സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാർ അംഗീകരിക്കില്ല: യുക്രൈൻ
കിയെവ്: പ്രദേശം വിട്ട് നൽകിയുള്ള സമാധാന കരാർ അം ഗികരിക്കാൻ സാധിക്കില്ലെന്ന് യുക്രൈൻ. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുക്രൈൻ പുതിയ നിലപാട് വ്യക്തമാക്കിയത്. ഇളവുകൾ ഇതിലും വലിയതും രക്തരൂക്ഷിതമായതുമായ റഷ്യൻ ആക്രമണത്തിലേക്ക് നയിക്കുമെന്ന് പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു.
കിഴക്ക് സെവെറോഡോനെറ്റ്‌സ്കിനെ പ്രതിരോധിക്കുന്ന യുക്രൈൻ സൈന്യത്തെ വളയാനുള്ള റഷ്യയുടെ ശ്രമം തുടരുന്നതിനിടെയാണ് പോഡോലിയാക് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ യുദ്ധത്തിൽ റഷ്യൻ സൈന്യം യുക്രൈനിയൻ പ്രതിരോധം തകർത്ത് രാജ്യത്തിന്റെ കിഴക്കൻ ലുഹാൻസ്ക് മേഖലയിലെ ഭരണപരമായ അതിർത്തികളിൽ എത്താൻ ശ്രമിക്കുകയാണെന്ന് യുക്രൈൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് അതിന്റെ ദൈനംദിന അപ്‌ഡേറ്റിൽ പറഞ്ഞു. നാല് വ്യത്യസ്ഥ ദിശകളിൽ നിന്ന് സെവെറോഡോനെറ്റ്സ്കിലേക്ക് കടക്കാൻ റഷ്യ ശ്രമിച്ചതായി ലുഹാൻസ്ക് റീജിയണൽ ഗവർണർ സെർഹി ഹൈദായിയും പറഞ്ഞു.

ജനവാസ മേഖലകളിൽ റഷ്യ ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നും ഈ ആക്രമണത്തിൽ നഗരത്തിന്റെ അടുത്തുള്ള സിചാൻസ്കുമായി ബന്ധിപ്പിക്കുന്ന ഒരു പാലം തകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡ കിയെവിൽ പാർലമെന്റിനെ നേരിട്ട് അഭിസംബോധന ചെയ്തു. യുക്രൈനിയക്കാർക്ക് മാത്രമേ തങ്ങളുടെ ഭാവി തീരുമാനിക്കാൻ കഴിയൂ എന്നും യുക്രൈനെ യൂറോപ്യൻ യൂണിയനിൽ ചേർക്കാൻ പോളണ്ടിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യുക്രൈയ്നെ ഒരു യൂറോപ്യൻ യൂണിയൻ അംഗമായി അംഗീകരിക്കാൻ 15 അല്ലെങ്കിൽ 20 വർഷം വേണ്ടിവരുമെന്ന് ഫ്രാൻസിന്റെ യൂറോപ്പ് മന്ത്രി ക്ലെമന്റ് ബ്യൂൺ ഞായറാഴ്ച ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.
യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത തെക്കും കിഴക്കുമുള്ള പ്രദേശങ്ങളിൽ ഇപ്പോഴും ആക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റഷ്യ ഇവിടങ്ങളിൽ ആക്രമണം നിർത്തണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി വ്യാഴാഴ്ച തന്റെ രാജ്യത്തെ സെനറ്റിനോട് പറഞ്ഞു. എന്നാൽ ഈ നടപടി കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് പോഡോലിയാക് പറഞ്ഞു. കുറച്ചു സമയത്തേക്ക് അക്രമത്തെ പിടിച്ചു നിർത്താൻ മാത്രമെ ഈ നടപടികൊണ്ട് സാധിക്കു. കൂടുതൽ ശക്തമായ ആക്രമണം വീണ്ടും നടക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യക്കാരും ഒരുപോലെ അം ഗികരിക്കുന്ന ഒരു കരാർ യുദ്ധം അവസാനിപ്പിക്കാനായി നിർമ്മിക്കണമെന്ന് യുക്രൈൻ പറഞ്ഞു.












Click it and Unblock the Notifications