ഹൈദരാബാദിലേക്കുള്ള ലുഫ്താന്‍സ വിമാനത്തിന് ആകാശമധ്യേ ബോംബ് ഭീഷണി; ജര്‍മനിയിലേക്കു തിരിച്ചുപറന്നു
ഹൈദരാബാദ്: ആഗോള വ്യോമയാന മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അടുപ്പിച്ച് രണ്ട് ആകാശ ദുരന്തങ്ങള്‍ ഉണ്ടായതിന്റെ നടുക്കത്തിലാണ് ഇന്ത്യ. അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനവും ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടവും രാജ്യത്തിന്റെ വ്യോമയാന മേഖലയ്ക്കു തന്നെ വലിയ മുറിവേപിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ യാത്രക്കാരുടെ ആശങ്ക വര്‍ധിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ഞായറാഴ്ച്ച ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപറന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.14-നാണ് എല്‍എച്ച് 752 എന്ന വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനു ശേഷം ഭീഷണി സന്ദേശം ലഭിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനമാണ് ആകാശ മധ്യേ തിരിച്ചു പോയത്. ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ബോംബ് ഭീഷണി സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്ക് പുറത്തായിരിക്കെ ലഭിച്ച ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം ടേക്ക് ചെയ്ത സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. അപ്പോഴേക്കും യാത്ര പുറപ്പെട്ട് രണ്ട് മണിക്കൂര്‍ പിന്നിട്ടിരുന്നു. വിമാനം തിരിച്ചു പറക്കുകയാണെന്ന അറിയിപ്പ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് (എടിസി) കൈമാറുകയും ചെയ്തു.
അതേസമയം, ഹൈദരാബാദില്‍ ലാന്‍ഡിങ്ങിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്താന്‍സയുടെ ഔദ്യോഗിക പ്രസ്താവന. വിമാനം വൈകിട്ട് അഞ്ചരയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറങ്ങി. സംഭവത്തെക്കുറിച്ച് ഹൈദരാബാദ് വിമാനത്താവള അധികൃതരില്‍ നിന്ന് പ്രതികരണമെന്നും വന്നിട്ടില്ല.
വിമാന യാത്ര ഇന്നത്തേക്കു മാറ്റി. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയതായി ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദിലെ അമ്മയെ സന്ദര്‍ശിക്കാനായിരുന്നു ഇവര്‍ ജര്‍മനിയില്‍ നിന്ന് പുറപ്പെട്ടത്. വിമാനം ഹൈദരാബാദില്‍ ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നും ഇതേ വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ യാത്ര പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ സുരക്ഷ സംബന്ധിച്ച യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിനിടെയാണ് ബോംബ് ഭീഷണി പോലുള്ള പ്രശ്‌നങ്ങളും വര്‍ധിക്കുന്നത്.












Click it and Unblock the Notifications