കുവൈത്ത് ടു ഇന്ത്യ യാത്ര സിംപിള്‍; എംബസിയില്‍ പോകേണ്ട, 5 വര്‍ഷം വരെയുള്ള ടൂറിസ്റ്റ് വിസ
കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് വിസാ നടപടികള്‍ ലളിതമാക്കി ഇന്ത്യ. ഇ-വിസ ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേരിട്ട് എംബസിയില്‍ എത്താതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാം. നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വിസ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണിത് എന്ന് അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു.
ഔദ്യോഗിക ഇന്ത്യന്‍ വിസ പോര്‍ട്ടല്‍ വഴി വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷകന്‍ നേരിട്ട് വരേണ്ടതില്ല. അഞ്ച് പ്രധാന കാറ്റഗറികളിലായിട്ടാണ് ഇ-വിസ അനുവദിക്കുന്നത്. ടൂറിസം, ബിസിനസ്, മെഡിക്കല്‍, ആയുഷ്-യോഗ, കോണ്‍ഫറന്‍സ് എന്നീ കാറ്റഗറികളിലാണ് വിസ. ഓരോ വിസയ്ക്കും വ്യത്യസ്തമായ കാലയളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ടൂറിസ്റ്റ് വിസയ്ക്ക് അഞ്ച് വര്‍ഷം കാലാവധിയുണ്ടാകും. ബിസിന് വിസയ്ക്ക് ഒരു വര്‍ഷവും. ചികില്‍സ ആവശ്യാര്‍ഥമുള്ള വിസയ്ക്ക് 60 ദിവസമാകും കാലാവധി. നാല് പ്രവൃത്തി ദിവസത്തിനകം വിസ ലഭിക്കുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഡിജിറ്റല്‍ രംഗം കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഇ-വിസ പ്രഖ്യാപിച്ചത്.
ഓരോ വിസയ്ക്കും വ്യത്യസ്തമായ ഫീസ് ആയിരിക്കും. ഏത് വിസയാണ്, എത്ര കാലം ഇന്ത്യയില്‍ നില്‍ക്കണം എന്നതിനെല്ലാം ആശ്രയിച്ചിരിക്കും ഫീസ്. ഏകദേശം 40 മുതല്‍ 80 ഡോളര്‍ വരെ ഫീസ് പ്രതീക്ഷിക്കാം. ഇ-വിസ നടപ്പാക്കി എന്നുകരുതി പേപ്പര്‍ വിസ നിര്‍ത്തിവയ്ക്കുന്നില്ല. അതും തുടരുമെന്ന് അംബാസഡര്‍ വ്യക്തമാക്കി. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്ന വേളയില്‍ വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ഇന്ത്യയിലെത്തിയാല്‍ വിരലടയാളം ശേഖരിക്കും
ഇ-വിസ ലഭിച്ച് ഇന്ത്യയിലെത്തുന്ന വേളയില്‍ വിമാനത്താവളത്തില്‍ വച്ച് വിരലടയാളം ശേഖരിക്കും. ടൂറിസം, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍, യോഗ പരിപാടികളില്‍ പങ്കെടുക്കല്‍, കുറഞ്ഞ കാലത്തേക്കുള്ള കോഴ്‌സിന് ചേരല്‍, സേവന പ്രവര്‍ത്തനം, ചികില്‍സ, ബിസിനസ് ചര്‍ച്ചകള്‍, സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ഇ-വിസ ലഭിക്കും.
ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അപേക്ഷകന് ഉണ്ടായിരിക്കണം. മടക്ക ടിക്കറ്റ് ആവശ്യമാണ്. ഇന്ത്യയില്‍ താമസിക്കുന്ന കാലത്തോളം ചെലവിനുള്ള പണം കൈവശമുണ്ടായിരിക്കണം, ഓരോ അപേക്ഷകനും പ്രത്യേകം പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്. പാകിസ്താന്‍ പാസ്‌പോര്‍ട്ട് ഉള്ള വ്യക്തിയോ പാകിസ്താന്‍ വംശജനോ ആണെങ്കില്‍ അപേക്ഷിക്കാന്‍ സാധിക്കില്ല.
കുവൈത്തുമായി ഇന്ത്യയ്ക്ക് ദശാബ്ദങ്ങളുടെ സഹകരണമുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയുമായി ക്രൂഡ് ഓയില്‍ ഇടപാടുള്ള രാജ്യം കൂടിയാണ് കുവൈത്ത്. സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഇ-വിസയ്ക്ക് പിന്നിലുണ്ട്. 170 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ ഇ-വിസ അനുവദിക്കുന്നുണ്ട്.












Click it and Unblock the Notifications