വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...
ബുധനാഴ്ച വൈകീട്ട് വരെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന ഇവരെ വ്യാഴാഴ്ച മുതലാണ് കാണാതായത്.
കാലിഫോർണിയ: അമേരിക്കയിൽ വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി. കൊച്ചി സ്വദേശിനി സൗമ്യ(38), ഭർത്താവ് സൂറത്ത് സ്വദേശി സന്ദീപ് തോട്ടപ്പിള്ളി(42), മക്കളായ സിദ്ധാന്ത്(12) , സാച്ചി(ഒമ്പത്) എന്നിവരെയാണ് ഏപ്രിൽ അഞ്ച് വ്യാഴാഴ്ച മുതൽ കാണാതായത്.
അമേരിക്കയിൽ സ്ഥിരതാമസക്കാരായ നാലംഗ കുടുംബം ഒറിഗോണിൽ നിന്നും കാലിഫോർണിയയിലെ സാൻജോസിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. ബുധനാഴ്ച വൈകീട്ട് വരെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന ഇവരെ വ്യാഴാഴ്ച മുതലാണ് കാണാതായത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും നാലംഗ കുടുംബത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

അമേരിക്കയിൽ...
സൂറത്തിൽ നിന്നുള്ള സന്ദീപ് തോട്ടപ്പിള്ളിയും ഭാര്യ സൗമ്യയും രണ്ട് മക്കളും വർഷങ്ങളായി അമേരിക്കയിലാണ് താമസം. യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളിയും കടുംബവും ഒറിഗോണിലെ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് താമസസ്ഥലത്ത് നിന്നും യാത്രതിരിച്ചത്. തുടർന്ന് ഒറിഗോണിലെത്തി കാലിഫോർണിയയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരെ കാണാതായത്. 7MMX138 എന്ന നമ്പറിലുള്ള മറൂൺ ഹോണ്ട പൈലറ്റ് കാറിലായിരുന്നു ഇവരുടെ യാത്ര. എന്നാൽ വ്യാഴാഴ്ച മുതൽ സന്ദീപിന്റെ കുടുംബത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

സോഷ്യൽ മീഡിയയിൽ...
പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ അവസാന ലൊക്കേഷൻ വടക്കൻ കാലിഫോർണിയയിലെ ക്ലാമത്താണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ സ്ഥലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും നാലംഗ കുടുംബത്തെ കണ്ടെത്താനായില്ല. കാറിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് ഇതുവരെ അന്വേഷണം നടത്തിയിരുന്നത്. അതേസമയം, കാണാതായ നാലംഗ കുടുംബത്തെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യക്കാർ ഒന്നടങ്കം രംഗത്തെത്തി. കാണാതായവരുടെ ഫോട്ടോ സഹിതമുള്ള പോസ്റ്റുകളും ഇവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സന്ദീപിന്റെ പിതാവ് ബാബു സുബ്രഹ്മണ്യവും രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയോടും...
മകനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബാബു സുബ്രഹ്മണ്യം യൂണിയൻ ബാങ്ക് അധികൃതരോട് അഭ്യർത്ഥിച്ചു. ഇക്കാര്യം അദ്ദേഹം യൂണിയൻ ബാങ്കിന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തു. സംഭവത്തിൽ സഹായം അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും അദ്ദേഹം സമീപിച്ചു. അമേരിക്കൻ ഭരണകൂടവുമായി ബന്ധപ്പെട്ട് മകനെയും കുടുംബത്തെയും എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് ബാബു സുബ്രഹ്മണ്യം സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, സന്ദീപ് തോട്ടപ്പിള്ളിയിയെയും കുടുംബത്തെയും കണ്ടെത്താൻ വേണ്ടി അമേരിക്കയിലെ വിവിധ ഇന്ത്യൻ കൂട്ടായ്മകളും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കാണാതായവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയയിലെ താരമായ സ്പർഷ് ഷാ എന്ന ഇന്ത്യൻ ബാലനും കഴിഞ്ഞദിവസം ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. തന്റെ കൂട്ടുകാരനെയും അവന്റെ സഹോദരിയെയും മാതാപിതാക്കളെയും കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നായിരുന്നു സ്പർഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications