ഒടുവില്‍ അതും സംഭവിച്ചു, യുഎസില്‍ യുവാവ് പോലീസ് നായയെ കടിച്ചു, സംഭവം അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍
കൂട്ടിയിട്ട തുണികള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് നായ കണ്ടുപിടിക്കുമെന്ന് ഉറപ്പായതോടെയാണ് ഇയാള്‍ കടിച്ചത്
ഹൂസ്റ്റണ്‍: നായ മനുഷ്യനെ കടിച്ചാല്‍ അത് വാര്‍ത്തയല്ല. എന്നാല്‍ മനുഷ്യന്‍ നായയെ കടിച്ചാലോ. അത് ഗംഭീര വാര്‍ത്ത തന്നെയാണ്. മാധ്യമപ്രവര്‍ത്തനം പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യം പഠിക്കുന്ന കാര്യം ഇതാണ്. അത്തരമൊരു സംഭവം ശരിക്കും നടന്നിരിക്കുകയാണ്. ഇവിടെയല്ല അങ്ങ് അമേരിക്കയിലാണ് സംഭവം നടന്നിരിക്കുന്നത്.

പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പോലീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന നായയെ കടിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂഹാംപ്ഷയറിലെ ബോസ്‌കേവനില്‍ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. ഇവിടെ താമസിക്കുന്ന രണ്ടുപേര്‍ക്കെതിരേ നേരത്തെ തന്നെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ കൂടിയാണ് പോലീസ് ഇവിടെയെത്തിയത്. ഇവരോട് വീട്ടിന് പുറത്തേക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായില്ല.

പോലീസ് നിലപാട് കടുപ്പിച്ചതോടെ ഇരുവരും വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. ഇതോടെ പോലീസ് വീട്ടിനകത്ത് തിരച്ചില്‍ ആരംഭിച്ചു. കൂട്ടിയിട്ട തുണികള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന ഒരു പ്രതിയെ വേദ എന്ന പോലീസ് നായ കണ്ടുപിടിക്കുമെന്ന് ഉറപ്പായതോടെയാണ് ഇയാള്‍ കടിച്ചത്. ഇയാള്‍ നായയുടെ കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കാണ് കടിച്ചത്. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
യുവാവിനെതിരെ നായയെ കടിച്ചതിനും അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ് വേറെയുമുണ്ട്. അതേസമയം ഇയാളുടെ കടിയേറ്റ നായ പ്രാഥമിക ചികിത്സ ശേഷം സുഖംപ്രാപിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications