നേപ്പാള്‍ പ്രധാനമന്ത്രിയായി വിപ്ലവ നേതാവ് കെപി ഒലി അധികാരമേറ്റു
കാഠ്മണ്ഡു: 41-ാമത് നേപ്പാള്‍ പ്രധാനമന്ത്രിയായി മുന്‍ വിപ്ലവാചാര്യനും സിപിഎന്‍-യുഎംഎല്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യുണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) നേതാവുമായ കെ പി ഒലി എന്ന ഖഡ്ഗ പ്രസാദ് ഒലി സ്ഥാനമേറ്റു. ഇത് രണ്ടാം തവണയാണ് 65കാരനായ ഇദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത പരാജയമേറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഷേര്‍ ബഹദുര്‍ ദുബെ രാജിവെയ്ക്കുകയായിരുന്നു. രാജ്യത്ത് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടതിന് പിന്നാലെയിരുന്നു ദുബെയുടെ രാജി.

കഴിഞ്ഞ വര്‍ഷം മേയില്‍ മുന്‍ പ്രധാനമന്ത്രിയും സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവുമായ പ്രചണ്ഡ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ദുബെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 2015 ഒക്ടോബര്‍ 11 മുതല്‍ 2016 ഓഗസ്റ്റ് മൂന്നു വരെ കെ പി ഒലി പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ സര്‍ക്കാരിലെ ഒരു കക്ഷി കൂറുമാറിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായിരുന്ന നേപ്പാളി കോണ്‍ഗ്രസിന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് മാത്രമാണു ലഭിച്ചത്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന പ്രത്യേകചടങ്ങില്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി കെപി ഒലിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎന്‍-യുഎംഎല്‍, പ്രചണ്ഡ നയിക്കുന്ന സിപിഎന്‍-മാവോയിസ്റ്റ് സെന്ററുമായി ചേര്‍ന്നുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യമാണ് വന്‍വിജയത്തിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പില്‍ 275ല്‍ 174 സീറ്റും ഇടതുമുന്നണി നേടിയിരുന്നു.
ചെറുപ്പം മുതലേ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ കെപി ഒലി പതിനെട്ടാം വയസ്സില്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. നേപ്പാള്‍ രാജവാഴ്ചക്കാലത്തെ പോലിസ് കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം അദ്ദേഹം ഒളിജീവിതം നയിച്ചു. തീവ്രകമ്മ്യൂണിസ്റ്റ് നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം 14 കൊല്ലം ജയിലില്‍ കിടന്നിരുന്നു.












Click it and Unblock the Notifications