ഭൂമിയോടടുത്ത് ചന്ദ്രന്‍, സൂപ്പര്‍മൂണ്‍ ഇന്ന്; എവിടെ, എപ്പോള്‍ കാണാം..?
ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ മൂണ്‍ ഇന്ന് ദൃശ്യമാകും. മഴമേഘങ്ങള്‍ മാറി നിന്നാല്‍ ഈ വര്‍ഷം ഏറ്റവും അടുത്ത് ചന്ദ്രനെ ഭൂമിയില്‍ നിന്ന് കാണാനാകുന്ന ദിനങ്ങളിലൊന്നായിരിക്കും ഇന്ന്. ദി ഓള്‍ഡ് ഫാര്‍മേഴ്സ് അല്‍മാനാക് റിപ്പോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ച വൈകീട്ട് 5.08 ഓടെ പൂര്‍ണ്ണ ചന്ദ്രന്‍ ആകാശത്ത് കാണപ്പെടും. ഈ സമയം ചന്ദ്രന് ഭൂമിയില്‍ നിന്നുള്ള അകലം പതിവിലും കുറവായിരിക്കും.
ഈ സമയത്ത് ആകാശത്ത് ചന്ദ്രന്‍ സാധാരണയേക്കാള്‍ 14% വലുതും 7% പ്രകാശവുമുള്ളതായി കാണപ്പെടും. പൂര്‍ണ ചന്ദ്രന്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്. ഓരോ 27 ദിവസത്തെ ഭ്രമണപഥത്തിലും ചന്ദ്രനെ ഭൂമിയില്‍ നിന്ന് ഏകദേശം 3.85 ലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കും ദൃശ്യമാകുക.

എന്നാല്‍ ഇന്ന് ചന്ദ്രന്‍ ഭൂമിയോട് 21000 കിലോമീറ്റര്‍ വരെ അടുത്തേക്ക് വരും. പൊതുവെ പൂര്‍ണ ചന്ദ്രനും സൂപ്പര്‍മൂണും തമ്മിലുള്ള വലിപ്പ വ്യത്യാസം നഗ്‌നനേത്രങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അതേസമയം കേരളത്തിലെ മഴയുടെ കാലാവസ്ഥയായതിനാല്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം എത്രത്തോളം ദൃശ്യമാകും എന്ന് പറയാനൊക്കില്ല. 1979 ല്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് നോലെയാണ് ആദ്യമായി 'സൂപ്പര്‍ മൂണ്‍' എന്ന പദം ഉപയോഗിച്ചത്.
ജൂലൈ മാസത്തിലെ ചന്ദ്രനെ ബക്ക് മൂണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആണ്‍ മാനുകളുടെ കൊമ്പ് വളരുന്ന മാസമാണ് ഇത് എന്നതിനാലാണ് ഈ പേര് ലഭിച്ചത്. അതേസമയം ചില രാജ്യങ്ങളില്‍ റിപ്പ്‌കോണ്‍ മൂണ്‍, റാസ്‌ബെറി മൂണ്‍ എന്നിങ്ങനേയും വിശേഷിപ്പിക്കാറുണ്ട്. സാധാരണയായി ഒരു വര്‍ഷത്തില്‍ 12 പൗര്‍ണമികള്‍ ആണ് ഉണ്ടാകാറുള്ളത്. എന്നാല്‍ 2023 ല്‍ 13 പൗര്‍ണമി ദിനങ്ങളാണ് ഉള്ളത്.
ഈ വര്‍ഷം നാല് സൂപ്പര്‍ മൂണ്‍ പ്രതിഭാസങ്ങളും ദൃശ്യമാകും. ഓഗസ്റ്റില്‍ രണ്ട് സൂപ്പര്‍ മൂണുകള്‍ കാണപ്പെടും. ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും സൂപ്പര്‍ മൂണ്‍ സെപ്റ്റംബര്‍ 29-ന് ദൃശ്യമാകും. ഇന്നത്തെ സൂപ്പര്‍മൂണായിരിക്കും ഈ വര്‍ഷത്തെ ചെറിയ സൂപ്പര്‍ മൂണ്‍. ഭൂമിയുടെയും ചന്ദ്രന്റെയും നിരന്തരമായ ചലനം കാരണമാണ് ഇത്. ആഗസ്റ്റ് 30 ന് നടക്കുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ സൂപ്പര്‍ മൂണായിരിക്കും ദൈര്‍ഘ്യമേറിയത്.












Click it and Unblock the Notifications