എച്ച്-1ബി വിസ ഫീസ് വര്‍ധന കരുതിയതു പോലല്ല; ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകുന്ന വിശദീകരണവുമായി യുഎസ്
വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ പ്രൊഫഷണലുകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അമേരിക്ക. ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തിയ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആശ്വാസമേകുന്നതാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യുഎസ്‌സിഐഎസ്) പുതിയ വിശദീകരണം.
കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്-1ബി വിസയ്ക്കുള്ള ഫീസ് 100000 ഡോളറായി (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 88 ലക്ഷം) ഉയര്‍ത്തി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 21 മുതലാണ് ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. പുതിയ മാര്‍ഗ നിര്‍ദേശപ്രകാരം ആരൊക്കെയാണ് ഫീസ് അടക്കേണ്ടതെന്നും, തൊഴിലുടമകള്‍ക്ക് എങ്ങനെ ഇളവുകള്‍ നേടാമെന്നും ഫീസ് എന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം സെപ്റ്റംബര്‍ 21 നോ അതിനു ശേഷമോ ഫയല്‍ ചെയ്ത പുതിയ എച്ച്-1ബി അപേക്ഷകള്‍ക്കാണ് ഒരു ലക്ഷം ഡോളര്‍ ഫീസ് ചുമത്തുക. നിലവിലുള്ള എച്ച്-1ബി വിസ ഉടമകള്‍ക്കും വിസ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഫ്-1 സ്റ്റുഡന്റ് വിസ ഉടമകള്‍ക്കും കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഫീസ് വര്‍ധന ബാധകമല്ല. സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12 മണിക്ക് മുമ്പ് ഫയല്‍ ചെയ്ത അപേക്ഷകള്‍ക്കും ഫീസ് ബാധകമല്ലെന്ന് യുഎസ്‌സിഐഎസ് വ്യക്തമാക്കി. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്-1ബി വിസയിലേക്ക് മാറുന്നതിന് പുതിയ ഫീസ് നല്‍കേണ്ടതില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
പ്രസിഡന്റിന്റെ ഉത്തരവ് നിലവിലുള്ള എച്ച്-1ബി വിസ ഉടമകളെ യുഎസിനു പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം സാധുവായ എച്ച്-1ബി വിസ ഇല്ലാതെ അമേരിക്കയിലെത്തിയ വിദേശ തൊഴിലാളികള്‍ക്ക് ഈ ഫീസ് വര്‍ധന ബാധകമാണ്.
അമേരിക്കയുടെ പുതിയ പ്രഖ്യാപനം നിരവധി ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും അവരെ സ്‌പോണ്‍സര്‍ ചെയ്യുന്ന അമേരിക്കന്‍ കമ്പനികളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ഈ വിഷയത്തിലുള്ള ആശയക്കുഴപ്പം നീങ്ങിയത്.
സമീപകാലത്ത് അനുവദിച്ച എച്ച്-1ബി വിസകളില്‍ 71 ശതമാനവും ഇന്ത്യക്കാരായിരുന്നു. ഇവരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അമേരിക്കയിലെ വലിയ കമ്പനികളാണ്. ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് കേസും ഫയല്‍ ചെയ്തു.
എച്ച്-1ബി പദവി നേടിയ, ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ഓരോ വര്‍ഷവും അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കോടതിയില്‍ വാദിച്ചിരുന്നു. ഈ നയം നിയമവിരുദ്ധമാണെന്നും അമേരിക്കയിലെ ചെറുകിട ഇടത്തരം ബിസിനസുകളെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണിപ്പോള്‍ വിശദീകരണക്കുറിപ്പ് ഇറങ്ങിയിരിക്കുന്നത്.
നിലവില്‍ എച്ച്-ബി വിസയില്‍ മൂന്നു ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയില്‍ ഉള്ളത്. ഭൂരിഭാഗവും സാങ്കേതിക, സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പുതിയ ഫീസ് ബാധകമാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസ ഉള്ളത് ചൈനക്കാര്‍ക്കാണ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം വരെ അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് എച്ച്-ബി വിസ.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായാണ് എച്ച്-1ബി വിസകള്‍ക്കുള്ള ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയത്. വിദേശികളെ ഒഴിവാക്കുന്നതിനും അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.












Click it and Unblock the Notifications