യു.കെയില്‍ മലയാളി ബിഷപ്പിനെതിരേ ലൈംഗിക ആരോപണവുമായി വനിതാ ബിഷപ്പ്; നിഷേധിച്ചതിനു പിന്നാലെ രാജിയും
ലണ്ടന്‍: യു.കെയില്‍ മലയാളി ബിഷപ്പിനെതിരേ ലൈംഗിക ആരോപണവുമായി വനിത ബിഷപ്പ് ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ രംഗത്ത്. ലിവര്‍പൂള്‍ ബിഷപ്പും വയനാട് മാനന്തവാടി സ്വദേശിയുമായ ഡോ. ജോണ്‍ പെരുമ്പളത്തിനെതിരേയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
'ദി ഗാര്‍ഡിയന്‍', 'റോയിട്ടേഴ്‌സ്', 'ബിബിസി' അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് മലയാളി ബിഷപ്പിനെതിരേയുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് സ്ഥാനം രാജിവച്ചു.

യു.കെയിലെ പ്രമുഖ ന്യൂസ് ചാനലായ 'ചാനല്‍ 4 ന്യൂസിലാണ്' വാറിങ്ടണ്‍ രൂപതയുടെ വനിതാ ബിഷപ്പ് ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി വനിതാ ബിഷപ്പ് ആരോപിച്ചപ്പോള്‍ സമ്മതമില്ലാതെ ബിഷപ്പ് തന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്തതായാണ് രണ്ടാമത്തെ സ്ത്രീയുടെ ആരോപണമെന്ന് ചാനല്‍ 4 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2019 നും 2023 നും ഇടയിലുള്ള കാലയളവിലാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം ഉണ്ടാകുന്നത്. ഈ കാലയളവില്‍ ബ്രാഡ്വെല്‍ രൂപതയുടെ ബിഷപ്പായിരുന്നു ഇദ്ദേഹം. 2001ലാണ് ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് ഇംഗ്ലണ്ടിലെത്തിയത്.
അടുത്തിടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ മേലധ്യക്ഷനും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പുമായ ജസ്റ്റിന്‍ വെല്‍ബി മറ്റൊരു വിവാദത്തില്‍ അകപ്പെട്ട് രാജിവെച്ചിരുന്നു. മൂന്നു മാസത്തിനുള്ളിലാണ് ബിഷപ്പായ പെരുമ്പളത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഉയരുന്നത്. രണ്ട് ബിഷപ്പുമാര്‍ വിവാദത്തില്‍പെട്ട് രാജിവച്ചത് സഭയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ്.
അതേസമയം, തനിക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ബിഷപ്പ് നിഷേധിച്ചു. ദേശീയ സുരക്ഷാ സംഘത്തിന്റെ അന്വേഷണവുമായി താന്‍ സഹകരിച്ചതായി ബിഷപ്പ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ അനുഭവങ്ങളിലൂടെ, എന്റെ പെരുമാറ്റം മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തും എന്നത് സംബന്ധിച്ച് താന്‍ പല പാഠങ്ങളും പഠിച്ചതായി അദ്ദേഹം പ്രതികരിച്ചു. 'മാധ്യമ വിചാരണയാണ് നടക്കുന്നത്. എന്റെയും എന്റെ രൂപതയുടെയും ക്ഷേമത്തിനും താല്‍പ്പര്യങ്ങള്‍ക്കും വേണ്ടിയാണ് സജീവ ശുശ്രൂഷയില്‍ നിന്ന് വിരമിക്കുന്നത്'. അതേസമയം, പൊലീസ് ആരോപണങ്ങളിന്‍മേല്‍ അന്വേഷണം നടത്തിയെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ലോകമെമ്പാടും 85 ദശലക്ഷം വിശ്വാസികളുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബ്രിട്ടന്റെ ഔദ്യോഗിക സഭയാണ്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുള്ള കിരീടാവകാശികളെ വാഴിക്കുന്നത് സഭയുടെ മേലധ്യക്ഷനായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരിസഭയിലും ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ സഭയിലെ മറ്റ് 25 ബിഷപ്പുമാര്‍ക്കും ആര്‍ച്ച് ബിഷപ്പുമാര്‍ക്കും ഹൗസ് ഓഫ് ലോര്‍ഡ്സില്‍ വോട്ടവകാശമുണ്ട്.












Click it and Unblock the Notifications