ലോട്ടറി അടിച്ചത് 1146 കോടി; ഒടുക്കത്തെ ഭാഗ്യം, ഇനിയെന്ത് വേണം.. ഇത്രയും പണം എന്ത് ചെയ്യും?
ലണ്ടൻ: യുകെയിൽ വിറ്റ ടിക്കറ്റിന് യൂറോ മില്യൺ ജാക്ക്പോട്ടിൽ ഒന്നാം സമ്മാനം. 111.7 മില്യണ്‍ പൗണ്ടാണ് വിജയിക്ക് ലഭിക്കുക, അതായത് ഇന്ത്യൻ രൂപ ഏകദേശം 1146 കോടി. എന്നാൽ ഭാഗ്യശാലി ആരാണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
യൂറോ മില്യൺസ് ജാക്ക്‌പോട്ടിൽ 100 മില്യൺ പൗണ്ടിലധികം നേടിയിട്ടുള്ള യുകെ പൗരൻമാർ ചുരുക്കമാണെന്നാണ് അധികൃതർ പറയുന്നത്. യുകെയെ കൂടാതെ ഫ്രാൻസ്, പോർച്ചുഗൽ , അയർലെന്റ്, സ്പെയിൻ, ഓസ്ട്രിയ , ലക്സംബർ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോ മില്യൺ ജാക്ക്പോട്ടിൽ പങ്കെടുക്കാറുണ്ട്. വിജയി എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് യുകെ നാഷ്ണൽ ലോട്ടറി അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം ജുലൈയിൽ യൂറോ മില്യൺ നറുക്കെടുപ്പിന്റെ 195 മില്യൺ പൗണ്ട് സമ്മാനം (ഏകദേശം 1720 കോടിയോളം രൂപ) സ്വന്തമാക്കിയതും യുകെ പൗരൻ ആയിരുന്നു. യൂറോ ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായിരുന്നു ഇത്. കഴിഞ്ഞ മെയിലും യുകെ സ്വദേശികൾക്കായിരുന്നു സമ്മാനം. 184 മില്യൺ പൗണ്ടായിരുന്നു സമ്മാനമായി ലഭിച്ചത്. ജോ, ജെസ് എന്നിവരായിരുന്നു വിജയികൾ.
പൊതുവേ വിജയികൾ തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവാറില്ല. 195 മില്യൺ പൗണ്ട് വിജയിയും പേര് വെളിപ്പെടുത്തിയിരുന്നില്ല.
എന്തായാലും വിജയിയെ തേടിയെത്തിയത് ഒന്നൊന്നര ഭാഗ്യമാണെന്ന് പറയാതെ വയ്യ. ഫുട്ബോൾ താരം ഹാരി കെയ്ൻ (51 മില്ല്യൺ പൗണ്ട്), ഹാരി പോട്ടർ നടൻ ഡാനിയൽ റാഡ്ക്ലിഫ് (92 മില്ല്യൺ പൗണ്ട്), ഹാരി പോട്ടർ നടൻ ഡാനിയൽ റാഡ്ക്ലിഫ് (92 മില്ല്യൺ പൗണ്ട്), പോപ്പ് ഗായിക ദുവാ ലിപ (75 മില്ല്യൺ പൗണ്ട്) എന്നിവരെക്കാളൊക്കെ സമ്പന്നനാകും ഇദ്ദേഹമെന്നാണ് യുകെ മാധ്യമങ്ങൾ പറയുന്നത്.
സാധാരണ നിലയിൽ യൂറോ മില്യൺ ലോട്ടറിയുടെ സമ്മാനമായി ഇത്രയും തുക നൽകാറില്ല. വിജയി ഇല്ലാതെ പോകുന്ന അവസരങ്ങളിൽ ഈ തുക ചേർത്ത് വെച്ച് ഓരോ തവണയും കൊടുക്കാറുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്തവണ ഇത്രയും തുക സമ്മാനമായി ലഭിക്കുന്നത്. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില.
എന്തായാലും ഒന്നാം സമ്മാനക്കാരൻ ഇത്രയും കോടി എന്ത് ചെയ്യുമെന്നാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ച മുറുകുന്നത്. ആഡംബര വീടും വാഹനങ്ങളും അടക്കം ആഗ്രഹമുള്ളതൊക്കേയും വാങ്ങിയാലും പിന്നേയും തുക ബാക്കിയായിരിക്കില്ലേയെന്നാണ് ചിലരുടെ ചോദ്യം. ചിലർ ചോദിക്കുന്നത് ഇത്രയും കോടികൾ ഒരാൾക്ക് ആവശ്യമുണ്ടോയെന്നാണ്. ഒരാൾക്ക് ഇത്രയും അധികം തുക സമ്മാനമായി നൽകുന്നതിന് പകരം സമ്മാനം വീതിച്ച് കുറേ പേർക്ക് നൽകിക്കൂടെയെന്ന് ചോദിക്കുന്നവരും കുറവല്ല.












Click it and Unblock the Notifications