150 വയസ്സ് വരെ ജീവിക്കാൻ പറ്റും..! കോടികൾ ഒഴുക്കി റഷ്യ നടത്തുന്ന പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്ത്
കുതിരസവാരി നടത്തിയും ഐസ് ഹോക്കി കളിച്ചും തന്റെ ശാരീരികക്ഷമത എപ്പോഴും പൊതുവേദികളിൽ പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പുതിയൊരു അതീവ രഹസ്യ നീക്കം പുറത്ത്. വാർദ്ധക്യത്തെ പൂർണ്ണമായി തോൽപ്പിക്കാനും മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാനുമായി 'ന്യൂ ഹെൽത്ത് പ്രിസെർവേഷൻ ടെക്നോളജീസ്' (New Health Preservation Technologies) എന്ന പേരിൽ 26 ബില്യൺ ഡോളറിന്റെ (ഏകദേശം 2.1 ലക്ഷം കോടി രൂപ) ബൃഹത്തായ പദ്ധതിയാണ് പുടിന്റെ നേതൃത്വത്തിൽ റഷ്യയിൽ നടപ്പിലാക്കുന്നത്. എൺപതുകളിലേക്ക് കടക്കുന്ന പുടിൻ, തന്റെ അധികാരം ദീർഘകാലം നിലനിർത്താനുള്ള ഒരു തന്ത്രമായാണ് ഈ ശാസ്ത്ര ഗവേഷണത്തെ കാണുന്നതെന്നാണ് വോൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം ബീജിംഗിൽ നടന്ന സൈനിക പരേഡിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മനുഷ്യശരീരത്തിലെ അവയവങ്ങൾ തുടർച്ചയായി മാറ്റിസ്ഥാപിക്കുന്നതിലൂടെ അമരത്വം നേടാനാകുമെന്ന പുടിന്റെ രഹസ്യ സംഭാഷണം യാദൃാശ്ചികമായി മൈക്കിലൂടെ ചോർന്നിരുന്നു. അന്ന് പലരും ഇതൊരു തമാശയായി തള്ളിക്കളഞ്ഞെങ്കിലും, റഷ്യൻ ലബോറട്ടറികളിൽ ഇതിനായുള്ള വൻ പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും
മനുഷ്യന്റെ കോശങ്ങളുടെ പ്രായമാകൽ പ്രക്രിയയെ സാങ്കേതികവിദ്യയിലൂടെ പ്രതിരോധിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായി താഴെ പറയുന്ന പ്രധാന മേഖലകളിലാണ് റഷ്യൻ ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത്.

ജീൻ തെറാപ്പി: കോശങ്ങളുടെ പ്രായമാകൽ പ്രക്രിയ പതുക്കെയാക്കുന്നതിനുള്ള പ്രത്യേക ജീൻ തെറാപ്പി മരുന്നുകൾ റഷ്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചുവരികയാണ്. വാർദ്ധക്യത്തിനെതിരെയുള്ള പോരാട്ടത്തിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന ചുവടുവെപ്പാണിതെന്ന് റഷ്യൻ ശാസ്ത്ര മന്ത്രാലയം അവകാശപ്പെടുന്നു.
3D ഓർഗൻ പ്രിന്റിംഗ്: മനുഷ്യ ശരീരത്തിലെ കേടുവന്ന അവയവങ്ങൾക്ക് പകരമായി ലാബുകളിൽ കൃത്രിമമായി 3D ബയോപ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെ പുതിയ അവയവങ്ങൾ നിർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിലൂടെ എലികളുടെ തൈറോയ്ഡ് ഗ്രന്ഥികളും മനുഷ്യന്റെ തരുണാസ്ഥികളും (Cartilage) വിജയകരമായി നിർമ്മിച്ചെടുക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്. 2030-ഓടെ പൂർണ്ണമായ അവയവ മാറ്റിവെക്കൽ ഇതിലൂടെ സാധ്യമാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
മിനി പിഗ് ഗവേഷണം: ജനിതക മാറ്റം വരുത്തിയ ചെറിയ പന്നികളിൽ മനുഷ്യ ശരീരത്തിന് അനുയോജ്യമായ അവയവങ്ങൾ വളർത്തിയെടുക്കാനുള്ള പരീക്ഷണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.
പിന്നിൽ പുടിന്റെ അടുത്ത അനുയായികളും മകളും
റഷ്യയിലെ ഏറ്റവും പ്രശസ്തമായ കുർച്ചാതോവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനും പുടിന്റെ അടുത്ത സുഹൃത്തുമായ ഭൗതികശാസ്ത്രജ്ഞൻ മിഖായേൽ കോവൽചുക് ആണ് ഈ പദ്ധതിയുടെ പ്രധാന സൂത്രധാരൻ. ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ മനുഷ്യശരീരം നിരന്തരം അറ്റകുറ്റപ്പണികൾ നടത്തി പുതുക്കാൻ കഴിയുമെന്ന് അദ്ദേഹം വാദിക്കുന്നു. കൂടാതെ, പുടിന്റെ മൂത്ത മകളായ മരിയ വൊറോണ്ട്സോവയാണ് ഈ ജനിതക ഗവേഷണ പരിപാടികളുടെ മേൽനോട്ടം വഹിക്കുന്നത്.
അമേരിക്കയിലെ സിലിക്കൺ വാലിയിലെ കോടീശ്വരന്മാർ നടത്തുന്ന ആന്റി-ഏജിംഗ് പരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, റഷ്യയുടെ ഈ പദ്ധതികളിൽ പലതും അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ കൃത്യമായ വിലയിരുത്തലുകൾക്ക് വിധേയമാക്കിയിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്. ഉക്രൈൻ അധിനിവേശത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം റഷ്യൻ ശാസ്ത്രജ്ഞർക്ക് പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ലഭിക്കുന്നില്ലെന്നും, ഫണ്ട് നേടാനായി പുടിൻ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാണ് ശാസ്ത്രജ്ഞർ പറയുന്നതെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
തന്റെ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്ന പുടിൻ കോവിഡ് കാലത്ത് കടുത്ത ക്വാറന്റൈൻ നിയമങ്ങളും ഡിസിൻഫെക്ഷൻ ടണലുകളും ഉപയോഗിച്ചിരുന്നു. കൂടാതെ, മൈനസ് 170 ഡിഗ്രി ഫാരൻഹീറ്റ് തണുപ്പിൽ ശരീരത്തെ പ്രതിഷ്ഠിക്കുന്ന ക്രിയോതെറാപ്പിയും പുടിൻ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റഷ്യയിലെ സാധാരണ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 68 വയസ്സായി തുടരുമ്പോഴാണ്, ഭരണകൂടത്തിലെ പ്രായമാകുന്ന ഉന്നത നേതാക്കൾക്കായി കോടികൾ ഒഴുക്കി ഇത്തരമൊരു അമരത്വ പരീക്ഷണം റഷ്യ നടത്തുന്നത്.












Click it and Unblock the Notifications