ഡൊണാൾഡ് ട്രംപ് പുറത്ത്, വൈറ്റ് ഹൗസിലേക്ക് ബൈഡന്, അമേരിക്കയുടെ 46-ാമത് പ്രസിഡണ്ട്
വാഷിംഗ്ടണ്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോ ബൈഡന് വിജയം. 273 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയാണ് വൈറ്റ് ഹൗസിലേക്ക് ബൈഡന് എത്തുന്നത്. സിഎന്‍എന്‍ അടക്കമുളള അന്താരാഷ്ട്ര ചാനലുകളാണ് ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് അനുകൂല മാധ്യമങ്ങളും ബൈഡന്റെ വിജയം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ നാല്‍പ്പത്തി ആറാമത് പ്രസിഡണ്ടാണ് ജോ ബൈഡന്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിച്ചാണ് ബൈഡന്റെ വിജയം. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ട്രംപിന് ലഭിച്ചത്. നാല് വര്‍ഷത്തെ ട്രംപിന്റെ ഭരണത്തിന് അന്ത്യമാകുമ്പോള്‍ ആദ്യമായി ഭരണത്തുടര്‍ച്ച ലഭിക്കാത്ത പ്രസിഡണ്ട് എന്ന റെക്കോര്‍ഡ് കൂടിയാണ് ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയിരിക്കുന്നത്.
പെന്‍സില്‍വാനിയയും അരിസോണയും നെവാഡയും അടക്കമുളള സ്വിംഗ് സ്റ്റേറ്റുകളില്‍ ഫലം വൈകിയോടെയാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേക്ക് നീണ്ടത്. 270 വോട്ടുകള്‍ ആണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്താന്‍ വേണ്ടിയിരുന്നത്. 2016ല്‍ ട്രംപ് വിജയിച്ച പെന്‍സില്‍വാനിയയില്‍ ബൈഡന് വിജയിക്കാനായതോടെയാണ് 270 എന്ന മാന്ത്രിക സംഖ്യ കടന്നത്. 20 ഇലക്ടറല്‍ വോട്ടുകള്‍ ആണ് പെന്‍സില്‍വാനിയയില്‍ ഉളളത്.
ജോ ബൈഡന് അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ വംശജ കൂടിയായ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡണ്ട് പദവിയിലേക്ക് എത്തിയിരിക്കുകയാണ്. അമേരിക്കയുടെ വൈസ് പ്രസിഡണ്ട് പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയും കൂടിയാണ് കമല ഹാരിസ്. അതേസമയം തിരഞ്ഞെടുപ്പ് തീര്‍ന്നിട്ടില്ല എന്നാണ് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നത്. ഇതിനകം തന്നെ പല സംസ്ഥാനങ്ങളിലേയും ഫലത്തിന് എതിരെ ട്രംപ് കോടതി കയറിയിട്ടുണ്ട്. ട്രംപിന്റെ അടുത്ത നീക്കവും കോടതിയിലേക്ക് ആകുമെന്നാണ് കരുതുന്നത്.