രാജ്‌നാഥിനെ പറഞ്ഞിട്ട് കാര്യമില്ല, നേപ്പാള്‍ പ്രധാനമന്ത്രിയും ഭൂചലനം അറിഞ്ഞത് മോദി വഴി
ദില്ലി: നേപ്പാളിലും ഇന്ത്യയിലും ഭൂചലനം ഉണ്ടായ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ ചെയ്തപ്പോഴാണ് നമ്മുടെ ആഭ്യന്തര മന്ത്രി അറിഞ്ഞത്. അത് അത്ര വലിയ പ്രശ്‌നമൊന്നും അല്ല. എന്നാല്‍ നേപ്പാളിലെ പ്രധാനമന്ത്രി പോലും വിവരം അറിഞ്ഞത് നരേന്ദ്ര മോദി വഴി ആണെങ്കിലോ?
നേപ്പാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്. രാജ്യ തലസ്ഥാനമായ കാഠ്മണ്ഡു ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. പക്ഷേ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള വിവരം അറിഞ്ഞത് നരേന്ദ്ര മോദിയുടെ ട്വീറ്റ് കണ്ടിട്ടായിരുന്നു.

ഇന്തോനേഷ്യയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയതായിരുന്നു സുശീല്‍ കൊയ് രാള. ഇന്തോനേഷ്യയില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം ഉണ്ടായിരുന്നു. അതിന് ശേഷം ചികിത്സക്കായി ബാങ്കോക്കിലേക്ക് പോവുകയായിരുന്നു. ബാങ്കോക്കില്‍ വിമാനമിറങ്ങിയപ്പോള്‍ ആണ് കൊയ് രാള നരേന്ദ്ര മോദിയുടെ ട്വീറ്റ് കാണുന്നത്. അപ്പോഴാണ് അദ്ദേഹം വിവരം അറിയുന്നതും കാര്യങ്ങള്‍ അന്വേഷിയ്ക്കാന്‍ തുടങ്ങിയതും.
മോദിയുടെ ട്വീറ്റുകളാണ് തുടര്‍ന്നും തങ്ങള്‍ക്ക് പല വിവരങ്ങളും ലഭ്യമാക്കിയതെന്ന് കൊയ് രാളയ്‌ക്കൊപ്പം ഉണ്ടായിരുന്ന നേപ്പാള്‍ വിദേശകാര്യ മന്ത്രി മഹേന്ദ്ര ബഹാദുല്‍ പാണ്ഡെ പറഞ്ഞു. നേപ്പാളിന് വേണ്ടി ഇന്ത്യ ചെയ്ത സഹായങ്ങള്‍ക്ക് പാണ്ടെ നരേന്ദ്ര മോദിയോട് നന്ദിയും പറഞ്ഞു. മോദി തങ്ങള്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍ ഒരിയ്ക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications