മയക്കുമരുന്ന് കേസുകളിൽ തടവിലാക്കപ്പെട്ട അമേരിക്കാരെ വിട്ടയച്ച് കുവൈത്ത്
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ തടവുകാരെ വിട്ടയച്ച് കുവൈത്ത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന മുൻ സൈനികരും സൈനിക കരാറുകാരും ഉൾപ്പെടെയുള്ളവരെയാണ് മോചിപ്പിച്ചത്. അടുത്തിടെ യുഎസ് പ്രതിനിധി ആദം ബോഹ്‌ലർ കുവൈത്ത് ഭരണകർത്താക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശരാജ്യങ്ങളിലെ ജയിലിൽ കഴിയുന്ന അമേരിക്കക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗാമയിട്ടായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുവൈത്ത് അമേരിക്കാരെ മോചിപ്പിച്ചത്.
മോചിതരായ ആറ് പേർ സ്വകാര്യ കൺസൾട്ടന്റായ ജോനാഥൻ ഫ്രാങ്ക്സിനൊപ്പം ന്യായോർക്കിലേക്ക് തിരിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. 'ഈ മാനുഷിക പരിഗണനയ്ക്ക് തന്റെ ക്ലയന്റുകളും അവരുടെ കുടുംബാംഗങ്ങളും കുവൈത്ത് സർക്കാരിനോട് നന്ദിയുള്ളവരായിരിക്കും', ഫ്രാങ്ക്സ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ തടവുകാരെ ഉടൻ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇതുവരെ കുവൈത്ത് പ്രതികരിച്ചിട്ടില്ല. മാത്രമല്ല വിട്ടയച്ചവരുടെ പേര് വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയുടെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷി രാജ്യമാണ് കുവൈത്ത്. വളരെ അടുത്ത ബന്ധമാണ് യുഎസ് കുവൈത്തുമായി പുലർത്തുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി എല്ലാ പിന്തുണയും യുഎസ് ഉറപ്പാക്കുമെന്ന് അടുത്തിടെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത സൈനിക പങ്കാളിത്തവമുണ്ട്.
അതേസമയം മയക്കുമരുന്ന് കുറ്റകൃത്യത്തിന്റെ പേരിൽ നിരവധി അമേരിക്കൻ സൈനികരെ കുവൈത്ത് തടവിലാക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും എതിരെ കർശനമായ നിയമങ്ങൾ നിലനിൽക്കുന്ന കുവൈത്ത് പോലൊരു രാജ്യത്ത് കടുത്ത പീഡനമാണ് തടവിലാക്കപ്പെട്ടവർ നേരിടുന്നതെന്ന് ഇവരുടെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കുവൈത്ത് നൽകുന്നത്.












Click it and Unblock the Notifications