ട്രംപിന്റെ കടുത്ത വിശ്വസ്തന്‍; ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടര്‍
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിശ്വസ്തനായ കാഷ് പട്ടേലിനെ രാജ്യത്തെ ഉന്നത നിയമ നിര്‍വ്വഹണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടറായി നിയമിച്ച് യുഎസ് സെനറ്റ്. ഡെമോക്രാറ്റുകളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് കാഷ് പട്ടേലിന്റെ നിയമനം. സെനറ്റില്‍ 49 നെതിരെ 51 വോട്ടുകളാണ് കാഷ് പട്ടേലിന്റെ നിയമനം അംഗീകരിക്കപ്പെട്ടത്.
38,000 അംഗ എഫ്ബിഐയുടെ തലവനായാണ് കാഷ് പട്ടേല്‍ എത്തുന്നത്. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രോത്സാഹിപ്പിച്ചതിനും 2021 ജനുവരി 6 ന് ക്യാപിറ്റോള്‍ ആക്രമിച്ച ട്രംപ് അനുകൂല കലാപകാരികളെ പ്രതിരോധിച്ചതിനും ട്രംപിനെ എതിര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന 'ഡീപ് സ്റ്റേറ്റ്' അംഗങ്ങളെ പിഴുതെറിയുമെന്ന പരാമര്‍ശത്തിനും വിവാദത്തിലായ ആളാണ് കാഷ് പട്ടേല്‍.

അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മേലുള്ള ട്രംപിന്റെ സ്വാധീനം അടിവരയിരുന്നത് കൂടിയാണ് പട്ടേലിന്റെ നിയമനം. ട്രംപിന്റെ ഇതുവരെയുള്ള എല്ലാ മന്ത്രിസഭാ തിരഞ്ഞെടുപ്പുകളും സെനറ്റ് അംഗീകരിച്ചിരുന്നു. റഷ്യ, സിറിയ തുടങ്ങിയ ശത്രു രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടും രാജ്യത്തിന്റെ ചാര മേധാവിയായി തുള്‍സി ഗബ്ബാര്‍ഡും ആരോഗ്യ സെക്രട്ടറിയായി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറും തിരഞ്ഞെടുക്കപ്പെട്ടതും ഇതേ രീതിയിലാണ്.
പട്ടേലിന്റെ നാമനിര്‍ദ്ദേശം അട്ടിമറിക്കാനുള്ള അവസാന ശ്രമത്തില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍ വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡൗണ്ടൗണിലെ എഫ്ബിഐ ആസ്ഥാനത്തിന് പുറത്ത് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. എഫ്ബിഐ മേധാവി എന്ന നിലയില്‍ കാഷ് പട്ടേല്‍ 'രാഷ്ട്രീയവും ദേശീയവുമായ സുരക്ഷാ ദുരന്തമായിരിക്കും' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നീട് സെനറ്റില്‍ സംസാരിച്ച ഡര്‍ബിന്‍ പട്ടേല്‍ അപകടകരകാരിയും രാഷ്ട്രീയമായി തീവ്രവുമായ വ്യക്തിയാണെന്നും പറഞ്ഞിരുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമ നിര്‍വ്വഹണ ഏജന്‍സിയെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ പ്രതികാര നടപടികള്‍ പട്ടേല്‍ സ്വീകരിച്ചേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പേസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ ആളാണ് പട്ടേല്‍.
ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനായ കാഷ് പട്ടേല്‍ ന്യൂയോര്‍ക്കില്‍ ആണ് ജനിച്ചത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് നിരവധി ഉന്നത പദവികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഭീകരവിരുദ്ധ വിഭാഗത്തിന്റെ സീനിയര്‍ ഡയറക്ടര്‍, ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് എന്നീ പദവികള്‍ അതില്‍ ചിലതാണ്. അതേസമയം തനിക്ക് ഒരു ശത്രു പട്ടിക ഇല്ല എന്ന് പട്ടേല്‍ പറഞ്ഞു.
നിയമലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മാത്രമാണ് തനിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയോട് പറഞ്ഞു. എല്ലാ എഫ്ബിഐ ജീവനക്കാരെയും രാഷ്ട്രീയ പ്രതികാര നടപടികളില്‍ നിന്ന് സംരക്ഷിക്കും എന്നും പട്ടേല്‍ ഉറപ്പുനല്‍കി. ട്രംപ് അധികാരമേറ്റതിനുശേഷം എഫ്ബിഐ പ്രതിസന്ധിയിലാണ്. 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിനും രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതിനും ട്രംപിനെതിരെ കേസെടുത്തവര്‍ ഉള്‍പ്പെടെ നിരവധി ഏജന്റുമാരെ പുറത്താക്കുകയോ തരംതാഴ്ത്തുകയോ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications