ലോകത്തിലെ ഏറ്റവും പ്രായമുള്ള ടനാക മുത്തശ്ശി മരിച്ചു: ചോക്ലേറ്റുകളുടെ ഇഷ്ടക്കാരി !
ജപ്പാൻ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന് വിശേഷിക്കപ്പെടുന്ന കേൻ ടനാക അന്തരിച്ചു. ജപ്പാനിൽ കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്. 119 വയസ്സായിരുന്നു. ജപ്പാനിലെ തെക്കു - പടിഞ്ഞാറൻ ഫുക്വോക മേഖലയിൽ 1903 ജനുവരി രണ്ടിന് ആയിരുന്നു ഈ മുത്തശ്ശിയുടെ ജനനം.
മാതാപിതാക്കളുടെ ഒൻപത് മക്കളിൽ ഏഴാമത്തെ മകൾ ആയിരുന്നു കേൻ ടനാക. ഇതേ വർഷത്തിൽ ആയിരുന്നു മേരി ക്യുറി നോബൽ സമ്മാനം നേടുന്ന ആദ്യ വനിതയായി മാറിയത്. വിഖ്യാത സാഹിത്യകാരൻ ജോർജ് ഓർവെൽ ജനിച്ചതും 1903 - ൽ ആയിരുന്നു. റൈറ്റ് സഹോദരൻമാർ ലോകത്തിൽ ആദ്യമായി വിമാനം പറപ്പിച്ചതും ഇതേ വർഷം ആയിരുന്നു.

അടുത്ത കാലം വരെ ആരോഗ്യവതിയായ ടനാക തന്റെ വാർധക്യ കാലത്ത് കഴിഞ്ഞത് ഒരു നഴ്സിംഗ് ഹോമിൽ ആണ്. ശീതള പാനീയങ്ങളും ചോക്ലേറ്റും ഏറെ ഇഷ്ടമായിരുന്നു മുത്തശ്ശിയ്ക്ക്. സമയം പോകുന്നതിലേക്ക് വേണ്ടി പലതരത്തിൽ ഉള്ള കളികളും ഗണിത കണക്കുകളും ആസ്വദിച്ചിരുന്നു. ചെറുപ്പ കാലം മുതൽ തന്നെ ചെറിയ ബിസിനസുകളിൽ ടനാക ഏർപ്പെട്ടിരുന്നു. ജപ്പാനിലെ കച്ചവടഷോപ്പുകൾ, കേക്ക് ഷോപ്പുകൾ, നൂഡിൽസ് ഭക്ഷണശാലകൾ തുടങ്ങിയവയിലൂടെ ടനാക തന്റെ ജീവത മാർഗ്ഗം കണ്ടെത്തി.
1922 - ൽ ഹിഡിയോ ടനാകയെ വിവാഹം ചെയ്തു. തുടർന്ന് നാല് കുട്ടികൾക്ക് ടനാക ജന്മം നൽകി. ഇതിന് പിന്നാലെ ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തു. ഒരു സൈനികൻ ആയിരുന്നു കേൻ ടനാകയുടെ ഭർത്താവ്. 1937 - ലെ ചൈന - ജപ്പാൻ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അതേസമയം, ടനാകയുടെ മകൻ രണ്ടാം ലോക യുദ്ധത്തിലും സൈനികനായി പങ്കെടുത്തു.
ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലെ ടോർച്ച് റിലേ ചടങ്ങിൽ ടനാകയെ പങ്കെടുപ്പിക്കാൻ ജപ്പാൻ സർക്കാർ ശ്രമിച്ചിരുന്നു. വീൽ ചെയർ ഉപയോഗിച്ച് പങ്കെടുപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ , കോവിഡ് മഹാമാരി കാരണം ടനാകയെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. 119 വയസ്സുണ്ട് എങ്കിലും വളരെ ഹാപ്പിയായിരുന്നു ഈ മുത്തശ്ശി.
2019 - ലെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് കേൻ ടനാകനയെ അംഗീകരിച്ചിരുന്നു. ഈ നിമിഷം ടനാകയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ നിമിഷമായി ടനാക പറഞ്ഞിരുന്നു. രാവിലെ കൃത്യം ആറു മണിക്ക് തന്നെ ടനാക ഉണരുമായിരുന്നെന്നും ഉച്ച കഴിഞ്ഞ് കണക്ക് പഠിക്കുമെന്നും കെയർ ഹോം അധികൃതർ പറയുന്നു. ടനാകയുടെ പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്ന് ഒഥല്ലോയുടെ ഗെയിമായിരുന്നു.
"വരുന്ന സെപ്റ്റംബറിലെ ടനാകയെ നേരിട്ട് കാണാനും ചോക്ലേറ്റുകൾ നൽകാനും ലോക്കൽ ഗവർണർ സെറ്റാരോ ഹട്ടോറി തീരുമാനിച്ചിരുന്നു. ഈ വാർത്ത വളരെ വേദനിപ്പിക്കുന്നതായി ലോക്കൽ ഗവർണർ സെറ്റാരോ ഹട്ടോറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ലോകബാങ്ക് കണക്കുകൾ പ്രകാരം, ലോകത്ത് 65 വയസ്സിന് മുകളിൽ പ്രായമുളളവർ ഏറ്റവും കൂടുതൽ രാജ്യമാണ് ജപ്പാൻ. ടനാക അന്തരിച്ചതോടെ നിലവിൽ ലോകത്തെ ഏറ്റവും പ്രായമുള്ള വനിത ഫ്രാൻസിൽ നിന്നുള്ള ലൂസിലി റാൻഡനാണ്. 119 വയസ്സാണ് ലൂസിലിക്ക് ഉളളത്. എന്നാൽ, ലോകത്ത് ഇതുവരെ ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയും ഫ്രാൻസിൽ നിന്നാണ്.
ജീൻ ലൂയി കാൽമെന്റ് 1997 - ൽ അന്തരിക്കുമ്പോൾ 122 വർഷവും 164 ദിവസങ്ങളും ആയിരുന്നു ജീൻ ലൂയി കാൽമെന്റിന്റെ പ്രായം. എന്നാൽ, ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷനുള്ള ഗിന്നസ് ലോക റെക്കോർഡ് അടുത്തിടെ വരെ ഒരു ജപ്പാൻ കാരനായിരുന്നു. ജപ്പാനിലെ ചിതേത്‌സു വാതനാബെ (112) 2020 - ൽ ആണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കപ്പെടുന്ന പുതിയ വ്യക്തി ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അറിയിച്ചു.












Click it and Unblock the Notifications