ലുലു ഗ്രൂപ്പിന് യമണ്ടന്‍ പണി കൊടുത്ത് ഹാക്കർമാർ: 2 ലക്ഷം പേർ, പ്രതികരിച്ച് കമ്പനിയും
മലയാളികളുടെ അഭിമാനമായി മാറിയ വ്യവസായ സംരഭമാണ് ലുലു ഗ്രൂപ്പ്. ഗള്‍ഫ് നാടുകളില്‍ തുടങ്ങി ഇന്ന് ലോകത്തിന്റ വിവിധ കോണുകളില്‍ ലുലു തങ്ങളുടെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുന്ന ലുലുഗ്രൂപ്പും സ്ഥാപകന്‍ എംഎ യൂസഫ് അലിയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ്. എന്നാല്‍ ഇപ്പോഴിതാ ലുലു ഗ്രൂപ്പിനെ ലക്ഷ്യമിട്ടുകൊണ്ട് ഹാക്കർമാർ രംഗത്ത് വന്നിരിക്കുകയാണ്.
ലുലു മാളില്‍ വന്‍ ഡാറ്റാ ചോർച്ചയെന്നാണ് വാർത്ത. ഗള്‍ഫ് മേഖലയില്‍ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡാറ്റാ ബേസിലേക്ക് ഹാക്കർമാർ കടന്ന് കയറുവായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഡാർക്ക് വെബ് ഫോറങ്ങളിലെ സോളോ ഹാക്കറായ ഇൻ്റൽ ബ്രോക്കർ ലുലു മാർക്കറ്റിന്റെ ഡാറ്റാ ബേസിലേക്ക് കടന്ന് കയറി 196000 വ്യക്തികളുടെ വിവരം പ്രസിദ്ധപ്പെടുത്തിയത്.

ലുലു വിന്റെ എല്ലാ ഡാറ്റാ ബേസുകളിലേക്കും തങ്ങള്‍ കടന്ന് കയറിയിട്ടുണ്ടെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. 'ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ഓർഡറുകളും ഉൾപ്പെടെയുള്ള മുഴുവൻ ഡാറ്റാബേസും എൻ്റെ പക്കലുണ്ട്' വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഹാക്കർ വ്യക്തമാക്കിയതായി റിപ്പോർട്ടുകള്‍ പറയുന്നു. ആളുകളുടെ ഫോണ്‍നമ്പറും ഇമെയിലും സഹിതമാണ് ചോർന്നത്.
ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന ഡാറ്റ ട്രേഡ് ചെയ്യുന്നതിനുള്ള കുപ്രസിദ്ധ പ്ലാറ്റ്‌ഫോമായ ബ്രീച്ച്‌ഫോറത്തിലുടെയാണ് വിവരം ചോർന്ന കാര്യം പുറത്ത് വന്നിരിക്കുന്നത്. ലുലു മാർക്കറ്റിൻ്റെ മുഴുവൻ ഡാറ്റാബേസും കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഹാക്കർ കൂടുതൽ ചോർച്ചയെക്കുറിച്ച് സൂചന നൽകുകയും, സംഭവത്തിൻ്റെ തീവ്രതയും ലുലു ഹൈപ്പർമാർക്കറ്റിൻ്റെ പ്രശസ്തിക്കും പ്രവർത്തന സമഗ്രതയ്ക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള റീട്ടെയിൽ, വാണിജ്യ മേഖലകളെ തന്നെ ബാധിക്കുന്ന തരത്തിലുള്ള വിശാലമായ നീക്കമാണ് ലുലു ഹൈപ്പർമാർക്കറ്റിന് നേരേയും നടന്നിരിക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾ വലിയ അളവിലുള്ള ഉപഭോക്തൃ ഡാറ്റ കൈകാര്യം ചെയ്യുന്ന ഓർഗനൈസേഷനുകളെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്.
അടുത്തിടെ കനേഡിയൻ, സ്വീഡിഷ് സൂപ്പർമാർക്കറ്റ് ശൃംഖലകളെ കേന്ദ്രീകരിച്ചും സമാനമായ ആക്രമണം നടന്നിരുന്നു. ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ട്, യു എസ് ഫെഡറൽ ടെക്‌നോളജി കൺസൾട്ടിംഗ് സ്ഥാപനമായ അക്വിറ്റി എന്നിവ പോലുള്ള സ്ഥാപനങ്ങളില്‍ കടന്ന് കയറി വിവരം ചോർത്തിയിട്ടുള്ള ഹാക്കറാണ് ഇന്റല്‍ ബ്രോക്കർ.
സെൻസിറ്റീവ് വിവരങ്ങളിലേക്ക് അനധികൃത ആക്‌സസ് നേടുന്നതിന് ഡിജിറ്റൽ സംവിധാനങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളാണ് ഇവർ മുതലെടുക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് ആളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നതാണ് ഹൈപ്പർ മാർക്കറ്റുകള്‍ ലക്ഷ്യമിടാനുള്ള പ്രധാന കാരണം.
ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ ലംഘനം അംഗീകരിക്കുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് സൈബർ സെക്യുരിറ്റി ന്യസ് റിപ്പോർട്ട് ചെയ്യുന്നത്. ലംഘനത്തിൻ്റെ ആഘാതം ലഘൂകരിക്കാനും സൈബർ സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കാനും ഉടനടി നടപടികൾ സ്വീകരിക്കുന്നതായും കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി.
ഈ സംഭവത്തില്‍ ഉണ്ടായേക്കാവുന്ന അസൗകര്യത്തിലും ആശങ്കയിലും ഞങ്ങൾ ഖേദിക്കുന്നു. ഭാവിയിൽ ഇത്തരം ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങളുടെ ടീം അശ്രാന്ത പരിശ്രമത്തിലാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനമുണ്ടെങ്കിൽ അവരുടെ അക്കൗണ്ടുകൾ നിരീക്ഷിക്കാനും മുൻകരുതൽ നടപടിയായി പാസ്‌വേഡുകൾ മാറ്റാനും കമ്പനി ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications