കുവൈത്ത് തന്ത്രം മെനയുന്നു; സൗദി അറേബ്യയും റഷ്യയും പയറ്റിയ അടവ്, നേടിയത് രണ്ട് ലക്ഷ്യങ്ങള്‍
കുവൈത്ത് സിറ്റി: ക്രൂഡ് ഓയില്‍ കയറ്റുമതിയിലാണ് സൗദി അറേബ്യ കുറവ് വരുത്തിയത്. സൗദിയുടെ പാത പിന്തുടര്‍ന്ന് റഷ്യയും ഉല്‍പ്പാദനം കുറച്ചിരുന്നു. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് പ്രതിദിനം 13 ലക്ഷം ബാരല്‍ ഉല്‍പ്പാദനമാണ് വരുന്ന ഡിസംബര്‍ 31 വരെ കുറയ്ക്കാന്‍ തീരുമാനിച്ചത്. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്. ഇവരുടെ നീക്കം പാതി ലക്ഷ്യം കാണുകയും ചെയ്തു.
എന്നാല്‍ എണ്ണ രാജ്യമായ കുവൈത്ത് സമാനമായ നീക്കം ആരംഭിച്ചിരിക്കുകയാണ്. സെപ്തംബറില്‍ റെക്കോര്‍ഡ് കയറ്റുമതി നടത്തിയ കുവൈത്ത് ഒക്ടോബറില്‍ വന്‍ തോതില്‍ കുറവ് വരുത്തി. ക്രൂഡ് ഓയിലാണ് സൗദി അറേബ്യയും റഷ്യയും കുറച്ചതെങ്കില്‍ കുവൈത്ത് കുറച്ചിരിക്കുന്നത് ഫ്യുവല്‍ ഓയില്‍ കയറ്റുമതിയാണ് എന്ന് മാത്രം. എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമെന്ന് പറയാം.

ഫ്യുവല്‍ ഓയില്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് കുവൈത്ത്. ഉല്‍പ്പാദനത്തില്‍ 30 ശതമാനമാണ് കുവൈത്ത് കഴിഞ്ഞ മാസം കുറച്ചത്. രണ്ട് ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. ഒന്ന് ഫ്യുവല്‍ ഓയിലിന് വില ഉയര്‍ത്തുക, മറ്റൊന്ന് തങ്ങളുടെ ആഭ്യന്തര വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുക. രണ്ട് കാര്യത്തിലും കുവൈത്ത് ലക്ഷ്യം നേടുന്നു എന്നാണ് വാര്‍ത്തകള്‍.
സെപ്തംബറില്‍ 7.20 ലക്ഷം മെട്രിക് ടണ്‍ ഫ്യുവല്‍ ഓയിലാണ് കുവൈത്ത് കയറ്റുമതി ചെയ്തത്. എന്നാല്‍ ഒക്ടോബറില്‍ ഇത് 4.90 മെട്രിക് ടണ്‍ ആക്കി കുറച്ചുവെന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു. വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ കയറ്റുമതിയിലാണ് കുവൈത്ത് കുറവ് വരുത്തിയത്. ബാക്കി വൈദ്യുതി ഉല്‍പ്പാദനത്തിനും കപ്പലുകളുടെ ആവശ്യത്തിനും ഉപയോഗിച്ചു.
കുവൈത്ത് കയറ്റുമതി കുറച്ചതോടെ ഏഷ്യന്‍ വിപണിയിലെ സള്‍ഫര്‍ ഫ്യുവല്‍ ഓയിലിന് വില കുത്തനെ വര്‍ധിച്ചു. നാല് മാസത്തെ ഉയര്‍ന്ന നിരക്കാണ് സിംഗപ്പൂര്‍ ബെഞ്ച് മാര്‍ക്ക് രേഖപ്പെടുത്തിയത്. ബാരലിന് 13 ഡോളര്‍ ഉയര്‍ന്നുവത്രെ. ക്രൂഡ് ഓയില്‍ സംസ്‌കരിച്ചാല്‍ ലഭിക്കുന്ന ഒരു ഉല്‍പ്പന്നമാണ് ഫ്യുവല്‍ ഓയില്‍. ഇതില്‍ സള്‍ഫറിന്റെ അംശം ചേരുമ്പോള്‍ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ എന്ന് പറയും.
കുവൈത്ത് അടുത്തിടെയാണ് അസ്സൗര്‍ എണ്ണ ശുദ്ധീകരണ ശാല പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇവിടെ ഉല്‍പ്പാദനം സമ്പൂര്‍ണ തോതില്‍ ആരംഭിച്ചിട്ടില്ല. സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ വലിയ തോതില്‍ ദോഹയിലെ കപ്പലുകള്‍ നിറയ്ക്കാന്‍ ഉപയോഗിച്ചു. ബാക്കി അസ്സൗര്‍ വൈദ്യുത നിലയത്തിലെ ആവശ്യങ്ങള്‍ക്കും. സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ ഹൈ, ലോ എന്നീ വിഭാഗങ്ങളായി രണ്ട് തരമുണ്ട്.
സള്‍ഫറിന്റെ അംശം എത്രത്തോളമുണ്ട് എന്നത് കണക്കാക്കിയാണ് തരംതിരിക്കുക. ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ പ്രധാനമായും വൈദ്യുതി ഉല്‍പ്പാദനത്തിനാണ് ഉപയോഗിക്കുക. നവംബറിലും ഇതേ രീതിയില്‍ തന്നെയാണ് കുവൈത്ത് കയറ്റുമതി ചെയ്യുക എന്നാണ് വിവരം. അതോടെ വില ഇനിയും ഉയരും. ഡിസംബര്‍ ആകുമ്പോഴേക്കും ഈ ഫ്യുവല്‍ ഓയിലിന് 21 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications