നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കനേഡിയന്‍ പൊലീസ്, ഇന്ത്യന്‍ പങ്ക് അന്വേഷിക്കും
ഡൽഹി: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കനേഡിയന്‍ പൊലീസ്. നിജ്ജാറിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ് ഇവർ മൂന്നുപേരുമെന്നാണ് സംശയിക്കുന്നത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധവും വളരെ മോശപ്പെട്ട രീതിയിലേക്ക് മാറിയിരുന്നു.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് ആരോപിച്ച് രംഗത്ത് വന്നു. കൊലപാകത്തില്‍ "ഇന്ത്യൻ ഏജൻ്റുമാർക്ക്" പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. ഇതിനെതിരെ ശക്തമായ മറുപടിയുമായി ഇന്ത്യയും രംഗത്ത് വന്നു. അസംബന്ധമായ പ്രസ്താവനയാണ് ഇതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

കരൺ ബ്രാർ (22), കമൽപ്രീത് സിംഗ് (22), കരൺപ്രീത് സിംഗ് (22) എന്നിവരാണ് അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാർ. മൂന്ന് മുതൽ അഞ്ച് വർഷം വരെയായി ആൽബർട്ടയിൽ താമസിക്കുന്നവരാണ് ഇവരെന്നാണ് സംയോജിത അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന സൂപ്രണ്ട് മൻദീപ് മൂക്കർ പറഞ്ഞു. ഇവരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരാരും രാജ്യത്തെ സ്ഥിരതാമസക്കാരുമല്ല. ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകത്തിന് ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു.
ഇവരാരും തങ്ങളുടെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നവരല്ലെന്നും അവർക്ക് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച മികച്ച അന്വേഷണമാണ് നടക്കുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) അസിസ്റ്റൻ്റ് കമ്മീഷണർ ഡേവിഡ് ടെബൗൾ വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
"ഈ കാര്യങ്ങളിൽ പ്രത്യേകവും വ്യത്യസ്‌തവുമായ അന്വേഷണങ്ങൾ നടക്കുന്നുണ്ട്, തീർച്ചയായും ഇന്ന് അറസ്റ്റിലായ ആളുകളുടെ പങ്കാളിത്തത്തിൽ മാത്രം ഇത് പരിമിതപ്പെടുന്നില്ല, ഈ ശ്രമങ്ങളിൽ ഇന്ത്യാ ഗവൺമെൻ്റുമായുള്ള ബന്ധങ്ങൾ അന്വേഷിക്കുന്നതും ഉൾപ്പെടുന്നു," ഡേവിഡ് ടെബൗളിനെ ഉദ്ധരിച്ച് സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യ തിരയുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാർ വാൻകൂവറിന്റെ പ്രാന്തപ്രദേശമായ സറേയിൽ വച്ച് ജൂൺ 18 നാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഖാലിസ്ഥാനി ടൈഗർ ഫോഴ്‌സിന്റെയും സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) കനേഡിയൻ വിഭാഗത്തിന്റെയും തലവനായിരുന്നു ഹർദീപ് സിംഗ് നിജ്ജാർ. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള നിജ്ജർ 1997-ലാണ് കാനഡയിലേക്ക് കുടിയേറുന്നത്.
കഴിഞ്ഞ ജൂലൈയിൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയ കേസിൽ നിജ്ജാറിന് പിടികൂടാന്‍ വിവരം നല്‍കുന്നവർക്ക് ഇന്ത്യൻ തീവ്രവാദ വിരുദ്ധ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2007ൽ പഞ്ചാബിലെ സിനിമാ തിയേറ്ററിലുണ്ടായ സ്‌ഫോടനത്തിലും നിജ്ജാർ പ്രതിയാണ്












Click it and Unblock the Notifications