സെല്‍ഫിയെടുക്കാന്‍ പഠിക്കണോ, പതിനായിരം രൂപ ഫീസ്
ലണ്ടന്‍: സെല്‍ഫിയെടുക്കാന്‍ വേണ്ടി ജീവന്‍ പോലും പണയപ്പെടുത്താന്‍ തയ്യാറാകുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ട്രെയിനിന് മുന്നിലും തോക്കിന്‍ കുഴലിലും നിന്ന് സാഹസിക സെല്‍ഫികള്‍ എടുക്കുന്നവര്‍ക്കും ഈ വാര്‍ത്ത കേട്ട് സന്തോഷിക്കാം. എങ്ങനെ മനോഹരമായ സെല്‍ഫികള്‍ പിടിക്കാം എന്ന് പഠിപ്പിക്കുകയാണ് ഈ കോളേജ്. ഫീസ് വെറും പതിനായിരം രൂപ മാത്രം.
സെല്‍ഫി പിടിക്കാനുള്ള കോഴ്‌സിന് ദ ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫിക് സെല്‍ഫി പോര്‍ട്രേറ്റ് എന്നാണ് പേര്. ബ്രിട്ടനിലെ ഒരു കോളേജാണ് രസകരമായ സെല്‍ഫികള്‍ എടുക്കുന്നത് എങ്ങനെ എന്നത് പാഠ്യവിഷയമാക്കി മാറ്റിയിരിക്കുന്നത്. സെല്‍ഫി എന്ന കലാരൂപത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കാനും പൂര്‍ണ യോഗ്യതയുള്ള ഒരു സ്വയഫോട്ടോഗ്രാഫറാക്കാനുമാണ് കോഴ്‌സ്.

ലണ്ടനിലെ സിറ്റി ലിറ്റ് കോളേജാണ് സെല്‍ഫിയെ പാഠ്യപദ്ധതിയാക്കിയിരിക്കുന്നത്. പോയവര്‍ഷത്തെ ഏറ്റവും പോപ്പുലര്‍ വാക്കുകളിലൊന്നാണ് സെല്‍ഫി. ബാക്ക്ഗ്രൗണ്ടാണ് സെല്‍ഫിയുടെ ആകര്‍ഷണം. മനോഹരമായ ബാക്ക്ഗ്രൗണ്ടുകളില്‍ എങ്ങനെ വ്യത്യസ്തമായ സെല്‍ഫികള്‍ പകര്‍ത്താം എന്നതാണ് സെല്‍ഫി കോഴ്‌സ പഠിപ്പിക്കുന്നത്. സെല്‍ഫി പരിസരങ്ങളില്‍ അപകടമില്ലാതെ നോക്കാനും കോഴ്‌സ് നിങ്ങളെ സഹായിക്കും.
ഓസ്‌കാര്‍ സെല്‍ഫിയിലൂടെ പ്രശസ്തയായ എലന്‍ ഡിജെനറസിനെപോലുളള പ്രമുഖരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വെറുതെ പോയി സെല്‍ഫിയെടുത്ത് പഠിക്കാമെന്ന് കരുതരുതേ. എസ് എല്‍ ആര്‍ ക്യാമറ, ഫോട്ടോഗ്രഫിയില്‍ പ്രാഗത്ഭ്യം, ഷട്ടര്‍ സ്പീഡ്, അപ്പാര്‍ചര്‍ തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ തുടങ്ങിയവയൊക്കെ വേണം അഡ്മിഷന്‍ കിട്ടാന്‍.












Click it and Unblock the Notifications