മാനസികരോഗ്യ ചികിത്സയ്ക്ക് മാജിക് മഷ്റൂമും എംഡിഎംഎയും ഉപയോഗിക്കാം; നിയമവിധേയമാക്കി ഓസ്ട്രേലിയ
തിരുവനന്തപുരം: മാനസികരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി മാജിക് മഷ്റൂമും എംഡിഎംഎയും നിയമവിധേയമാക്കി ഓസ്ട്രേലിയ. ഇതാദ്യമായാണ് ലോകത്ത് ഒരു രാജ്യം സൈക്കഡെലിക്‌സിന്റെ ഉപയോഗം നിയമവിധേയമാക്കുന്നത്. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും.
രാജ്യത്തെ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ നടത്തിയ പരീക്ഷണങ്ങളിൽ മരുന്നിന്റെ നിയന്ത്രിത ഉപയോഗം അപകടരഹിതമാണെന്ന് കണ്ടെത്തിയിരുന്നു.അതേസമയം ലഹരിമരുന്നെന്ന നിലയിലുള്ള ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഉപയോഗത്തിന് മാത്രമാണ് അനുമതിയെന്നും തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്ട്രേഷൻ പത്രകുറിപ്പിൽ അറിയിച്ചു.

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ചികിത്സയ്ക്ക് എംഡിഎംഎ ഗുണം ചെയ്യും. സൈലോസിബിൻ വിഷാദരോഗ ചികിത്സയ്ക്കും സഹായിക്കുമെന്ന് മാനസികാരോഗ്യ ഗവേഷകൻ മൈക്ക് മസ്‌ക്കർ പറഞ്ഞു. എംഡിഎംഎയുടെ പരിമിതമായ ഉപഭോഗം ഡോക്ടർമാരുമായുള്ള അവരുടെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് നന്നായി ആശയവിനിമയം നടത്താൻ രോഗികളെ സഹായിക്കുമെന്ന് മൈക്ക് വിശദീകരിച്ചു. 'എംഡിഎംഎ വ്യക്തികളുമായി അടുപ്പം തോന്നാൻ ആളുകളെ സഹായിക്കും. ഈ സാഹചര്യത്തിൽ തങ്ങൾക്കുണ്ടാകുന്ന എത്ര മോശപ്പെട്ട അനുഭവങ്ങളും രോഗികൾ ഡോക്ടർമാരോട് തുറന്നുപറയാൻ തയ്യാറാകും', അദ്ദേഹം വ്യക്തമാക്കി.
കൂണിലെ സൈലോസിബിൻ രോഗികൾക്ക് മാനസിക-ആത്മീയ ഉൻമേഷം നൽകും. പരമ്പരാഗത മരുന്നുകളിൽ ഇത് ഉണ്ടാകില്ല. സൈലോസിബിൻ ഉപയോഗം രോഗികളെ ജീവിക്കാൻ പ്രേരിപ്പിക്കും', അദ്ദേഹം കൂട്ടിചേർത്തു. മാത്രമല്ല മാജിക് മഷ്റൂം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നിയന്ത്രിതമായ അളവില്‍ കൃത്യമായ മേല്‍നോട്ടം ഉറപ്പുവരുത്തി വേണം ഉപയോഗിക്കാനെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications