കുവൈത്ത് കോടിപതികളുടെ നാട്; എന്നിട്ടും അമേരിക്ക എന്തിന് ഇത് ചെയ്തു, അപ്രതീക്ഷിത നടപടി
കുവൈത്ത് സിറ്റി: കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസമാണ് അമേരിക്ക പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ വിസ നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. പാകിസ്താന്‍, ബംഗ്ലാദേശ്, ഇറാന്‍ ലിബിയ, മ്യാന്‍മര്‍ തുടങ്ങി 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജനുവരി 21 മുതല്‍ അമേരിക്ക കുടിയേറ്റ വിസ നല്‍കില്ല.
എന്നാല്‍ അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളും ഉള്‍പ്പെടും. കുവൈത്ത് ഉള്‍പ്പെട്ടത് ഗള്‍ഫ് മേഖലയില്‍ വലിയ ചര്‍ച്ചയായി. പട്ടിക തയ്യാറാക്കുമ്പോള്‍ അമേരിക്ക കൃത്യമായ പഠനം നടത്തിയില്ലേ എന്നാണ് ചോദ്യം. കൂടാതെ ഭൂട്ടാന്‍, തായ്‌ലാന്റ്, ബ്രസീല്‍ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

കുവൈത്തും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ കുടിയേറ്റ വിസാ നിരോധന പട്ടികയില്‍ ഉള്‍പ്പെട്ടത് ആശ്ചര്യപ്പെടുത്തുന്നതാണ് എന്ന് മാധ്യമപ്രവര്‍ത്തകന്‍ സദാനന്ദ് ധുമെ പറയുന്നു. അമേരിക്കയുടെ നടപടിയില്‍ തായ്‌ലാന്റ് പ്രതിഷേധിച്ചു. അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.
അമേരിക്കന്‍ ടൂറിസ്റ്റുകളുടെ ഇഷ്ടരാജ്യമാണ് തായ്‌ലാന്റ്. ഇവര്‍ അമേരിക്കക്കെതിരെ നയതന്ത്ര നീക്കം നടത്തുമോ എന്നാണ് ഇനി അറിയേണ്ടത്. അമേരിക്കയും പാകിസ്താനും മികച്ച ബന്ധമാണ്. പാകിസ്താന്‍ പട്ടാള മേധാവി നിരന്തരം അമേരിക്ക സന്ദര്‍ശിച്ച് ട്രംപുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും അമേരിക്ക പുറത്തിറക്കിയ വിസാ നിരോധിത പട്ടികയില്‍ പാകിസ്താനും ഉള്‍പ്പെട്ടിട്ടുണ്ട്.
കുവൈത്ത് നിസാര ജിസിസി രാജ്യമല്ല
സൗത്ത് അമേരിക്കയിലെ പ്രധാന സാമ്പത്തിക ശക്തിയാണ് ബ്രസീല്‍. എന്നിട്ടും ബ്രസീല്‍ അമേരിക്കയുടെ പട്ടികയില്‍ ഇടംപിടിച്ചു. അമേരിക്കയിലേക്ക് വന്‍തോതില്‍ കുടിയേറുന്നവരല്ല ബ്രസീലുകാര്‍. അമേരിക്കയിലെ വിദേശികളില്‍ ഒരു ശതമാനം മാത്രമാണ് ബ്രസീലുകാര്‍. കുവൈത്തിന്റെ കാര്യം അതിനേക്കാള്‍ രസകരമാണ്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയാണ് കുവൈത്ത്.
ലോകത്ത് ഏറ്റവും ഉയര്‍ന്ന ആളോഹരി ജിഡിപിയുള്ള രാജ്യമാണ് കുവൈത്ത്. ലോകത്ത് ഏറ്റവും മൂല്യമേറിയ കറന്‍സിയുള്ള രാജ്യവും കുവൈത്ത് ആണ്. അമേരിക്കയിലെ മൊത്തം കുവൈത്തികളുടെ എണ്ണം 40000ത്തില്‍ താഴെയാണ്. ഇതില്‍ മൂന്നിലൊന്നും വിദ്യാര്‍ഥികളാണ്. കുവൈത്തില്‍ നിന്ന് സ്ഥിരമായ കുടിയേറ്റക്കാരോ ജോലി തേടി വരുന്നവരോ കുറവാണ്. എന്നിട്ടും കുവൈത്ത് അമേരിക്കയുടെ വിസാ നിരോധന പട്ടികയില്‍ ഉള്‍പ്പെട്ടു.
അമേരിക്കക്കാരുടെ വരുമാനം ചോര്‍ത്തുന്നവര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് കുടിയേറ്റ വിസയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശികള്‍ സ്ഥിര താമസത്തിന് എത്തി ജോലി ചെയ്യുന്നതിനാല്‍ അമേരിക്കക്കാര്‍ക്ക് ജോലി കിട്ടാത്ത അവസ്ഥ വരുന്നു എന്നും യുഎസ് ഭരണകൂടം അവകാശപ്പെടുന്നു. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ് എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications