• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുദ്ധക്കളമായി കാബൂള്‍; ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് ആക്രമണം, യുഎസ് തന്ത്രം പാളുന്നു?

  • By desk

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷിത മേഖലയില്‍ ആഭ്യന്തര മന്ത്രാലയത്തിനു സമീപമുണ്ടായ അത്യുഗ്ര സ്‌ഫോടനത്തില്‍ 95 പേര്‍ മരിച്ച സംഭവം അഫ്ഗാനിലെ സുരക്ഷയെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെതിരേ നടക്കുന്ന സൈനികനടപടി ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞും തലസ്ഥാനനഗമായ കാബൂള്‍ പോലും ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ആക്രമണം.

കാസിഗഞ്ച് സംഘര്‍ഷം: 50 പേര്‍ അറസ്റ്റില്‍, സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്ക്! തലപുകച്ച് യോഗി സർക്കാര്‍

സ്‌ഫോടനം നടന്നത് നഗരഹൃദയത്തില്‍

സ്‌ഫോടനം നടന്നത് നഗരഹൃദയത്തില്‍

കാബൂളിന്റെ നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന കാബൂള്‍ സെന്ററിലെ ആള്‍ത്തിരക്കുള്ള റോഡിലാണ് ശനിയാഴ്ച 95 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനമുണ്ടായത്. എവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ സാധിക്കുമെന്ന സന്ദേശമാണ് താലിബാന്‍ ഇതിലൂടെ നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയം ഓഫീസ്, ബിസിനസ് സ്ഥാപനങ്ങള്‍, ജുംഹൂരിയ്യത് ഹോസ്പിറ്റല്‍, സ്‌കൂള്‍, പ്രധാന സര്‍ക്കാര്‍ കാര്യാലയങ്ങള്‍ തുടങ്ങിയ സ്ഥിതി ചെയ്യുന്ന തിരക്കേറിയ പ്രദേശമാണിത്. പ്രദേശത്തെ കെട്ടിടങ്ങള്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു. ഉഗ്രസ്‌ഫോടനത്തിന്റെ തീയും പുകയും കിലോമീറ്ററുകള്‍ക്കപ്പുറത്ത് തന്നെ ദൃശ്യമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അക്രമണത്തിന് ഉപയോഗിക്കുന്നത് പുതുരീതികള്‍

അക്രമണത്തിന് ഉപയോഗിക്കുന്നത് പുതുരീതികള്‍

സൈനിക ചെക്‌പോസ്റ്റുകളാല്‍ സുരക്ഷിതമാക്കിയ ആഭ്യന്തര മന്ത്രാലയം പരിസരത്തേക്ക് അക്രമിയെത്തിയത് സ്‌ഫോടനവസ്തുക്കള്‍ നിറച്ച ആംബുലന്‍സില്‍. തൊട്ടടുത്ത ജുംഹൂരിയ്യത് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോവുകയാണെന്ന വ്യാജേന ആദ്യ ചെക്ക്‌പോസ്റ്റ് മറികടന്ന ഭീകരന്‍, രണ്ടാമത്തെ ചെക്‌പോസ്റ്റിനു സമീപം സ്‌ഫോടനം നടത്തുകയായിരുന്നു. പൊട്ടിത്തെറിയുടെ പ്രകമ്പനം കിലോമീറ്ററുകള്‍ക്കകലെ അനുഭവപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പുതിയ രീതികളാണ് താലിബാന്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ആക്രമണം മുന്‍കൂട്ടിക്കണ്ട് തടയാനാവാത്ത സ്ഥിതിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

ഒരാഴ്ചയ്ക്കിടയിലെ മൂന്നാമത്തെ ആക്രമണം

ഒരാഴ്ചയ്ക്കിടയിലെ മൂന്നാമത്തെ ആക്രമണം

അഫ്ഗാനിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടയിലുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണ് ശനിയാഴ്ചയുണ്ടായത്. നേരത്തേ കാബൂളിലെ തന്നെ ആഢംബര ഹോട്ടലായ ഇന്റര്‍ കോണ്ടിനെന്റലിലുണ്ടായ ആക്രമണത്തില്‍ വിദേശികളടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലാലാബാദിലെ കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ സേവ് ദി ചില്‍ഡ്രന്‍ ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടത് അതിനു ശേഷമായിരുന്നു. തങ്ങള്‍ വിചാരിച്ചാല്‍ എവിടെയും എപ്പോഴും ആക്രമണം നടത്താനാവുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ താലിബാന്‍ നല്‍കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

യുഎസ് നടപടിക്കെതിരേ താലിബാന്റെ പ്രതികാരം

യുഎസ് നടപടിക്കെതിരേ താലിബാന്റെ പ്രതികാരം

അടുത്തിടെ തെക്കന്‍ അഫ്ഗാനിലെ താലിബാന്‍ കേന്ദ്രത്തിന് നേരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് പുതിയ ആക്രമണ പരമ്പരയെന്നാണ് വിലയിരുത്തപ്പെടുന്നത്. താലിബാന്റെ നാലും ഹഖാനി വിഭാഗത്തിന്റെ രണ്ടും നേതാക്കള്‍ക്കെതിരേ അമേരിക്ക സാമ്പത്തിക ഉപരോധവും കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ സൈനികരെ ആക്രമിച്ചതിന് പ്രതികാരമായിട്ടായിരുന്നു നടപടി. കഴിഞ്ഞ ദിവസം കോണ്ടിനെന്റല്‍ ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് യു.എസ് പൗരന്‍മാരും കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിലേത് ആരും ജയിക്കാത്ത യുദ്ധം

അഫ്ഗാനിലേത് ആരും ജയിക്കാത്ത യുദ്ധം

ഒന്നര പതിറ്റാണ്ടായി തുടരുന്ന അഫ്ഗാന്‍ യുദ്ധത്തില്‍ എന്തൊക്കെ സൈനിക നീക്കങ്ങള്‍ നടത്തിയിട്ടും കൂടുതല്‍ പ്രദേശങ്ങളിലേക്ക് താലിബാന്‍ കടന്നുകയറുകയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആക്രമണത്തിന്റെ ശക്തിയാവട്ടെ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറില്ലെന്ന താലിബാന്റെ ഉറച്ച നിലപാടാണ് ഇത് വ്യക്തമാക്കുന്നതെന്ന് കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷകന്‍ അബ്ദുല്ല ഫഹീമി അഭിപ്രായപ്പെട്ടു. താലിബാനെ സൈനിക നടപടികളിലൂടെ തകര്‍ക്കാന്‍ സാധ്യമല്ലെന്നാണ് ശക്തിയാര്‍ജിച്ചു വരുന്ന ആക്രമണങ്ങള്‍ തെളിയിക്കുന്നത്. അമേരിക്കന്‍ സൈനികരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടും ആക്രമണങ്ങള്‍ക്ക് ശമനമില്ല. മാത്രമല്ല, ആക്രമണങ്ങള്‍ ശക്തവും ഭീകരവുമായിക്കൊണ്ടിരിക്കുകയാണ്. ഇരുവിഭാഗത്തിലും വിജയം വരിക്കാന്‍ സാധിക്കാത്ത യുദ്ധമാണിതെന്നും അദ്ദേഹം വിലയിരുത്തുന്നു.

രാഷ്ട്രീയ പരിഹാരം അനിവാര്യം

രാഷ്ട്രീയ പരിഹാരം അനിവാര്യം

അഫ്ഗാനില്‍ ശാശ്വതമായ സമാധാനത്തിന് രാഷ്ട്രീയ പരിഹാരം മാത്രമേ സാധ്യമാവൂ എന്നാണ് നോട്ടിംഗ്ഹാം യൂനിവേഴ്‌സിറ്റിയിലും ഭീകരവാദം വിഭാഗം വിസിറ്റിംഗ് ഫെലോ അഫ്‌സല്‍ അശ്‌റഫിന്റെ വാദം. അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയച്ചത് കൊണ്ട് കാര്യമില്ല. താലിബാനെ കൂടി പരിഗണിച്ചുള്ള രാഷ്ട്രീയ പരിഹാരം വേണം. അഫ്ഗാന്‍ ഭരണകൂടത്തിന് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തിടത്തോളം കാലം താലിബാന്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു.

English summary
kabul attack points towards growing taliban threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more