ലണ്ടനിൽ മലയാളി റസ്റ്ററന്‍റ് ജീവനക്കാരിക്ക് കുത്തേറ്റു ; ആക്രമിച്ചത് ഇന്ത്യൻ പൗരൻ
ലണ്ടൻ: റസ്‌റ്ററന്‍റ് ജീവനക്കാരിയായ മലയാളി യുവതിക്ക് കുത്തേറ്റു. ഈസ്റ്റ്ഹാമിലെ ബാര്‍ക്കിംഗ് റോഡിലാണ് സംഭവം നടന്നത്. ഇന്ത്യക്കാരനായ യുവാവാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന പ്രദേശം ആണിത്. ആക്രമണത്തിന്റെ ഞെട്ടലിലാണ് ലണ്ടനിലെ മലയാളികൾ.
കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇന്ത്യൻ റസ്റ്ററന്‍റിലെ ജീവനക്കാരിയായ മലയാളി യുവതിയെ ബലമായി കീഴ്‌പെടുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നിരവധി തവണയാണ് യുവതിയെ യുവാവ് കുത്തിപരിക്കേൽപിച്ചത്.

ആക്രമണം തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെയും അക്രമി കത്തി വീശി. പേടിച്ച് ഹോട്ടൽ ജീവനക്കാർ പിന്മാറിയതോടെ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം നടത്തുകയായിരുന്നു. പ്രതി പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞ് ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മെട്രോപൊലിറ്റൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയിട്ടുണ്ട്. യുവാവ് ജീവനക്കാരിയെ ആക്രമിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതി തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ ചികിത്സയിലുള്ളത്.












Click it and Unblock the Notifications