
വിവാഹത്തിന് തൊട്ടുപിന്നാലെ അഫ്ഗാനില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി ഐഎസ് ഭീകരന്
കാബൂള്‍: മലയാളിയായ ഐ എസ് ഭീകരന് അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐ എസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രം. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐ എസ് ഖൊറാസന്‍ മുഖപത്രം 'വോയിസ് ഓഫ് ഖൊറാസന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള 23 -കാരനായ എം ടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നജീബിന്റേതായുള്ള ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ ഒന്നും വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
സ്വന്തം ഇഷ്ട പ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമില്‍ ഏകനായി താമസിച്ചിരുന്നുവെന്നും മലനിരകളിലെ ജീവിതത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പാകിസ്ഥാന്‍കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
എസ്പിയുടെ തോല്‍വി; ജില്ലാ വൈസ് പ്രസിഡന്റ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

എന്നാല്‍ വിവാഹ ദിവസം ഐ എസ് ഭീകരര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറാന് നജീബ് തീരുമാനിച്ചതായി ഐ എസ് ഖൊറാസന്‍ മുഖപത്രം പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം നടന്നുവെന്നും ഇതിന് പിന്നാലെ ചാവേര്‍ ആക്രമണത്തില്‍ നജീബ് പങ്കെടുക്കുകയായിരുന്നുവെന്ന് വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ഓഗസ്റ്റ് 16-ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് ഇ കെ525 എന്ന വിമാനത്തില്‍ നജീബ് ദുബായിലേക്ക് പോയി.

അവിടെ നിന്ന് സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഓഗസ്റ്റ് 15 ന് യുവാവിനെ കാണാതാവുകയും അടുത്ത ദിവസം ഇന്ത്യയില്‍ നിന്ന് ഒരു വിമാനത്തില്‍ യാത്ര തിരിച്ചതായും കണ്ടെത്തി. ഖൊറാസാനിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം കുറച്ചുകാലം ദുബായില്‍ താമസിച്ചിരുന്നതായി സംശയമുണ്ട്. വോയ്സ് ഓഫ് ഖൊറാസനില്‍ ഈ ഭാഗം പ്രസിദ്ധീകരിക്കുന്നത് വരെ നജീബിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഈ ലേഖനത്തില്‍ നജീബിന്റെ ഫോട്ടോയാണുള്ളത്-അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടിലും അതേ ഫോട്ടോയുണ്ട്,' ഉന്നത ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, നജീബ് തന്റെ അമ്മയ്ക്ക് ഫോണില്‍ ടെലിഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും സന്ദേശങ്ങള്‍ അയയ്ക്കുന്നതും സ്വീകരിക്കുന്നതും എങ്ങനെയെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. കാണാതായി രണ്ട് ദിവസത്തിന് ശേഷം, അവനെ കണ്ടെത്താന്‍ ശ്രമിക്കരുതെന്നും പോലീസിനെ സമീപിക്കരുതെന്നും പറഞ്ഞ് അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താന്‍ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നായിരുന്നു നജീബ് പറഞ്ഞത്. ഇതിന് ശേഷമാണ് നജീബിന്റെ അമ്മ പൊലീസില്‍ പോയി തന്റെ മകന് തീവ്രവാദി സംഘത്തില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി പരാതി രജിസ്റ്റര്‍ ചെയ്തതെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നജീബ് ഖൊറാസനില്‍ ഒറ്റയ്ക്കാണ് എത്തിയതെന്നാണ് വോയ്സ് ഓഫ് ഖൊറാസന്‍ ലേഖനം പറയുന്നത്. അല്ലാഹു തന്റെ മതത്തിലേക്ക് തിരഞ്ഞെടുത്ത ചുരുക്കം ചിലരില്‍ നിന്നുള്ള ആളായിരുന്നു നജീബ്. അള്ളാഹുവിന് വേണ്ടി തന്റെ സുഖങ്ങളും ആഡംബരങ്ങളും ഉപേക്ഷിച്ച് ഖുറാസാന്‍ പര്‍വതങ്ങളില്‍ ഹിജ്റ ചെയ്തു. അള്ളാഹു അവനെ നേര്‍വഴിയിലാക്കി, എന്നാണ് വോയ്സ് ഓഫ് ഖൊറാസന്‍ പറയുന്നത്.