കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ്; ഫലം ഇന്ന്
കുവൈത്ത് സിറ്റി; കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ചൊവ്വാഴ്ചയായിരുന്നു നിർണായക തിരഞ്ഞെടുപ്പ്. 5 മണ്ഡലങ്ങളിൽ നിന്ന് 10 പേർ വീതം 50 പേരാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുക. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ സഭയിലെ 46 അംഗങ്ങളും നിരവധി മുൻ എംപിമാരും സ്ഥാനാർത്ഥികളായിരുന്നു.
കുവൈത്തിൽ മൂന്ന് വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു അവസാനം തിരഞ്ഞെടുപ്പ് നടന്നത്. 2020 ലെ പാർലമെന്റ് പിരിച്ചുവിടുകയും 2022 സപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പ് ഭരണഘടന കോടതി അസാധുവാക്കുകയും ചെയ്തതോടെയായിരുന്നു രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.

മാർച്ചിലായിരുന്നു ഭരണഘടന കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫിന്റെ നേതൃത്വത്തിൽ ഏപ്രിലിൽ പുതിയ മന്ത്രിസഭ അധികാരമേറ്റിരുന്നു. 15 അംഗങ്ങളായിരുന്നു മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രത്യേക അധികാരം ഉപയോഗിച്ച് കുവൈത്ത് അമീർ പാർലമെന്റ് പിരിച്ചുവിടാൻ ഉത്തരവിടുകയായിരുന്നു.
അതേസമയം പാർലമെന്റും സർക്കാരും തമ്മിലുള്ള ഭിന്നത രാജ്യത്ത് രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ 2 അസംബ്ലികളും കാലാവധി പൂർത്തിയാക്കാതെ പിരിച്ചുവിടുകയായിരുന്നു. 1963-ലാണ് കുവൈത്തിന്റെ ആദ്യ പാർലമെന്റ് രൂപീകരിച്ചത്. എന്നാൽ പിന്നീട് നിരവധി തവണ നിയമസഭ പിരിച്ചുവിട്ടിട്ടുണ്ട്.












Click it and Unblock the Notifications