ഡിന്നര്‍ കഴിക്കുന്നതിനിടെ വിമാനത്തിന്റെ ഭാഗം തലയില്‍ വന്നിടിച്ചു; വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാഷിങ്ടണ്‍: ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേല്‍ക്കൂര ഇടിഞ്ഞുവീണും ഫാന്‍ ഇളകി വീണുമൊക്കെ പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗം തെറിച്ചുവീണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവം അപൂര്‍വമാണ്. അങ്ങനെയൊരു അത്യപൂര്‍വ സംഭവം ഉണ്ടായത് അമേരിക്കയിലാണ്.
റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികനാണ് വിമാനത്തിന്റെ ലോഹഭാഗം തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. അരക്കിലോമീറ്ററോളം അകലെ തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗമാണ് ഇത്രയും ദൂരേക്ക് തെറിച്ചു വീണത് എന്നറിയുമ്പോഴാണ് അപകടത്തിന്റെ വ്യാപ്തി വ്യക്തമാകുക.

പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമെന്നാണ് അവിടെയുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍ ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന 16 സെക്കന്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ നടുക്കം കമന്റായി രേഖപ്പെടുത്തുന്നത്.
അമേരിക്കയെ നടുക്കി രണ്ട് വ്യോമയാന ദുരന്തങ്ങളാണ് കഴിഞ്ഞയാഴ്ച്ച ഉണ്ടായത്. ബുധനാഴ്ച്ച യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേരാണ് കൊല്ലപ്പെട്ടത്. അതിനു തൊട്ടുപിന്നാലെ ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണ് അപകടമുണ്ടായിരുന്നു. ആറു പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. രോഗിയുമായി പോയ എയര്‍ ആംബുലന്‍സാണ് തകര്‍ന്നത്.
ഈ ചെറുവിമാനത്തിന്റെ ലോഹഭാഗമാണ് തെറിച്ച് റസ്റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാനായി ഇരുന്ന വയോധികന്റെ തലയില്‍വന്നു പതിച്ച് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ തൊപ്പി തെറിച്ച് പോകുന്നതും ഒരു വശത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. തലയില്‍ കൈവച്ചാണ് അദ്ദേഹം വീഴുന്നത്. അപ്രതീക്ഷിതമായുണ്ടായ സംഭവം ആക്രമണമെന്നാണ് അവിടെയുണ്ടായിരുന്നവര്‍ കരുതിയത്. പലരും മേശയ്ക്കടിയിലും മറ്റുമായി ഒളിച്ചു.
'ഞങ്ങളെല്ലാവരും ഭയന്നുപോയി. അദ്ദേഹത്തിന്റെ തലയില്‍ നിന്ന് ഏറെ രക്തം പോയി. എങ്കിലും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. അദ്ദേഹം സുഖമായിരിക്കുന്നതായി റസ്റ്റോറന്റ് മാനേജര്‍ അയ്ഹാന്‍ തിര്‌യാക്കി അമേരിക്കന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഫിലാഡല്‍ഫിയയിലെ അപകടം ശനിയാഴ്ചയാണുണ്ടായത്. ഇരട്ട എഞ്ചിന്‍ വിമാനമാണ് തകര്‍ന്നുവീണത്. വിമാനം തകര്‍ന്നുവീണതോടെ തീഗോളമായി ആളിക്കത്തി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്കാണ് ചെറുവിമാനത്തിന്റെ ഭാഗങ്ങള്‍ വന്നുപതിച്ചത്.












Click it and Unblock the Notifications