സൗദി അറേബ്യക്കും ഖത്തറിനും കുറഞ്ഞ താരിഫ്; ഇസ്രായേലിന് തിരിച്ചടി, വിപണി ഇളകിയ ട്രംപിന്റെ താരിഫ്‌

വാഷിങ്ടണ്‍: അമേരിക്കയെ കൂടുതല്‍ സമ്പന്നമാക്കുക എന്ന പ്രഖ്യാപനത്തോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയ താരിഫ് നയം ലോക വിപണിയെ ഇളക്കിമറിക്കുന്നു. ലോകത്തെ എല്ലാ ഓഹരി വിപണികളും വലിയ നഷ്ടമാണ് ഇന്ന് നേരിട്ടത്. വരുംദിവസങ്ങളിലും വലിയ തിരിച്ചടി ഓഹരി വിപണികളില്‍ ഉണ്ടാകുമെന്ന് കരുതുന്നു.

ഓഹരി വിപണികള്‍ തകിടം മറിയുക മാത്രമല്ല, ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു വീഴുകയും ചെയ്തു. വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണം വില കുറയുകയാണ് ചെയ്തത്. പിന്നീട് തിരിച്ചുകയറുന്നു എന്നത് മറ്റൊരു കാര്യം. ഇപ്പോഴത്തെ ഇടിവിന് ശേഷം സ്വര്‍ണവില കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപ് നടത്തിയ പുതിയ വിപണി ഇടപെടലില്‍ അമേരിക്കയുടെ 'ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും' ഒരുപോലെ അടി കിട്ടിയിട്ടുണ്ട്.

us tariff on israel saudi arabia qatar china

അമേരിക്കയെ സമ്പന്നമാക്കാന്‍ ട്രംപ് കണ്ടെത്തിയ വഴിയാണ് താരിഫ് ചുമത്തല്‍. പൊതുഖജനാവിലേക്ക് പണം ഒഴുകുമെങ്കിലും അന്താരാഷ്ട്ര വിപണി ഒന്നു കലങ്ങി തെളിയും. അതിന് ശേഷമേ ട്രംപിന്റെ നീക്കം വിജയകരമായോ എന്ന് വിലയിരുത്താന്‍ സാധിക്കു. ലോക നേതാക്കളെല്ലം ട്രംപിന്റെ വ്യാപാര നയത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഉറ്റ രാജ്യമായ ഓട്രേലിയയും യൂറോപ്പുമെല്ലാം ട്രംപ് എന്താണ് കാണിക്കുന്നത് എന്ന് ചോദിക്കുകയാണ്.

ലോകത്തെ ഏത് വിപണിയിലും കടന്നു ചെന്ന് സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ശേഷി അമേരിക്കക്കുണ്ട്. അതുകൊണ്ടുതന്നെ ഏത് രാജ്യത്താണ് ഉല്‍പ്പാദന ചെലവ് കുറവുള്ളത് അവിടെ കമ്പനി തുടങ്ങി നേട്ടം കൊയ്യുകയായിരുന്നു അമേരിക്ക ഇതുവരെ. എന്നാല്‍ ട്രംപിന്റെ നയം മറിച്ചാണ്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ വാശി. വലിയ ചെലവ് സഹിച്ച് എല്ലാവരും അമേരിക്കയില്‍ കമ്പനി തുടങ്ങി ഉല്‍പ്പാദനം തുടങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്.

ട്രംപിസത്തില്‍ പെട്ടത് അമേരിക്കക്കാര്‍

എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയിലേക്ക് ചരക്കുകള്‍ അയക്കുമ്പോള്‍ താരിഫ് ഉറപ്പാക്കുകയാണ് ട്രംപ് ചെയ്യുന്നത്. കുറഞ്ഞ താരിഫ് 10 ശതമാനം ആക്കി നിശ്ചയിച്ചിരിക്കുന്നു. അതിന് പുറമെ പല രാജ്യങ്ങള്‍ക്കും പ്രത്യേകമായി അധിക നികുതി ചുമത്തുകയും ചെയ്തു. ചൈനയ്ക്ക് 34 ശതമാനമാണ് താരിഫ്. ജനുവരിയില്‍ ചുമത്തിയ 20 ശതമാനം കൂടി ചേരുമ്പോള്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുന്നതിന് 54 ശതമാനം നികുതി കൊടുക്കണം.

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ചരക്കുകള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തിയാല്‍ അവയുടെ വില സ്വാഭാവികമായും കൂടും. അത്തരം വസ്തുക്കള്‍ വാങ്ങാന്‍ അമേരിക്കക്കാര്‍ തയ്യാറാകില്ല. അമേരിക്കയുടെ വിപണിയില്‍ വിദേശ രാജ്യങ്ങളുടെ വസ്തുക്കള്‍ വാങ്ങാന്‍ ആളില്ലാതെ വരും. പകരം അമേരിക്കയില്‍ ഉല്‍പ്പാദിപ്പിച്ച് കൂടുതല്‍ വില്‍ക്കണം എന്നാണ് ട്രംപിന്റെ നയം. അതുവഴി അമേരിക്കന്‍ കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാമെന്നും ട്രംപ് കരുതുന്നു.

us tariff on israel saudi arabia qatar china

ആഭ്യന്തരമായി അമേരിക്കയെ ശക്തിപ്പെടുത്തുക എന്ന ട്രംപിന്റെ നയം തെറ്റു പറയാന്‍ സാധിക്കില്ല. എന്നാല്‍ പ്രായോഗികമായി എത്രത്തോളം സാധ്യമാണ് എന്ന ചോദ്യം ബാക്കിയാണ്. മറ്റു രാജ്യങ്ങളെ പൂര്‍ണമായും അവഗണിച്ച് എങ്ങനെ അമേരിക്കക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന ചോദ്യവുമുണ്ട്. അമേരിക്കയില്‍ എല്ലാ കമ്പനികളും ജനങ്ങളുടെ ആവശ്യം പൂര്‍ണമായും തൃപ്തിപ്പെടുംവരെ ഉല്‍പ്പാദക്ഷമമാകണം എങ്കില്‍ വര്‍ഷങ്ങള്‍ എടുക്കും. അതുവരെ ഉയര്‍ന്ന വില അമേരിക്കക്കാര്‍ നല്‍കുമോ.

സമ്പന്നരും സാധാരണക്കാരും ഉള്‍പ്പെടെ എല്ലാ അമേരിക്കക്കാരും പ്രതിസന്ധിയിലാകുമെന്ന് തീര്‍ച്ചയാണ്. കൂടുതല്‍ കുരുങ്ങുക സാധാരണക്കാരായ അമേരിക്കക്കാരാണ്. പ്രതിവര്‍ഷം അവര്‍ക്ക് വലിയ തുക അധികമായി കണ്ടെത്തേണ്ടി വരും. മൊത്തം കലങ്ങി തെളിഞ്ഞാല്‍ മാത്രമേ ട്രംപിന്റെ നയം വിജയിച്ചോ പരാജയപ്പെട്ടോ എന്ന് വ്യക്തമാകൂ. നിലവിലെ സാഹചര്യത്തില്‍ ട്രംപിന് അപ്രതീക്ഷിതമായ അടി കിട്ടി കഴിഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യം തകരുന്നു

ചൈന അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 34 ശതമാനം നികുതി ചുമത്താന്‍ തീരുമാനിച്ചു. കാനഡയും അമേരിക്കക്ക് പകരം താരിഫ് ചുമത്തിയിട്ടുണ്ട്. കൂടുതല്‍ നികുതി ചുമത്തുന്ന കാര്യം ചര്‍ച്ചയിലാണ് എന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഓസ്‌ട്രേലിയയും ട്രംപിന്റെ നടപടിയില്‍ കലിപ്പിലാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും അമേരിക്ക സഹായിക്കുന്ന ഇസ്രായേലിന് വരെ ട്രംപ് നികുതി ചുമത്തിയിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപ് മേഖല താരിഫ് പട്ടികയില്‍ ഇടംപിടിച്ചതും ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

സ്വതന്ത്ര്യമായ വ്യാപാരം ചെയ്തിരുന്ന കാലം കഴിഞ്ഞു എന്നാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ് പ്രതികരിച്ചത്. അമേരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ നികുതി ചുമത്താന്‍ സിംഗപ്പൂര്‍ ഒരുങ്ങുന്നു എന്ന സൂചനയാണിത്. വ്യാപാര രംഗത്ത് അമേരിക്കക്ക് ഭീഷണിയല്ലാത്ത രാജ്യങ്ങള്‍ക്ക് പോലും താരിഫ് ചുമത്തിയതില്‍ എന്താണ് മാനദണ്ഡം എന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യം തകരുകയാണ് എന്നും ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ് എന്നുമാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വൂള്‍ഫ് പ്രതികരിച്ചത്. 1930ല്‍ ലോകം മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോള്‍ കെയിന്‍സിനെ പോലുള്ള സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണ് വിപണി തിരിച്ചുപടിക്കാന്‍ സഹായിച്ചത്. 2008ല്‍ മറ്റൊരു മാന്ദ്യത്തിന് അമേരിക്ക സാക്ഷ്യം വഹിച്ചതും ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായതുമെല്ലാം നടുക്കുന്ന ഓര്‍മകളാണ്. സമാനമായ സാഹചര്യം ഇനിയും വരുമോ എന്നാണ് ആശങ്ക.

ഇസ്രായേല്‍ പ്രതീക്ഷിക്കാത്ത അടി

വ്യാപാര യുദ്ധത്തിന് ആര്‍ക്കും താല്‍പ്പര്യമില്ല എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എക്‌സില്‍ കുറിച്ചു. രാജ്യത്തെ ബിസിനസുകള്‍ തകരാതിരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നും അമേരിക്കക്കൊപ്പം നിന്നവരാണ്. ട്രംപ് 20 ശതമാനം നികുതിയാണ് അവര്‍ക്ക് ചുമത്തിയിട്ടുള്ളത്. ബ്രിട്ടന് 10 ശതമാനം താരിഫും.

ജപ്പാന് 24 ശതമാനം താരിഫ് ആണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ട്രംപുമായി ടെലിഫോണില്‍ സംസാരിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗരു ഇഷിബ. ട്രംപ് താരിഫ് കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ചൈനയ്‌ക്കെതിരെ ഉയര്‍ന്ന താരിഫ് അമേരിക്ക ചുമത്തിയാല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു അയല്‍ രാജ്യമായ വിയറ്റ്‌നാം. എന്നാല്‍ പുതിയ നീക്കത്തില്‍ വിയറ്റ്‌നാമിനും കിട്ടി 46 ശതമാനം താരിഫ്. തായ്‌വാന് 32 ശതമാനം താരിഫ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത് 17 ശതമാനം താരിഫ് ആണ്. ഇവ കുറയ്ക്കാന്‍ ഇടപെടല്‍ നടത്തണം എന്ന് ഇസ്രായേലിലെ വ്യാപാരികള്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. അമേരിക്ക സന്ദര്‍ശിക്കുന്ന നെതന്യാഹു നടത്തുന്ന ചര്‍ച്ചയില്‍ ഫലം കാണുമോ എന്ന് വ്യക്തമല്ല. പ്രതിവര്‍ഷം 230 കോടി ഡോളര്‍ നഷ്ടമാണ് അമേരിക്കയുടെ പുതിയ താരിഫ് വഴി ഇസ്രായേലിന് ഉണ്ടാകുക. മാത്രമല്ല, 26000 ഇസ്രായേലുകാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു.

അഞ്ച് ലക്ഷം കോടി ഡോളര്‍ നഷ്ടം

അതേസമയം, സൗദി അറേബ്യ, യുഎഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് ആണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന താരിഫും ചുമത്തി. ജിസിസി രാജ്യങ്ങളിലെ എണ്ണയിലും സമ്പത്തിലും നോട്ടമിട്ടാണ് ട്രംപ് ഇളവ് നല്‍കുന്നത് എന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ട്രംപ് ജിസിസി സന്ദര്‍ശിക്കും.

us tariff on israel saudi arabia qatar china

ഓസ്‌ട്രേലിയ, ബ്രസീല്‍, കൊളംബിയ, അര്‍ജന്റീയ തുടങ്ങിയ രാജ്യങ്ങള്‍ക്കും അമേരിക്ക 10 ശതമാനം നികുതിയേ ചുമത്തിയിട്ടുള്ളൂ. ഇന്ത്യയ്ക്ക് 26 ശതമാനം നികുതിയാണ് ചുമത്തിയിട്ടുള്ളത്. പകരം നികുതി ചുമത്തി ചൈന പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യ സമവായ നീക്കം നടത്തുമെന്നാണ് വിവരം. അമേരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ കൂടുതല്‍ നികുതി ചുമത്താനുള്ള നീക്കത്തിലാണ് ചൈന.

ഇന്ന് മാത്രം ഓഹരി വിപണിയില്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. യൂറോപ്പ് കൂടി അമേരിക്കക്കെതിരെ ഉയര്‍ന്ന താരിഫ് ചുമത്താന്‍ തീരുമാനിച്ചാല്‍ വിപണിയില്‍ പ്രതിസന്ധി കനക്കും. അതിനിടെ വരുംദിവസങ്ങളില്‍ സ്വര്‍ണവില കൂടുമെന്ന് പറയപ്പെടുന്നു. വിപണികള്‍ അസ്ഥിരമാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ട്രംപ് കിനാവ് കാണുന്ന അമേരിക്ക

ട്രംപ് പ്രതീക്ഷിച്ച പോലെ അമേരിക്കയില്‍ തന്നെ വന്‍തോതില്‍ ഉല്‍പ്പാദനം നടക്കുകയും ലോകം അമേരിക്കയെ കൂടുതലായി ആശ്രയിക്കുകയും ചെയ്താല്‍ അമേരിക്ക രക്ഷപ്പെടും. ലോകപോലീസ് എന്ന മേധാവിത്വം നിലനിര്‍ത്താനും സാധിച്ചേക്കും. ലോകരാജ്യങ്ങള്‍ പകരം താരിഫ് ചുമത്തുന്നത് വ്യാപിച്ചാല്‍ അമേരിക്കയുടെ ഉല്‍പ്പന്നങ്ങല്‍ വഴിയില്‍ വാങ്ങാന്‍ ആളില്ലാതെ കിടക്കും. ഇത് അമേരിക്കയെ വലിയ കുഴപ്പത്തിലാക്കുകയും ചെയ്യും.

ട്രംപിന്റെ നീക്കങ്ങള്‍ ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയിലും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍ അമേരിക്ക തകരുമെന്ന് ബറാക് ഒബാമയും ഹിലരി ക്ലിന്റണും സൂചിപ്പിച്ചു. ചൈനക്കെതിരെ ഉയര്‍ന്ന നികുതി ചുമത്തുന്നത് റഷ്യയ്ക്കും ഇന്ത്യയ്ക്കും ബ്രിട്ടനും നേട്ടമാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നേരത്തെ തന്നെ ലോക വിപണി കീഴടക്കിയ സാഹചര്യത്തില്‍ ട്രംപിന്റെ നീക്കം വിജയിക്കുമെന്ന് കരുതാന്‍ വയ്യ.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+