കഴിഞ്ഞതെല്ലാം കഴിഞ്ഞു; ലബനാന്‍ പ്രധാനമന്ത്രി വീണ്ടും സൗദിയിലേക്ക്
ബെയ്‌റൂത്ത്: രാജിനാടകത്തിനും പിന്‍മാറ്റത്തിനുമൊക്കെ ശേഷം ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരിക്ക് വീണ്ടും സൗദി അറേബ്യയിലേക്ക് ക്ഷണം. ലബനാന്‍ സന്ദര്‍ശനത്തിനെത്തിയ സൗദി ദൂതന്‍ നിസാര്‍ അല്‍ അലൂലയാണ് ഹരീരിക്ക് ഔദ്യോഗികമായി ക്ഷണക്കത്ത് കൈമാറിയത്. സൗദി ദൂതനുമായി നടത്തിയ ചര്‍ച്ച ഗംഭീരമായിരുന്നുവെന്നും താമസിയാതെ സൗദി സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പുതുതായി നിയമിതനായ ലബനാനിലെ സൗദി അംബാസഡര്‍ വലീദ് അല്‍ യാഖൂബിനോടൊപ്പമാണ് അല്‍ അലൂല ഹരീരിയെ കണ്ടത്. നവംബറില്‍ സൗദിയില്‍ വച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് ലബനാനിലെത്തിയ ശേഷം രാജി പിന്‍വലിക്കുകയും ചെയ്ത സംഭവത്തിന് ശേഷം ലബനാന്‍ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന ഭരണകൂട പ്രതിനിധിയാണ് അല്‍ അലൂല.

ഇറാനെയും ഹിസ്ബുല്ലയെയും വിമര്‍ശിച്ചും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചുമായിരുന്നു ഹരീരി റിയാദില്‍ വെച്ച് സൗദി ടിവിയിലൂടെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ സൗദി ഭരണകൂടം ഹരീരിയെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തിയാണ് രാജിവയ്പ്പിച്ചതെന്നും ലബനാനില്‍ നിന്ന് ആരോപണമുയര്‍ന്നു.
ഇതേത്തുടര്‍ന്ന് ലബനാനില്‍ തിരിച്ചെത്തിയ ഹരീരിയാവട്ടെ, രാജിപ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുകയും പ്രധാനമന്ത്രി പദത്തില്‍ തുടരുകയുമായിരുന്നു. സൗദിയുടെ ഭീഷണിയാണ് രാജിക്കുപിന്നിലെന്ന ആരോപണം ശക്തിപ്പെടുകയാണ് ഇതോടെ ചെയ്തത്. അതേത്തുടര്‍ന്ന് ഹരീരിയുമായി നല്ല ബന്ധത്തിലായിരുന്നില്ല സൗദി ഭരണകൂടം.
എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ പഴയ സൗഹൃദത്തിലേക്ക് തിരിച്ചുപോവുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. മേഖലയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് സൗദി ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഹരീരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലബനാനിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുകയാണ് സൗദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി.












Click it and Unblock the Notifications