30 വർഷത്തേക്ക് മാസന്തോറും 10 ലക്ഷം രൂപ; ആ ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയില്ല
ലോട്ടറി അടിക്കണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്. എന്നാൽ ലോട്ടറി അടിച്ചോ, ഇല്ലയോ എന്ന് നോക്കാൻ പലരും മറന്നുപോകാറാണ് പതിവ്. അടിക്കാൻ സാധ്യത ഇല്ല എന്ന ഒരു ചിന്തകൊണ്ടാണ് പലരും ഫലം നോക്കാൻ മെനക്കെടാത്തത്. എന്നാൽ ഭാഗ്യദേവത ആരെയാണ്, എപ്പോഴാണ് തേടിവരിക എന്ന് പറയാൻ പറ്റില്ലല്ലോ.
അങ്ങനെ ഏതോ ഒരു ഭാഗ്യശാലിയെ തേടി മഹാഭാഗ്യം എത്തി. എന്നാൽ ഇതുവരെ ആ ഭാഗ്യത്തെക്കുറിച്ച് ആ മനുഷ്യൻ അറിഞ്ഞിട്ടില്ല. ലോട്ടറി അധികൃതർ പലവഴി ശ്രമിച്ചിട്ടും ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്തായാലും ചില്ലറ സമ്മാനമൊന്നുമല്ല ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. 30 വർഷത്തേക്ക് മാസന്തോറും പത്ത് ലക്ഷം രൂപയാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക.

റിപ്പോർട്ടുകൾ പ്രകാരം, 2023 മെയ് 18 ന് യുകെയിലെ സ്‌ട്രോഡിൽ നടന്ന സെറ്റ് ഫോർ ലൈഫ് നറുക്കെടുപ്പിന്റെ ഭാഗമായാണ് ഈ ഭാഗ്യശാലി നാഷണൽ ലോട്ടറി ടിക്കറ്റ് എടുത്തത്. എന്നാൽ ഇതുവരെ വിജയം അവകാശപ്പെട്ട് ആരും മുന്നോട്ടുവന്നിട്ടില്ല. കണ്ടുപിടിക്കാനുള്ള ശ്രമം
ഇപ്പോഴും തുടരുകയാണ്.
ലോട്ടറി അസാധുവാകുന്നതിന് മുമ്പ് സമ്മാനം ക്ലെയിം ചെയ്യാനുള്ള സമയം നവംബർ 14 വരെയാണ് എന്ന് നാഷണൽ ലോട്ടറി അറിയിച്ചു. ടിക്കറ്റ് ഇല്ലെങ്കിലും വിജയിച്ചുവെന്ന് വിശ്വസിക്കുന്ന ആർക്കും രേഖാമൂലം അവകാശവാദം ഉന്നയിക്കാം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പക്ഷേ, നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ മാത്രമേ ഇത് അനുവദിക്കൂ.
ജേതാവ് സമ്മാനം വാങ്ങാൻ മുന്നോട്ടുവരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഉടമയെ കണ്ടെത്തി സമ്മാനം അവരുടെ കയ്യിൽ ഏൽപ്പിക്കണം എന്നും ഈ സമ്മാനം ആരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നും നാഷണൽ ലോട്ടറിയിലെ ഉദ്യോഗസ്ഥൻ ആൻഡ്രൂ കാർട്ടർ പറഞ്ഞു.
"ഈ പ്രദേശത്ത് ടിക്കറ്റ് വാങ്ങിയ എല്ലാവരോടും അവരുടെ പഴയ സെറ്റ് ഫോർ ലൈഫ് ടിക്കറ്റുകൾ വീണ്ടും പരിശോധിക്കണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നാഷണൽ ലോട്ടറി ആപ്പ് വഴി നിങ്ങൾക്ക് ഇത് എളുപ്പത്തിൽ ചെയ്യാം " ആൻഡ്രൂ വ്യക്തമാക്കി.
2021-ൽ, ഒരു ജർമ്മൻ വനിത 39 മില്യൺ ഡോളറിന്റെ ലോട്ടറി ജാക്ക്പോട്ട് നേടിയ കാര്യം അറിഞ്ഞത് മാസങ്ങൾ കഴിഞ്ഞായിരുന്നു. ഇവർ ആറാഴ്ചയോളമായിരുന്നു ടിക്കറ്റ് പേഴ്‌സിൽ സൂക്ഷിച്ചത്. ലോട്ടറിയെക്കുറിച്ച് മറന്നുപോവുകയായിരുന്നു. ഒരു മാസം കഴിഞ്ഞ് മറ്റൊരു ലോട്ടറി എടുക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു പേഴ്സിലെ ലോട്ടറി കണ്ടത്.












Click it and Unblock the Notifications