കശ്മീര്‍ വിഷയം മേഖലയെ തകര്‍ക്കും; അമേരിക്കന്‍ പ്രസിഡന്റ് മധ്യസ്ഥ വഹിക്കണമെന്ന് ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം, അതിര്‍ത്തിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്താന്‍ നിരന്തരം ശ്രമിക്കുകയാണ്. കശ്മീരില്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കുന്ന വിവരം. കശ്മീരില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ സൈനികരെത്തിയതില്‍ കശ്മീരികള്‍ക്ക് ആശങ്കയുണ്ട്.
ഞായറാഴ്ച രാവിലെ പാകിസ്താനില്‍ നിന്നുള്ള സംഘം നുഴഞ്ഞു കയറാന്‍ ശ്രമം നടത്തി. ഇന്ത്യന്‍ സൈന്യം ഇവരെ വെടിവച്ചുകൊന്നു. ഏഴ് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രതിരോധ വക്താവ് പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നു. ക്ലസ്റ്റര്‍ ആയുധങ്ങളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ നീക്കം. യുഎന്‍ രക്ഷാസമിതി വിഷയം പരിശോധിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ എടുത്തുകൊണ്ടുപോകണമെന്ന് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല. പാകിസ്താന് സംഭവത്തില്‍ പങ്കില്ലെന്നും ഇന്ത്യ വ്യാജ പ്രചാരണം നടത്തുകയാണെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറയുന്നു. അതേസമയം, കേരണ്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത് പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആണെന്ന് ഇന്ത്യ അറിയിച്ചു. ഇവരെയാണ് സൈന്യം വധിച്ചത്. മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.












Click it and Unblock the Notifications