സെപ്തംബര്‍ 25ലെ കുര്‍ദ് ഹിതപരിശോധന നീട്ടിവച്ചേക്കും; കാരണം?
ബഗ്ദാദ്: ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയായി സപ്തംബര്‍ 25ന് നടത്താനിരുന്ന കുര്‍ദ് ഹിതപരിശോധന തല്‍ക്കാലം നീട്ടിവയ്ക്കുമെന്ന് വിലയിരുത്തല്‍. ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റാണ് (കെ.ആര്‍.ജി) കുര്‍ദ് പ്രദേശം ഹിതപ്പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇറാഖ് നല്‍കിയ പുതിയ സാമ്പത്തിക-രാഷ്ട്രീയ വാഗ്ദാനങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍ തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും പിന്‍മാറാന്‍ കുര്‍ദ് നേതൃത്വം ആലോചിക്കുന്നത്.

കുര്‍ദ് സംഘം ഇറാഖ് സന്ദര്‍ശിക്കും
ഇതിന്റെ മുന്നോടിയായി കുര്‍ദ് പ്രതിനിധി സംഘം ഇറാഖ് സന്ദര്‍ശിക്കുമെന്ന് പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്‍ (പി.യു.കെ) പോളിറ്റ് ബ്യൂറോ എക്‌സിക്യൂട്ടീവ് സെക്രട്ടറി മാല ബക്തിയാര്‍ അറിയിച്ചു.
സ്വതന്ത്ര കുര്‍ദ് രാജ്യത്തിനായുള്ള ഹിതപരിശോധനാ നീക്കം മധ്യപൗരസ്ത്യ ദേശത്തെ തന്നെ അസ്ഥിരിപ്പെടുത്തുമെന്നും ഐ.എസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിന്റെ ശക്തി കുറയ്ക്കുമെന്നും അമേരിക്കയും മേഖലയിലെ മറ്റ് രാജ്യങ്ങളും ആശങ്കപ്പെടുന്നതിനിടയിലാണ് കുര്‍ദുകളുടെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമുണ്ടായിരിക്കുന്നത്.

സാമ്പത്തിക-രാഷ്ട്രീയ പാക്കേജ്
വോട്ടിംഗ് മാറ്റിവയ്ക്കുന്നതിനു പകരമായി കുര്‍ദ് ഭരണകൂടത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് 120 കോടി ഡോളര്‍ നല്‍കിയേക്കും. രാഷ്ട്രീയമായി, എണ്ണ സമ്പന്നമായ കിര്‍ക്കുക് പ്രദേശവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തര്‍ക്കം പരിഹരിക്കണം.
പ്രതിനിധി സംഘം ഇറാഖ് അധികൃതരുമായി നടത്തുന്ന ചര്‍ച്ചയിലെ ഉള്ളടക്കം വിലയിരുത്തിയ ശേഷമായിരിക്കും കുര്‍ദ് നേതാക്കള്‍ ഹിതപരിശോധന മാറ്റുന്നകാര്യം പരിഗണിക്കുക. എന്നാല്‍ ഇപ്പോള്‍ മാറ്റിവയ്ക്കുന്ന ഹിതപരിശോധന പിന്നീട് നടത്തുമെന്ന വ്യവസ്ഥയിലാവും തീരുമാനം. കുര്‍ദുകള്‍ സ്വന്തമായി എണ്ണ കയറ്റുമതി ആരംഭിച്ച 2014നു ശേഷം കുര്‍ദ് സര്‍ക്കാരിനുള്ള കേന്ദ്ര ബജറ്റ് ഇറാഖ് നിര്‍ത്തലാക്കിയിരുന്നു.

അയല്‍രാജ്യങ്ങള്‍ പ്രതീക്ഷയില്‍
എന്ത് എതിര്‍പ്പുകളുണ്ടായാലും സപ്തംബര്‍ 25ന് തന്നെ ഹിതപരിശോധന നടത്തുമെന്നായിരുന്നു കെ.ആര്‍.ജി പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ നേരത്തേയുള്ള നിലപാട്. തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണിന്റെ അഭ്യര്‍ഥന നേരത്തേ കുര്‍ദുകള്‍ തള്ളിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതില്‍ അല്‍പം അയവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ മറ്റ് രാജ്യങ്ങള്‍.

സ്വാതന്ത്ര്യ ആവശ്യത്തിന് നൂറ്റാണ്ട് പഴക്കം
ഒന്നാം ലോക മഹായുദ്ധത്തോളം പഴക്കമുള്ളതാണ് സ്വതന്ത്രരാഷ്ട്രം വേണമെന്ന കുര്‍ദുകളുടെ ആവശ്യം. ബ്രിട്ടന്റെ നേതൃത്വത്തിലുള്ള കൊളോണിയല്‍ ശക്തികള്‍ അന്നത്തെ മധ്യപൗരസ്ത്യ ദേശത്തെ വീതം വെച്ചപ്പോള്‍ കുര്‍ദ് പ്രദേശങ്ങളെ തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ വിഭജിക്കുകയായിരുന്നു. ഈ നാല് രാജ്യങ്ങളും സ്വതന്ത്ര കുര്‍ദ് രാഷ്ട്രമെന്ന സങ്കല്‍പത്തിന് ഇപ്പോള്‍ എതിരാണ്.
ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബദി നേരത്തേ തന്നെ ഹിതപരിശോധനാ നീക്കത്തെ എതിര്‍ത്തിരുന്നു. അസമയത്തുള്ള നീക്കമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇറാഖിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന ഏകപക്ഷീയമായ നീക്കമെന്ന പ്രസ്താവനയുമായി ഇറാനും ഇതിനെതിരേ രംഗത്ത് വന്നിരുന്നു. ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന ഇറാഖില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്താനുള്ള നീക്കം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്ലുവും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications