അമേരിക്കയിൽ പുതുയുഗ പിറവി; അധികാരത്തിലേറി ജോ ബൈഡൻ .. ചരിത്രം കുറിച്ച് കമല ഹാരിസും
വാഷിംഗ്ടൺ; അനിശ്ചിതത്വം നിറഞ്ഞ ട്രംപ് യുഗത്തിന് വിട നൽകി അമേരിക്കയിൽ പുതുയുഗ പിറവി. രാജ്യത്തെ 46ാം പ്രസിഡന്റ് ആയി ജോ ബൈഡൻ അധികാരത്തിലേറി. യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിലാണ് പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബേർട്സ് ആണ് ബൈഡന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
ഒരു നൂറ്റാണ്ടിലേറെയായി ബൈഡൻ കുടുംബത്തിന് ഒപ്പമുള്ള ബൈബിളിൽ കൈവെച്ചായിരുന്നു ബൈഡന്റെ സത്യപ്രതിജ്ഞ. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡൻ. 78 വയസാണ് അദ്ദേഹത്തിന്.
അമേരിക്കയുടെ 231 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന വനിതയും ആഫ്രോ ഏഷ്യൻ വംശജയുമാണ് കമലാ ഹാരിസ്.യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ- അമേരിക്കൻ വംശജ കൂടിയാണ് കമല ഹാരിസ്. അമേരിക്കയുടെ മുൻ പ്രസിഡന്റുമായ ബരാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പിൽ 538 ഇലക്ടറല്‍ വോട്ട് നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ബൈഡൻ അമേരിക്കയുടെ അമരത്തെത്തുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായിരുന്ന ട്രംപിന് 232 ഇലക്ടറൽ വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്.
തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടും അവസാനം വരെ തോൽവി സമ്മതിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. ഇതോടെ കാപിറ്റോൾ മന്ദിരം ട്രംപ് അനുകൂലികൾ ആക്രമിക്കുന്നതുൾപ്പെടെയുള്ള വിചിത്രമായ പല സംഭവങ്ങൾക്കും അമേരിക്ക സാക്ഷ്യം വഹിച്ചിരുന്നു.
അതേസമയം കാപിറ്റോൾ കാലപത്തിന്റെ പശ്ചാത്തലത്തിൽ അക്രമ സാധ്യത മുന്നിൽ കണ്ട് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.
രാജ്യത്തെ പതിവുകളും പലതും തെറ്റിച്ച് കൊണ്ടായിരുന്നു സ്ഥാനമൊഴിയുന്ന ട്രംപിന്റെ വൈറ്റ് ഹൗസ് പടിയിറക്കം. നിയുക്ത പ്രസിഡന്റ് സ്ഥാനമേൽക്കുമ്പോൾ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പങ്കെടുക്കുന്നതാണ് രാജ്യത്തെ കീഴ്വഴക്കം. അതിന് ശേഷം വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നതും സ്ഥാനമൊഴിയുന്ന പ്രസിഡന്റാണ്. ഇതൊന്നും പാലിക്കാൻ തയ്യാറാകാതെയായിരുന്നു ട്രംപ് ഫ്ലോറിഡയിലേക്ക് തിരിച്ചത്.
പടിയിറങ്ങുമ്പോൾ ബൈഡനെ പേരെടുത്ത് അഭിസംബോധന ചെയ്യാതിരുന്ന ട്രംപ് പുതിയ ഭരണകൂടത്തിന് 'വലിയ ഭാഗ്യവും മികച്ച വിജയവും' നേരുന്നതായി ആശംസിച്ചു.
സത്യപ്രതിജ്ഞയ്ക്ക് മുൻപ് ആശങ്ക, അമേരിക്കൻ സുപ്രീം കോടതിക്ക് ബോംബ് ഭീഷണി
ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് സാക്ഷികളാവാൻ 3 മുൻ പ്രസിഡണ്ടുമാർ, മൈക്ക് പെൻസും ചടങ്ങിന്
ബൈഡന് ട്രംപിന്റെ സസ്പെൻസ് കുറിപ്പ്; പിൻഗാമിക്ക് സന്ദേശം നൽകുന്ന കീഴ്വഴക്കം തെറ്റിച്ചില്ല