കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'

Google Oneindia Malayalam News

ബഗ്ദാദ്: അമേരിക്കന്‍ സൈന്യത്തിനെതിരായ നീക്കം പശ്ചിമേഷ്യയില്‍ അവസാനിക്കുന്നില്ല. ഇറാന്റെ മിസൈല്‍ ആക്രമണം നിലച്ചതിന് പിന്നാലെ മറ്റു മേഖലകളില്‍ നിന്നു അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പുതിയ ആക്രമണം. അഞ്ച് കത്യുഷ മിസൈലുകള്‍ ബഗ്ദാദിനടുത്ത അമേരിക്കന്‍ താവളത്തില്‍ പതിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു ആക്രമണം.

ഇനിയും ശക്തമായ ആക്രമണം അമേരിക്കന്‍ സൈന്യത്തിന് നേരെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അമേരിക്കന്‍ സൈന്യം ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് ആക്രമണം. ഇറാന്‍ യുദ്ധതന്ത്രം മാറ്റിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ ഉക്രൈന്‍ വിമാനത്തില്‍ മിസൈലുകള്‍ പതിക്കുന്ന വീഡിയോ പുറത്തുവന്നു.വിശദാംശങ്ങള്‍....

അല്‍ താജി സൈനിക ക്യാമ്പ്

അല്‍ താജി സൈനിക ക്യാമ്പ്

ബഗ്ദാദില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള അല്‍ താജി സൈനിക ക്യാമ്പിലാണ് മിസൈലുകള്‍ പതിച്ചത്. ഇവിടെ ഒട്ടേറെ അമേരിക്കന്‍ സൈനികര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ക്യാമ്പിന്റെ പ്രത്യേകത

ക്യാമ്പിന്റെ പ്രത്യേകത

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കന്‍ സൈനികര്‍ മാത്രമല്ല അല്‍ താജി സൈനിക ക്യാമ്പിലുള്ളത്. മറ്റു വിദേശരാജ്യങ്ങളിലെ സൈനികരുമുണ്ട്. ഇറാഖില്‍ ഏറ്റവും കൂടുതല്‍ വിദേശ സൈനികരുള്ള മിലിറ്ററി ക്യാമ്പിന് നേരെയുണ്ടായ ആക്രമണം മുന്‍കൂട്ടി അറിയാന്‍ സാധിക്കാത്തത് അധികൃതരില്‍ ഞെട്ടലുണ്ടാക്കി.

എട്ട് കത്യുഷ റോക്കറ്റുകള്‍

എട്ട് കത്യുഷ റോക്കറ്റുകള്‍

കഴിഞ്ഞ ഞായറാഴ്ച അല്‍ ബലദ് വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണമുണ്ടായിരുന്നു. എട്ട് കത്യുഷ റോക്കറ്റുകളാണ് അല്‍ ബലദില്‍ പതിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇറാഖ് സൈനികര്‍ക്കാണ് പരിക്കേറ്റത് എന്നാണ് വിവരം.

ഇറാന്‍ യുദ്ധ തന്ത്രം മാറ്റിയോ?

ഇറാന്‍ യുദ്ധ തന്ത്രം മാറ്റിയോ?

ഇറാന്‍ ഇനി പ്രത്യക്ഷ യുദ്ധത്തിന് ഒരുങ്ങില്ലെന്നാണ് നിരീക്ഷണം. അതേസമയം, പ്രതിനിധി യുദ്ധം തുടരും. ഇതിന്റെ ഭാഗമായാണ് പുതിയ റോക്കറ്റാക്രണമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്‍ നേരിട്ട് ആക്രമണം നടത്താതിരിക്കുന്നത് അവരുടെ യുദ്ധതന്ത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസായിബ് അഹ്ലല്‍ ഹഖ്

അസായിബ് അഹ്ലല്‍ ഹഖ്

ഇറാന്‍ ആക്രമണം നടത്തിയാല്‍ അമേരിക്കന്‍ സൈന്യം ഒരു പക്ഷേ ഇറാനെതിരെ സൈനികമായി നീങ്ങിയേക്കാം. എന്നാല്‍ ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ സായുധ സംഘങ്ങളാണ് പുതിയ ആക്രമണം തുടങ്ങിയിരിക്കുന്നത്. അസായിബ് അഹ്ലല്‍ ഹഖ് എന്ന ഷിയാ സംഘത്തിന്റെ നേതാവ് ഖൈസ് അല്‍ ഗസ്സാലി അമേരിക്കയെ വെറുതെവിടില്ലെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

 ഇറാന്റെ ഊഴം കഴിഞ്ഞു

ഇറാന്റെ ഊഴം കഴിഞ്ഞു

ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിനെതിരെ ഇറാന്‍ തിരിച്ചടി നല്‍കി. എന്നാല്‍ ഇറാഖ് തിരിച്ചടി നല്‍കിയിട്ടില്ല. ഇനി ഇറാഖിലെ പോരാളികള്‍ ആക്രമണം നടത്താന്‍ പോകുകയാണ് എന്നാണ് കഴിഞ്ഞദിവസം ഖൈസ് അല്‍ ഗസ്സാലി മുന്നറിയിപ്പ് നല്‍കിയത്.

ഇറാന്റെ തിരിച്ചടിയില്‍ നാശനഷ്ടമില്ല

ഇറാന്റെ തിരിച്ചടിയില്‍ നാശനഷ്ടമില്ല

ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ രണ്ട് അമേരിക്കന്‍ താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. അന്‍ബാര്‍ പ്രവിശ്യയിലെയും ഇര്‍ബിലിലെയും സൈനിക കേന്ദ്രങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. എന്നാല്‍ അമേരിക്കന്‍ സൈന്യം മണിക്കൂറുകള്‍ക്ക് മുമ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

6000 അമേരിക്കന്‍ സൈനികര്‍

6000 അമേരിക്കന്‍ സൈനികര്‍

ഇറാഖില്‍ 5000 അമേരിക്കന്‍ സൈനികരാണ് നേരത്തെയുള്ളത്. ആയിരം സൈനികരെ കൂടി അടുത്തിടെ ഇവിടെ എത്തിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കന്‍ സൈനികര്‍ക്കെതിരെ ഇറാഖില്‍ ആക്രമണം പതിവായിരിക്കുകയാണ്. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്ന ആവശ്യവും ശക്തമാണ്.

 ഉക്രൈന്‍ വിമാന തകര്‍ച്ചയും അറസ്റ്റും

ഉക്രൈന്‍ വിമാന തകര്‍ച്ചയും അറസ്റ്റും

അതേസമയം, അമേരിക്കക്കെതിരായ ആക്രമണത്തിനിടെ ഇറാനില്‍ ഉക്രൈന്‍ യാത്രാ വിമാനം തകര്‍ന്നത് ഏറെ വിവാദമായിരുന്നു. സൈനികരുടെ മിസൈല്‍ പതിച്ചതാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ സമ്മതിക്കുകയും ചൊവ്വാഴ്ച അന്വേഷണ സംഘം ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

ഉക്രൈന്‍ വിമാനത്തിന് നേരെ രണ്ടു മിസൈലുകള്‍ പതിക്കുന്ന വീഡിയോ ഇന്ന് പുറത്തുവന്നു. സുരക്ഷാ വിഭാഗത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 30 സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ടു മിസൈലുകള്‍ പതിക്കുന്നതാണ് വീഡിയോയിലുള്ളത്.

തകര്‍ത്തത് രണ്ടാം മിസൈല്‍

തകര്‍ത്തത് രണ്ടാം മിസൈല്‍

മിസൈല്‍ പതിച്ച ശേഷം വിമാനം കത്തുന്നതും പിന്നീട് താഴേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം. ആദ്യ മിസൈല്‍ വിമാനം തകര്‍ത്തില്ല. രണ്ടാമത്തെ മിസൈലാണ് നേരിട്ട് പതിച്ചത്. ഇതോടെയാണ് തകര്‍ന്നു വീണതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

English summary
Katyusha Rockets hit Iraq base housing US troops near Baghdad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X