സ്വര്‍ണം വിളയുന്ന ഇന്ത്യയുടെ അയല്‍രാജ്യം; ലിഥിയത്തിന്റെ സൗദി അറേബ്യ, കയറ്റുമതി തുടങ്ങി
കാബൂള്‍: സ്വര്‍ണം ഭൂമിക്കടിയിലുള്ള രാജ്യങ്ങള്‍ ചുരുക്കമാണ്. പല രാജ്യങ്ങളിലും സ്വര്‍ണ നിക്ഷേപമുണ്ടെങ്കിലും ഖനനം അത്ര എളുപ്പവുമല്ല. സ്വര്‍ണം സമ്പന്നമാക്കിയ രാജ്യങ്ങള്‍ വളരെ കുറവാണ്. ഗള്‍ഫ് രാജ്യങ്ങളെ സമ്പന്നമാക്കിയത് ക്രൂഡ് ഓയിലിന്റെ കണ്ടെത്തലാണ്. കറുത്ത സ്വര്‍ണം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. 1950കള്‍ക്ക് ശേഷം സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖല മാറിമറിഞ്ഞത് ക്രൂഡ് ഓയിലിന്റെ കണ്ടെത്തലോടെയാണ്.
സമാനമായ രീതിയില്‍ ധാതു സമ്പന്നമാണ് ഇന്ത്യയുടെ അയല്‍രാജ്യമായ അഫ്ഗാനിസ്താന്റെ മണ്ണ്. ഇവിടെ പ്രധാനമായും ലിഥിയത്തിന്റെ നിക്ഷേപമാണുള്ളത്. അമേരിക്ക 20 വര്‍ഷം നീണ്ട അധിനിവേശ കാലത്ത് അഫ്ഗാനിലെ മണ്ണിനടിയിലെ 'സ്വര്‍ണശേഖരം' തിരിച്ചറിഞ്ഞിരുന്നു. ലിഥിയത്തിന്റെ സൗദി അറേബ്യ എന്നാണ് അമേരിക്ക 2010ല്‍ അഫ്ഗാനിലെ ലിഥിയത്തിന്റെ ശേഖരത്തെ വിശേഷിപ്പിച്ചത്...

കടം കയറി പ്രതിസന്ധിയിലായ അഫ്ഗാനിസ്താന്റെ വാര്‍ത്തകളാണ് കുറേ കാലമായി പുറത്തുവന്നിരുന്നത്. ഭരണാധികാരികള്‍ അഴിമതി നടത്തുന്നതിന്റെ ദയനീയ വിവരങ്ങളും. അയല്‍രാജ്യങ്ങളുടെ സഹായം തേടുന്ന അഫ്ഗാന്റെ മുഖം. ഇന്ത്യയും ചൈനയും അയക്കുന്ന ഭക്ഷ്യവസ്തുക്കളും മരുന്നും കാത്തിരിക്കുന്ന രാജ്യം. താലിബാന്‍ അധികാരത്തിലെത്തിയതോടെ സ്ത്രീ വിദ്യാഭ്യാസത്തിന് നിയന്ത്രണം വന്ന വാര്‍ത്തകള്‍.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അഫ്ഗാനിസ്താന്‍ കയറ്റുമതി ആരംഭിച്ചിരിക്കുന്നു. വിവിധ തരം ബാറ്ററികളാണ് അഫ്ഗാനിസ്താന്‍ കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യയിലേക്കും യുഎഇയിലേക്കുമാണ് ആദ്യ കണ്ടെയ്‌നറുകള്‍ പുറപ്പെട്ടത്. തീര്‍ത്തും വ്യത്യസ്തമായ വാര്‍ത്തകള്‍ വരുമ്പോള്‍ അഫ്ഗാനില്‍ ചില ശുഭകരമായ ചലനങ്ങള്‍ നടക്കുന്നു എന്നാണ് മനസിലാകുന്നത്.
മൂന്ന് രാജ്യങ്ങളിലേക്ക് കയറ്റുമതി
ബാറ്ററികള്‍ നിറച്ച പത്ത് കണ്ടെയ്‌നറുകള്‍ സൗദിയിലേക്കും യുഎഇയിലേക്കും കയറ്റി അയച്ചതായി ഹെറാത്ത് പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക വ്യവസായ പാര്‍ക്കില്‍ നിര്‍മിച്ചവയാണ് ഇവ. വ്യവസായ സഹമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരുമെല്ലാം സാക്ഷികളാകാന്‍ എത്തി. താജിക്കിസ്താനിലേക്ക് ജിപ്‌സം, സിമന്റ് ഫാക്ടറികളില്‍ ഉപയോഗിക്കുന്ന മെഷീനുകളും കയറ്റുമതി ചെയ്തു.
80 ദശലക്ഷം അഫ്ഗാനിസ് കറന്‍സിയുടെ കരാറാണ് താജിക്കിസ്താനില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇതില്‍ 23 ദശലക്ഷത്തിന്റെ കയറ്റുമതി ചെയ്തുകഴിഞ്ഞു. ബാക്കിയുള്ള കയറ്റുമതി വരുംദിവസങ്ങളില്‍ നടത്തുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. ബാറ്ററികള്‍ നിര്‍മിക്കുന്നതില്‍ സുപ്രധാനമാണ് വെളുത്ത സ്വര്‍ണം എന്ന് അറിയപ്പെടുന്ന ലിഥിയം.
ലിഥിയത്തിന്റെ പ്രത്യേകത
ലോകത്ത് ഏറ്റവും കൂടുതല്‍ ലിഥിയം അഫ്ഗാനിലാണുള്ളതത്രെ. അതുകൊണ്ടാണ് അമേരിക്ക ലിഥിയത്തിന്റെ സൗദി അറേബ്യ എന്ന് അഫ്ഗാനെ വിശേഷിപ്പിച്ചത്. ഏകദേശം ഒരു ലക്ഷം കോടി ഡോളറിന്റെ ലിഥിയം അഫ്ഗാനിലുണ്ട് എന്നാണ് കണക്ക്. ഇലക്ട്രോണിക് വാഹനങ്ങളിലും മൊബൈലിലും ലാപ്‌ടോപിലുമെല്ലാം ഉപയോഗിക്കുന്ന ബാറ്ററി നിര്‍മാണത്തിന് അത്യാന്താപേക്ഷിതമാണ് ലിഥിയം.
ഗസ്‌നി, ഹെറാത്ത്, നൂരിസ്താന്‍ എന്നീ അഫ്ഗാന്‍ പ്രവിശ്യകളിലാണ് ഇവ കൂടുതല്‍. ഇവ ഖനനം ചെയ്യാന്‍ സാധിച്ചാല്‍ മാത്രം അഫ്ഗാനിസ്താന്‍ സമ്പന്ന രാജ്യമായി മാറും. അടിസ്ഥാന സൗകര്യമില്ലായ്മയും നിക്ഷേപക്കുറവുമാണ് അഫ്ഗാന്‍ നേരിടുന്ന വെല്ലുവിളി. എന്നാല്‍ സഹായ വാഗ്ദാനം നല്‍കി നേരത്തെ രംഗത്തുവന്ന ചൈനയാണ് ഇക്കാര്യത്തില്‍ അഫ്ഗാന്റെ സഹായി.












Click it and Unblock the Notifications