നോത്രദാം പളളിയില്‍ വന്‍ തീപിടുത്തം! പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു
Recommended Video
പാരീസ്: ഫ്രാന്‍സിലെ ലോകപ്രശസ്തമായ നോത്രദാം പളളിയില്‍ വന്‍ തീപിടുത്തം. 850 വര്‍ഷം പഴക്കമുളള ചരിത്രപ്രധാനമായ പളളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും തീപിടുത്തത്തിൽ പൂര്‍ണമായും കത്തി നശിച്ചു എന്നാണ് റിപ്പോർട്ടുകൾ. തീപിടുത്തം മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്. 400ലധികം അഗ്നിശമനാ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് തീയണച്ചത്. പളളിയുടെ പ്രധാന കെട്ടിടത്തിലേക്കും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളിലേക്കും തീ പടരാതെ തടയാന്‍ സാധിച്ചു.
നോത്രദാം പളളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയായിരുന്നു. അതിനിടെയാണ് തീ പിടിത്തമുണ്ടായത്. മേല്‍ക്കൂരയില്‍ നിന്നും ആരംഭിച്ച തീ പ്രധാന ഗോപുരത്തിലേക്ക് അതിവേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച നോത്രദാം കത്തീഡ്രലില്‍ അമൂല്യമായ പല വസ്തുക്കളും സൂക്ഷിക്കുന്നുണ്ട്. പ്രധാനമായും ക്രിസ്തുമതത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിശുദ്ധ വസ്തുക്കളാണ് പളളിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ക്രിസ്തുവിനെ തൂക്കിലേറ്റിയ മരക്കുരിശിന്റെ ഒരു ഭാഗം, മരണസമയത്ത് യേശു ധരിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം, യേശുവിനെ കുരിശില്‍ തറയ്ക്കാന്‍ ഉപയോഗിച്ച ആണി എന്നിവ അടക്കമുളള അമൂല്യ വസ്തുക്കള്‍ നോത്രദാം പളളിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വിശുദ്ധ വസ്തുക്കള്‍ക്കൊന്നും തീ പിടുത്തത്തില്‍ യാതൊരു വിധത്തിലുളള കേടുപാടും സംഭവിച്ചിട്ടില്ല എന്ന് പാരീസ് മേയര്‍ വ്യക്തമാക്കി. തീപിടുത്തത്തില്‍ നശിച്ച പളളിയുടെ ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. പന്ത്രണാം നൂറ്റാണ്ടിന്റെ പകുതിയിലാണ് പാരീസില്‍ നോത്രദാം പളളി പണി കഴിപ്പിച്ചത്. 200 വര്‍ഷം നീണ്ടിരുന്നു ഈ പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. രണ്ട് ലോകമഹായുദ്ധങ്ങളേയും ഫ്രഞ്ച് വിപ്ലവ കാലത്തെ അക്രമങ്ങളേയും അതിജീവിച്ച ചരിത്രമാണ് നോത്രദാം പളളിയുടേത്.
ബി ജെ പി vs ഐ എൻ സി vs സി പി എം ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക












Click it and Unblock the Notifications