എല്‍പിജി കിട്ടാനില്ല, ഒരു സിലിണ്ടറിന് വില 7500 രൂപ! പാകിസ്ഥാനില്‍ വന്‍ പ്രതിസന്ധി

ഇറാനില്‍ നിന്നുള്ള രണ്ട് പ്രധാന അതിര്‍ത്തി കവാടങ്ങള്‍ അടച്ചതോടെ പാകിസ്ഥാനില്‍ എല്‍പിജി ക്ഷാമം രൂക്ഷം. ഇതോടെ രാജ്യത്തൈ എല്‍പിജി വില കുത്തനെ കൂടിയിരിക്കുകയാണ്. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, നൂറുകണക്കിന് ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിര്‍ത്തി കടന്നുള്ള വ്യാപാരം തടസപ്പെട്ടത് ബിസിനസ് മേഖലയെയും പ്രതിസന്ധിയിലാക്കി.

ഈ ക്ഷാമം രാജ്യത്ത് എല്‍പിജി വില കുത്തനെ ഉയരാന്‍ കാരണമായി. നിലവില്‍ ഒരു 12 കിലോ എല്‍പിജി സിലിണ്ടറിന് മുന്‍പത്തേക്കാള്‍ ഏകദേശം ഇരട്ടി വിലയാണ് നല്‍കേണ്ടി വരുന്നത്. ഒക്ടോബര്‍ 17-നാണ് ഗാബ്ദ്-റിംദാന്‍, തഫ്താന്‍ എന്നീ അതിര്‍ത്തി കവാടങ്ങള്‍ അടച്ചത്. അതിര്‍ത്തികള്‍ സ്ഥിതി ചെയ്യുന്ന പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യാ സര്‍ക്കാര്‍ പറയുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമായാണ് താല്‍ക്കാലികമായി അതിര്‍ത്തികള്‍ അടച്ചതെന്നാണ്.

LPG Crisis

അതേസമയം, സാങ്കേതിക തകരാറുകളാണ് അതിര്‍ത്തി അടയ്ക്കാന്‍ കാരണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ എല്‍പിജി അസോസിയേഷന്റെ കണക്കനുസരിച്ച്, പാകിസ്ഥാന്‍ ദിവസവും ഏകദേശം 7,000 മെട്രിക് ടണ്‍ എല്‍പിജി ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാല്‍, അതിര്‍ത്തികള്‍ അടച്ചത് ഗ്യാസ് വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഗാബ്ദ്-റിംദാന്‍ അതിര്‍ത്തി കവാടത്തിലൂടെ മാത്രം ദിവസവും 4,000 ടണ്ണിലധികം എല്‍പിജി പാകിസ്ഥാനിലേക്ക് എത്തുന്നുണ്ടെന്ന് ഗവാദര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുന്‍ പ്രസിഡന്റ് ഷംസുല്‍ ഹഖ് പറഞ്ഞു. ഈ ഇറക്കുമതി ഇപ്പോള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ് എന്നും ഹഖ് വ്യക്തമാക്കി.

12 കിലോ എല്‍പിജി സിലിണ്ടറിന്റെ വില ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 4,500 പാകിസ്ഥാനി രൂപയില്‍ നിന്ന് 7,000 രൂപയായി ഉയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു. വിതരണ തടസങ്ങള്‍ തുടരുകയാണെങ്കില്‍ വില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തികള്‍ അടച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കത്തെ തടസ്സപ്പെടുത്തിയെന്നും, എല്‍പിജി ടാങ്കറുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ട്രക്കുകള്‍ അതിര്‍ത്തിയുടെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണെന്നും ഹഖ് പറഞ്ഞു. ഇറാനിലേക്ക് ഉരുളക്കിഴങ്ങ്, വാഴപ്പഴം, അരി എന്നിവയുമായി പോയ 1000-ത്തിലധികം പാകിസ്ഥാന്‍ കണ്ടെയ്‌നറുകളും തടസപ്പെട്ടു കിടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്ടെന്ന് കേടുവരുന്ന സാധനങ്ങള്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കുന്നതിനായി ബുധനാഴ്ച ഗാബ്ദ്-റിംദാന്‍ അതിര്‍ത്തി തുറന്നു. എന്നാല്‍, എല്‍പിജി ഇറക്കുമതി ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇറാനില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ക്വറ്റ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി തങ്ങളുടെ അംഗങ്ങളോട് നിര്‍ദ്ദേശിച്ചു.

അതിര്‍ത്തിയിലെ തടസങ്ങള്‍ തുടരുകയാണെങ്കില്‍, വിതരണത്തിലെ കുറവും വിലക്കയറ്റവും കൂടുതല്‍ വഷളായേക്കുമെന്ന് പാകിസ്ഥാന്‍ എല്‍പിജി അസോസിയേഷന്‍ ചെയര്‍മാന്‍ ഇര്‍ഫാന്‍ ഖോഖര്‍ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനില്‍ ഇപ്പോള്‍ തന്നെ എല്‍പിജി വ്യത്യസ്ത വിലകളിലാണ് വിറ്റഴിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാനില്‍ 12 കിലോ സിലിണ്ടറിന് ഏകദേശം 7,000 രൂപയും, ലാഹോറില്‍ 7,500 രൂപയും, സ്‌കാര്‍ഡുവില്‍ 8,200 രൂപയുമാണ് വിലയെന്ന് ഖോഖര്‍ വ്യക്തമാക്കി.

എല്‍പിജി വിലയിലുണ്ടാകുന്ന വര്‍ധനവ് മറ്റ് സാധനങ്ങളുടെ വിലയും ഉയരാന്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈത്യകാലം അടുത്തെത്തിയ സാഹചര്യത്തില്‍, വിതരണ തടസങ്ങള്‍ നീണ്ടുനിന്നാല്‍ അത് കൂടുതല്‍ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമോ എന്ന ആശങ്ക ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. അതിര്‍ത്തികള്‍ അടച്ചത് അയല്‍രാജ്യങ്ങളായ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന വ്യാപാര ബന്ധത്തിന് ഭീഷണിയാകുന്നു.

ഫെഡറേഷന്‍ ഓഫ് പാകിസ്ഥാന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്കനുസരിച്ച്, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാനും ഇറാനും തമ്മിലുള്ള വ്യാപാരം ഏകദേശം 2.8 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ പാകിസ്ഥാന്റെ കയറ്റുമതി ഏകദേശം 684 ദശലക്ഷം ഡോളര്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma