കമല ഹാരിസിന് പ്രസിഡന്റിന്റെ താത്കാലിക ചുമതല; കാരണം ഇതാണ്
വാഷിംഗ്ടൺ; കമല ഹാരിസിന് യു എസ് പ്രസിഡന്റിന്റെ താത്കാലി ചുമതല . പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായി കൊളോനോസ്കോപ്പിക്കായി പ്രസിഡന്റ് ജോ ബൈഡൻ പോകുന്ന സാഹചര്യത്തിലാണ് ഇതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ വാഷിംഗ്ടണിന് പുറത്തുള്ള വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലാണ് ബൈഡനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് വൈസ് പ്രഡിന്റിന് പ്രസിഡന്റിന്റെ അധികാരം കൈമാറുന്നത്.ഇതോടെ അല്‍പനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറും.

പ്രസിഡന്റ് ബൈഡൻ അനസ്തേഷ്യയിലേക്ക് പോകുന്നതിനാൽ അദ്ദേഹം വൈസ് പ്രസിഡന്റിന് അധികാരം കൈമാറും. വൈസ് പ്രസിഡന്റ് വെസ്റ്റ് വിംഗിലെ അവരുടെ ഓഫീസിൽ തന്നെ പ്രവർത്തിക്കും, പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.ബൈഡന്‍ അന്‌സ്‌തേഷ്യയിലുള്ള സമയത്താകും കമല ഹാരിസ് അധികാരമേൽക്കുക. ഈ സമയം അമേരിക്കയുടെ സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണങ്ങള്‍ ഉൾപ്പെടെ കമലയ്ക്ക് ലഭിക്കും. നേരത്തേയും ഇത്തരത്തിൽ പ്രസിഡന്റിന്റെ താത്കാലിക ചുമതല കൈമാറിയിട്ടുണ്ട്. 2002 ലും 2007 ലും ജോർജ് ഡബ്ല്യു ബുഷ് പ്രസിഡന്റ് ആയിരിക്കേയായിരുന്നു ഇത്, സാക്കി കൂട്ടിച്ചേർത്തു.
ശനിയാഴ്ച ബൈഡന് 79 വയസ് തികയുകയാണ്. പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡൻ. നേരത്തേ 2019 ൽ അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തെ ചിതിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
1988 ൽ ബൈഡൻ നിർണായകമായൊരു ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. തുടർച്ചയായ തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാകു്നന തരത്തിൽ തലച്ചോറിൽ രണ്ട് ധമനിവീക്കങ്ങൾ കണ്ടെത്തുകയായിരു്നു. ശസ്ത്രക്രിയയും തുടർ ചികിത്സകൾക്കും ശേഷം ഏഴു മാസം കഴിഞ്ഞാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്.
നേരത്തേ കൊവിഡ് സാഹചര്യത്തിൽ ഏറെ ശ്രദ്ധയോടെയായിരുന്നു ബൈഡന്റെ ആരോഗ്യ സ്ഥിതി ഡോക്ടർമാരുടെ സംഘം പരിപാലിച്ചിരുന്നത്. അതേസമയം ബൈഡൻ വീണ്ടും ചികിത്സ തേടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമാകും. നേരത്തേ അധികാരത്തിലേറുന്നതിന് മുൻപ് തന്റെ ആരോഗ്യത്തെ സംബന്ധിച്ച് വോട്ടർമാരുമായി തികച്ചും സുതാര്യത പുലർത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ബൈഡന്റ അന്തിമ പരിശോധന ഫലങ്ങൾ പരസ്യമാക്കുമെന്ന് വൈറ്റ് ഹൗസും ഈ വർഷം ആദ്യം വ്യക്തമാക്കിയിരു്നു.
ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാലുവർഷത്തെ ഭരണത്തിനു അന്ത്യംകുറിച്ചാണ് ജോ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ചുമതലയേറ്റത്.












Click it and Unblock the Notifications