രംപിനെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കില്ലായിരുന്നു', എന്നാണ് ബൈഡൻ പറഞ്ഞത്.
അതേസമയം ബൈഡന്റെ നാക്കുപിഴയിൽ പരിഹാസവുമായി ഡൊണാൾഡ് ട്രെപ് രംഗത്തെത്തി. 'ക്രൂക്കഡ് ജോ, ഗ്രേറ്റ് ജോബ്', എന്നായിരുന്നു ട്രെപ് എക്സിൽ കുറിച്ചത്.ഇതിന് മറുപടിയുമായി ബൈഡനും എത്തി. തനിക്ക് ട്രെപും കമല ഹാരീസും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയാം എന്നായിരുന്നു ബൈഡന്റ് മറുപടി. 'അതെ, എനിക്ക് വ്യത്യാസം അറിയാം. ഒരാൾ പ്രോസിക്യൂട്ടറാണ്, മറ്റൊരാൾ കുറ്റക്കാരനാണ്', അശ്ലീല താരം സ്റ്റോമി ഡാനിയൽസ് ഉൾപ്പെട്ട പണമിടപാട് കേസിൽ ട്രംപിൻ്റെ ശിക്ഷയെ പരാമർശിച്ച് ബൈഡൻ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications