സമ്മാനം കിട്ടിയ പണം സ്വർണത്തിൽ നിക്ഷേപിച്ച് പത്ത് വയസ്സുകാരി, വർഷങ്ങൾക്ക് ശേഷം കണ്ണ് തള്ളിക്കുന്ന ലാഭം!
സ്വർണ വില കുതിച്ച് ഉയർന്നതോടെ ഓഹരികളിലെ നിക്ഷേപം വിട്ട് സ്വർണത്തിൽ നിക്ഷേപം നടത്തുകയാണ് ഇപ്പോൾ പലരും ചെയ്യുന്നത്. അതിനിടെ സ്വർണത്തിൽ നിക്ഷേപം നടത്തി വൻ ലാഭം കൊയ്ത് വൈറലായിരിക്കുകയാണ് ഒരു പത്തുവയസ്സുകാരി പെൺകുട്ടി.
വടക്കൻ ചൈനയിൽ നിന്നുള്ള ഈ പെൺകുട്ടി തനിക്ക് പുതുവർഷ സമ്മാനമായി ലഭിച്ച പണമാണ് സ്വർണ്ണത്തിൽ നിക്ഷേപിച്ചത്. . 2023-ൽ തുടങ്ങിയ ഈ നിക്ഷേപം സ്വർണ വില കുതിച്ചുയർന്ന സാഹചര്യത്തിൽ വലിയ ലാഭമാണ് കുട്ടിക്ക് സമ്മാനിച്ചത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഹെബെയ് പ്രവിശ്യയിലെ ലാങ്ഫാങ്ങിൽ നിന്നുള്ള ഈ പെൺകുട്ടി 2023ലാണ് സ്വർണ്ണം വാങ്ങിത്തുടങ്ങിയത്. കുട്ടികൾക്ക് ചാന്ദ്ര പുതുവർഷ സമയത്ത് പരമ്പരാഗതമായി ലഭിക്കുന്ന പണം ചെലവഴിക്കുന്നതിനു പകരം സ്വർണത്തിൽ നിക്ഷേപിക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു.

ചൈനയിൽ, മുതിർന്നവർ ചാന്ദ്ര പുതുവർഷത്തിൽ കുട്ടികൾക്കും അവിവാഹിതരായ കുടുംബാംഗങ്ങൾക്കും ചുവന്ന കവറുകളിൽ പണം സമ്മാനിക്കുന്ന പതിവുണ്ട്. ഈ ആചാരം വരാനിരിക്കുന്ന വർഷങ്ങളിൽ നല്ല ഭാഗ്യവും ആരോഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
മാതാപിതാക്കൾ പണം ചെലവഴിച്ചേക്കുമോയെന്ന ഭയത്താലാണ് മകൾ സ്വർണ്ണം വാങ്ങാൻ തീരുമാനിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ ബായ് പറഞ്ഞു. പണം എളുപ്പത്തിൽ ചെലവായി പോകുമെന്നും എന്നാൽ സ്വർണം സുരക്ഷിതമായി ഇരുന്നോളുമെന്നും കരുതിയായിരുന്നു പെൺകുട്ടിയുടെ ഈ തീരുമാനം. ബായിയുടെ അഭിപ്രായത്തിൽ മകൾക്ക് പ്രതിവർഷം ഏകദേശം 4,000 യുവാന് ($580) അതായത് 52,522 ഇന്ത്യൻ രൂപ ലഭിക്കും. അവൾ ആദ്യമായി സ്വർണ്ണം വാങ്ങിയപ്പോൾ ഗ്രാമിന് 460 യുവാന് ($66) ആയിരുന്നു വില.
ഈ വർഷം ഫെബ്രുവരി ആയപ്പോഴേക്കും സ്വർണ്ണവില ഗ്രാമിന് 1,100 യുവാനായി കുതിച്ചുയർന്നു. ഇതുവരെ ഏകദേശം 30 ഗ്രാം സ്വർണ്ണം മകൾ ശേഖരിച്ചതായി ബായ് വെളിപ്പെടുത്തി. ഒന്നും വിൽക്കാത്ത അവൾ നിക്ഷേപം തുടരാനാണ് ഉദ്ദേശിക്കുന്നത്. ചൈനയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണ്ണവില കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷം ഏകദേശം 20% വർദ്ധനവ് രേഖപ്പെടുത്തിയതിന് പുറമെ ഈ വർഷം ആദ്യ മാസത്തിൽ മാത്രം 30% വർദ്ധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, സ്വർണ്ണവിലയിലെ ഈ കുതിപ്പിന് കാരണങ്ങളായി ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് മുന്നറിയിപ്പുകൾ, സെൻട്രൽ ബാങ്കുകളുടെ വർദ്ധിച്ച സ്വർണ്ണ വാങ്ങൽ എന്നിവയെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications