അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ്, ഇന്ത്യയ്ക്കും അഭിമാന നിമിഷം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ കമല ഹാരിസ്. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സുപ്രീം കോടതിയിലെ വനിതാ ജസ്റ്റിസ് ആയ സോണിയ സോട്ടോമേയര്‍ ആണ് കമല ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. അമേരിക്കൻ വൈസ് പ്രസിഡണ്ട് പദവിയിലേക്ക് കമല ഹാരിസ് നടന്ന് കയറുമ്പോൾ ഇന്ത്യയ്ക്കും അത് അഭിമാന മുഹൂർത്തമാണ്.
തന്റെ 56ാം വയസ്സില്‍ ആണ് അമേരിക്കയുടെ വൈസ് പ്രസിഡണ്ട് പദവിയിലേക്ക് കമല ഹാരിസ് എത്തുന്നത്. ഈ പദവി വഹിക്കുന്ന ആദ്യത്തെ വനിത എന്നത് മാത്രമല്ല കമല ഹാരിസ സ്വന്തമാക്കുന്ന റെക്കോര്‍ഡ്. അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ആകുന്ന ആദ്യത്തെ ഏഷ്യന്‍ വംശജ കൂടിയാണ് കമല. കമല ഹാരിസിന് മുന്‍പ് ഇതുവരെ അമേരിക്കയില്‍ രണ്ട് വനിതകള്‍ മാത്രമാണ് ഒരു ദേശീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെങ്കിലും ആയിട്ടുളളത് എന്നറിയുമ്പോഴാണ് കമല ഹാരിസിന്റെ നേട്ടത്തിന്റെ വലുപ്പം മനസ്സിലാക്കാനാവുക.
അമേരിക്കയെ സേവിക്കാന്‍ തയ്യാര്‍ എന്നാല്‍ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്. പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്തതിന് ശേഷം ജോ ബൈഡന് നടത്തിയ പ്രസംഗത്തില്‍ കമല ഹാരിസിനെ അഭിനന്ദിച്ചു. ജോ ബൈഡനേയും കമല ഹാരിസിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള ലോകനേതാക്കള്‍ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. 2024ല്‍ അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് കമല ഹാരിസ് എത്തുമോ എന്നതാണ് ഇനി അറിയാനുളളത്.