'നിയമ സഹായത്തിന് രേഖകള്‍ ഒപ്പിടണം, ഇമ്രാനെ സമീപിക്കാന്‍ സാധിക്കുന്നില്ല'; അഭിഭാഷകന്റെ പരാതി
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ച മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സമീപിക്കാന്‍ സാധിക്കുന്നില്ലെന്ന് അഭിഭാഷകന്റെ പരാതി. നിയമപരമായ കാര്യങ്ങള്‍ ഉള്‍പ്പടെ സ്വീകരിക്കുന്നതിന് ഇമ്രാന്‍ ഖാനെ സമീപിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഞായറാഴ്ച അഭിഭാഷകന്‍ ഉന്നയിച്ച പരാതി. ലാഹോറിലെ വീട്ടില്‍ നിന്ന് ഇമ്രാന്‍ ഖാനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് അദ്ദേഹത്തെ ഇസ്ലാമാബാദിന് പുറത്തുള്ള അറ്റോക്ക് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇമ്രാന്‍ ഖാന് നിയമ സഹായം ലഭ്യമാക്കുന്നതിനുള്ള രേഖകളില്‍ ഒപ്പുവയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് നിയമകാര്യ വക്താവ് നയീം ഹൈദര്‍ പഞ്‌ജോത്ത പറഞ്ഞു. മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ച വിചാരണ കോടതിയുടെ അപ്രതീക്ഷിത തീരുമാനത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകുമോ എന്ന് കാര്യം വ്യക്തമല്ല. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കിയതായി പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി ടി ഐ) പാര്‍ട്ടി അറിയിച്ചു.

തോഷകാന അഴിമതിക്കേസിലാണ് ഇമ്രാന്‍ ഖാനെ മൂന്ന് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്. ശിക്ഷാ വിധി പുറത്തുവന്നതോടെ ഇമ്രാന്‍ ഖാന് അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. കോടതി വിധിയെ തുടര്‍ന്ന് പാകിസ്ഥാനിവല്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഔദ്യോഗിക കണക്കില്‍ കാണിക്കാതെയും വിലകുറച്ച് വാങ്ങിയും മറിച്ചുവിറ്റുവെന്ന കേസിലാണ് ഇമ്രാന്‍ ഖാനെ ഇസ്ലമാബാദ് കോടതി ശിക്ഷിച്ചത്. അഴിമതി കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ഇമ്രാന്‍ ഖാന് ലഭിച്ചത്. കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഇമ്രാന്‍ ഖാനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കോടതിയില്‍ ഹാജരായിരുന്നില്ല.
തുടര്‍ന്ന് ഉച്ചയോടെയാണ് വിധി പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ ലാഹോറിലുള്ള സമ്മര്‍ പാര്‍ക്ക് വസതിയില്‍ നിന്ന് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ മേല്‍ കോടതികളെ സമീപിച്ചെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അഞ്ച് വര്‍ഷത്തേക്കാണ് ഇമ്രാന്‍ ഖാന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളത്.
നംവംബറില്‍ പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന്‍ ഖാനും പാകിസ്ഥാന്‍ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി കോടതി വിധി പുറത്തുവന്നത്. വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.












Click it and Unblock the Notifications